Breaking News

കൂഡ്‌ലു സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി എടുത്താല്‍ സിപിഎം അതിന്റെ ഭവിഷ്യത്ത് നേരിടേണ്ടി വരും: രവീശ തന്ത്രി കുണ്ടാര്‍


പ്രാണപ്രതിഷ്ഠയ്ക്ക് അവധി നല്‍കിയതിന്റെ പേരില്‍ കൂഡ്‌ലു ഗോപാലകൃഷ്ണ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന അപലപനീയവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ഇടത് മുന്നണി സര്‍ക്കാരുകളുടെയും ഹിന്ദുവിരുദ്ധ മനോഭാവത്തിന്റെ ഒടുവിലത്തെ ഉദാഹരണവുമാണെന്ന് ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് രവീശതന്ത്രി കുണ്ടാര്‍ പറഞ്ഞു. പ്രധാനാധ്യാപകന്റെ ശമ്പളം ബിജെപി പാര്‍ട്ടി ഓഫീസില്‍ നിന്നും നല്‍കുന്നതല്ലെന്ന പ്രസ്താവന പതിറ്റാണ്ടുകളായി വളരെ മാതൃകാപരമായി വിദ്യാഭ്യാസസ്ഥാപനം നടത്തി കൊണ്ട് പോകുന്ന മാനേജ്‌മെന്റിനെ അപമാനിക്കലാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബജറ്റ് അവതരണ വേളയില്‍ ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള ഇടതുപക്ഷ എം.എല്‍.എ പൊതുമുതല്‍ നശിപ്പിക്കുന്നത് ജനങ്ങള്‍ കണ്ടതാണ്. എകെജി സെന്ററില്‍ നിന്നുള്ള പണം കൊണ്ടല്ല അവ നിര്‍മ്മിച്ചതെന്ന് ശിവന്‍കുട്ടിയും ഓര്‍ക്കണം. ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റ്, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അടക്കം അന്ന് ഭാഗിക അവധി നല്‍കുകയുണ്ടായി. ഹിന്ദുമതസ്ഥരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു സംഭവമായിരുന്നു പ്രാണപ്രതിഷ്ഠ. അതുകൊണ്ട് അന്നത്തെ ദിവസം അവധി നല്‍കിയതില്‍ ഒരു തെറ്റുമില്ല. നവകേരള സദസ്സിനു വേദി ഒരുക്കിയ സ്‌കൂളുകള്‍ക്ക് അവധി നല്‍കാനും സ്‌കൂള്‍ മതിലുകള്‍ പൊളിക്കാനും ഒന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മടി ഇല്ലെന്നും സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി എടുത്താല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നും രവീശ തന്തി കുണ്ടാര്‍ കൂട്ടിച്ചേര്‍ത്തു.


No comments