കാട്ടാന ശല്യം തടയാൻ ഈസ്റ്റ് എളേരി പഞ്ചായത്തിലെ വനാതിർത്തികളിൽ സൗരോർജവേലി സ്ഥാപിക്കും
ചിറ്റാരിക്കാൽ : കാട്ടാന ശല്യം തടയാൻ ഈസ്റ്റ് എളേരി പഞ്ചായത്തിലെ വനാതിർത്തികളിൽ സൗരോർജവേലി സ്ഥാപിക്കാൻ പഞ്ചായത്തിൽ ചേർന്ന അവലോകനയോഗത്തിൽ തീരുമാനമായി. ഈസ്റ്റ് എളേരി പഞ്ചായത്തിലെ കിഴക്കുഭാഗം കർണാടക വനത്തോട് തൊട്ടുകിടക്കുന്നുണ്ട്.
മീനംചേരി, ബായിക്കാനം, കൂട്ടക്കുഴി , പാലാവയൽ, ഓടക്കൊല്ലി തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടാനശല്യം ഉണ്ടാകാറുണ്ട്. തുടർന്നാണ് യോഗം വിളിച്ചത്. മീനംചേരി മുതൽ ബായിക്കാനംവരെയുള്ള മൂന്ന് കി.മി.ദൂരത്തിലും, ഓടപ്പള്ളി - പാലാവയൽ വരെയുള്ള 750 മീറ്റർ ഭാഗത്തും സൗരോർജവേലി സ്ഥാപിക്കാൻ അനുമതിയായിട്ടുണ്ടെന്നും ഓടപ്പള്ളി-ഓടക്കൊല്ലി ഭാഗത്ത് ഒരു കിലോമീറ്റർ നീളത്തിൽ വേലി സ്ഥാപിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചിട്ടുള്ളതായും ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ എ.പി.ശ്രീജിത്ത് യോഗത്തിൽ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി യോഗം ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.കെ.മോഹനൻ, മേഴ്സി മാണി, കർഷകസംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
No comments