Breaking News

മാസപ്പടി; എസ്എഫ്‌ഐഒ പോര, സിബിഐ വരട്ടെയെന്ന് കെ സുധാകരന്‍




കൊല്ലം: വിദ്യാസമ്പന്നമായ കൊച്ചു കേരളത്തില്‍ അഴിമതിക്കാരനായ മുഖ്യമന്ത്രിക്ക് തുടരാന്‍ അവകാശമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ആത്മാഭിമാനമുണ്ടെങ്കില്‍ രാജിവെച്ച് പുറത്ത് പോകണം. എക്‌സാലോജിക് ഉടമ വീണാ വിജയനെതിരായ മാസപ്പടി ആരോപണത്തില്‍ സിബിഐ അന്വേഷണം വേണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കെപിപിസി കോടതിയെ സമീപിക്കുമെന്നും മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയുടെ എല്ലാ പിന്തുണയും കെപിസിസിക്ക് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുധാകരന്‍ കെല്ലത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


'എസ്എഫ്‌ഐഒയുടെ അന്വേഷണത്തിന് ഇത്രയും വലിയ അഴിമതിയുടെ അടിവേര് കണ്ടെത്താനാകില്ല. എട്ട് മാസത്തെ കാലാവധി നല്‍കിയതിലൂടെ അന്വേഷണം അനന്തമായി നീട്ടാനാണ് പദ്ധതി. സിപിഐഎം-ബിജെപി അന്തര്‍ധാര സജീവമായി നില്‍ക്കുന്ന സാഹചര്യത്തില്‍ ശക്തമായ അന്വേഷണം ഉണ്ടാകണം. ഒരു വക അന്വേഷണ ഏജന്‍സിയൊന്നും മുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കില്ല. ബിജെപിയുമായി ബന്ധപ്പെട്ടാണ് ഈ ആരോപണം കിടക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ തൂക്കി നോക്കുമ്പോള്‍ ഒരു ഭാഗത്ത് ബിജെപിയും മറുഭാഗത്ത് ഇടതുപക്ഷവുമാണ്. എന്ത് തീരുമാനമെടുക്കുമെന്ന ആശങ്കയും സംശയവും ഉദ്യോഗസ്ഥര്‍ക്കുമുണ്ടാവും. സ്വാഭാവികം.' കെ സുധാകരന്‍ പറഞ്ഞു.

No comments