Breaking News

കുട്ടീസ് റേഡിയോ എടത്തോട് സ്ക്കൂളിൻ്റെ 'ചങ്ങാതിക്കൂട്ടം' നൂറാം എപ്പിസോഡ് നിറവിലേക്ക്


പരപ്പ : എടത്തോട് ശാന്താ വേണുഗോപാൽ മെമ്മോറിയൽ ഗവ. യു. പി. സ്കൂളിലെ കുട്ടീസ് റേഡിയോ ചങ്ങാതിക്കൂട്ടം നൂറാം എപ്പിസോഡ് നിറവിലേക്ക് കടക്കുകയാണ് . കുട്ടികളുടെ സർഗാത്മക കഴിവുകൾ  അവതരിപ്പിക്കാനും, പ്രോത്സാഹിപ്പിക്കാനും ചങ്ങാതിക്കൂട്ടം റേഡിയോ അവസരം ഒരുക്കുന്നു.2023-24 അധ്യയനവർഷത്തിൽ തുടക്കം മുതൽക്കു തന്നെ ചങ്ങാതിക്കൂട്ടത്തിന്റെ സംപ്രേഷണം ആരംഭിച്ചു. കുട്ടികൾ തന്നെ RJ മാരായും  അവതാരകരായും എത്തുന്നു. കഥകൾ  , കവിതകൾ  ,  കടംകഥകൾ , ശാസ്ത്രകൗതുകങ്ങൾ - വിശേഷങ്ങൾ , സ്കിറ്റുകൾ , ആനുകാലിക വിവരങ്ങൾ , വാർത്തവിശേഷങ്ങൾ തുടങ്ങിയവ റേഡിയോയിലൂടെ കുട്ടികളിലേക്ക് എത്തിക്കുന്നു. കൂടാതെ ആഴ്ചയിലൊരിക്കൽ കഥയ്ക്ക് പേരുനൽകാം   , ക്വിസ് ചോദ്യമത്സരം തുടങ്ങിയവ അവതരിപ്പിക്കുകയും സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള ചങ്ങാതിക്കൂട്ടം ക്വിസ് ബോക്സിൽ കുട്ടികൾ ഉത്തരം എഴുതിയിടുന്നു. ശരിയുത്തരം നറുക്കിട്ടെടുത്ത്  വിജയിക്ക് സമ്മാനം നൽകുകയും ചെയ്യുന്ന ഈ പരിപാടി കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ളതാണ്. ആഴ്ചയിലൊരിക്കൽ ഇംഗ്ലീഷ് , ഹിന്ദി ഭാഷകളിലും  റേഡിയോ സംപ്രേഷണം ചെയ്യുന്നുണ്ട്.സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ സ്റ്റുഡിയോയിൽ വെച്ചാണ് റേഡിയോ സംപ്രേഷണം ചെയ്യുന്നത്. ഓരോ ക്ലാസ് മുറികളിലും സ്ഥാപിച്ചിട്ടുള്ള സൗണ്ട് സ്പീക്കറിലൂടെ റേഡിയോ പരിപാടികൾ കുട്ടികളുടെ കാതുകളിലേക്ക് എത്തുന്നു. ക്ലാസ് പ്രവർത്തനസമയം നഷ്ടമാക്കാതെ രാവിലെ 9.45 മുതൽ പരമാവധി 15 മിനിറ്റ് നേരം റേഡിയോ പ്രക്ഷേപണം ചെയ്യുന്നു.നൂറാം എപ്പിസോഡിലേക്ക് കടക്കുന്ന ചങ്ങാതിക്കൂട്ടം റേഡിയോയ്ക്ക് സിനിമാതാരങ്ങൾ, സാഹിത്യകാരൻമാർ, തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ഇതിനോടകം ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ചങ്ങാതിക്കൂട്ടത്തിന്റെ നൂറാം എപ്പിസോഡ് വിപുലമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് എടത്തോട് ശാന്താ വേണുഗോപാൽ മെമ്മോറിയൽ ഗവ. യു. പി. സ്കൂൾ.

No comments