Breaking News

കാസർകോടേക്ക് സ്ഥലം മാറ്റി, ജോയിൻ ചെയ്തതിന് പിന്നാലെ കെഎസ്ആർടിസി കണ്ടക്ടർ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ


കോഴിക്കോട്:  കെഎസ്ആര്‍ടിസി കണ്ടക്ടറെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബാലുശ്ശേരി നരയംകുളം മൂലാട് തണ്ടപ്പുറത്തുമ്മല്‍ ഗോപാലന്‍കുട്ടിനായരുടെ മകന്‍ അനീഷിനെ(41) ആണ് കോഴിക്കോട് ശ്രീകണ്‌ഠേശ്വരക്ഷേത്രത്തിനു സമീപത്തെ സ്വകാര്യ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കോഴിക്കോട് നിന്ന് കാസര്‍കോട് ഡിപ്പോയിലേക്ക് സ്ഥലംമാറ്റം ലഭിച്ച അനീഷ് പുതിയ ഡിപ്പോയിലെത്തി ജോലിയില്‍ പ്രവേശിച്ചതിന് ശേഷം കഴിഞ്ഞ ദിവസം വീട്ടിലെത്തിയിരുന്നു. തിങ്കളാഴ്ച ഭാര്യ വിജിനയുമൊത്ത് ബാലുശ്ശേരിയിലെ ബാങ്കില്‍ പോയി. എന്നാല്‍ അതിന് ശേഷം വിജനയെ വീട്ടിലേക്ക് പറഞ്ഞയച്ച് ഒറ്റക്ക് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് കോഴിക്കോട്  ലോഡ്ജില്‍ മുറിയെടുത്തത്. വീട്ടില്‍ തിരിച്ചെത്താതിരുന്നതിനാല്‍ ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച്ഓഫ് ആയിരുന്നു.

സഹപ്രവര്‍ത്തകരും ബന്ധുക്കളും നടത്തിയ അന്വേഷണത്തില്‍ അനീഷ് മുറിയെടുത്തതായി മനസ്സിലായി. ലോഡ്ജിലെ വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് പൊലീസ് എത്തി ചവിട്ടിപ്പൊളിക്കുകയായിരുന്നു. രോഗിയായ പിതാവ് വീട്ടിലുള്ളതിനാല്‍ മുമ്പും ട്രാന്‍സ്ഫര്‍ ലഭിച്ചപ്പോള്‍ ജോലിക്കുപോകാന്‍ അനീഷ് വിമുഖത കാണിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. തൊട്ടില്‍പ്പാലത്തേക്ക് സ്ഥലംമാറ്റം ലഭിച്ചതിനെത്തുടര്‍ന്ന് രണ്ടുവര്‍ഷത്തോളം ജോലിക്കുപോയിരുന്നില്ല. പിതാവ്: ഗോപാലന്‍. മാതാവ്: പരേതയായ ലക്ഷ്മി, അനീഷിന് ഒന്നരവയസ്സുകാരിയായ മകളും എട്ടുവയസ്സുള്ള മകനുമുണ്ട്. 

No comments