Breaking News

കണ്ണൂരിൽ ഇത്തവണ പോരാട്ടം കടുക്കും, കെ. സുധാകരൻ തന്നെ രംഗത്തിറങ്ങും; മത്സരിക്കാൻ എഐസിസി നിർദ്ദേശം


ദില്ലി:കണ്ണൂരിൽ കെ.സുധാകരൻ തന്നെ യുഡിഎഫ് സ്ഥാനാർത്ഥിയാകും. മത്സരിക്കാൻ എഐസിസി നിർദേശം നൽകി. സുധാകരൻ ഇല്ലെങ്കിൽ ജയസാധ്യത കുറവെന്ന വിലയിരുത്തലിലാണ് തീരുമാനം. ഇതോടെ കോൺഗ്രസിന്‍റെ എല്ലാ സിറ്റിങ് എംപിമാരും മത്സരത്തിനിറങ്ങുമെന്ന് ഉറപ്പായി.

മത്സരിക്കാനില്ലെന്ന് ആണയിട്ട കെ.സുധാകരൻ ഒടുവിൽ കണ്ണൂരിൽ തുടർച്ചയായ നാലാം പോരാട്ടത്തിന്. സുധാകരന് പകരം വെക്കാൻ കണ്ണൂർ സീറ്റിൽ മറ്റൊരു നേതാവില്ലെന്ന യാഥാർത്ഥ്യമാണ് കെപിസിസി അധ്യക്ഷ പദവിയിലിരിക്കെ മത്സരിപ്പിക്കാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചത്. എം.വി.ജയരാജൻ സിപിഎം സ്ഥാനാർത്ഥിയായതും സാമുദായിക സമവാക്യങ്ങളും തീരുമാനത്തെ സ്വാധീനിച്ചു.സുധാകരൻ മാറിയാൽ പകരം വന്ന പേരുകൾക്ക് ജയസാധ്യത കുറവെന്ന് ജില്ലാ,സംസ്ഥാന നേതാക്കൾ ഹൈക്കമാൻഡ‍ിനെ അറിയിച്ചു. 
എം.വി.ജയരാജൻനെതിരെ, ജില്ലയ്ക്ക് പുറത്ത് നിന്ന് സ്ഥാനാർത്ഥി വന്നാൽ തിരിച്ചടിയാകുമെന്ന് വിലയിരുത്തലുണ്ടായി. 
 
കേഡർ വോട്ടുകൾ ഉറപ്പിക്കുന്ന സിപിഎമ്മിന്‍റെ മുതിർന്ന നേതാവിനെതിരെ കരുത്തൻ തന്നെ വേണമെന്നും നിശ്ചയിച്ചു.ഈഴവ വിഭാഗത്തിൽ നിന്നാകണം സ്ഥാനാർത്ഥിയെന്ന് കൂടി വന്നതോടെ സുധാകരനായി സമ്മർദമേറി.പകരക്കാരനെ ചൊല്ലി തർക്കങ്ങൾക്കുളള സാധ്യതയും നേതൃത്വം കണക്കിലെടുത്തു. നിർദേശമൊന്നും കിട്ടിയിട്ടില്ലെന്നായിരുന്നു സുധാകരന്‍റെ പ്രതികരണം.കണ്ണൂരിൽ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ രണ്ട് തവണ ജയിച്ചുകയറിയ സുധാകരൻ 2014ൽ നേരിയ ഭൂരിപക്ഷത്തിനാണ് പി.കെ.ശ്രീമതിയോട് തോറ്റത്. കെപിസിസി അധ്യക്ഷന്‍റെ സീറ്റിലും തീരുമാനമായതോടെ സംസ്ഥാനത്തെ 19 സീറ്റുകളിലും മത്സരചിത്രവും തെളിഞ്ഞു. ആലപ്പുഴയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയിലാണ് സസ്പെൻസ് തുടരുന്നത്.

No comments