ഉറൂസിന്റെ അന്നദാന ചടങ്ങിലേക്കുള്ള വിഭവങ്ങളുമായി പതിവ് തെറ്റിക്കാതെ ക്ഷേത്ര ഭാരവാഹികൾ എത്തി
കുന്നുംകൈ : ഫെബ്രുവരി ഒന്നുമുതൽ അഞ്ചുവരെ നടക്കുന്ന പെരുമ്പട്ട മഖാം ഉറൂസിന്റെ അന്നദാന ചടങ്ങിലേക്ക് വിഭവങ്ങളുമായി പതിവ് പോലെ ഈ പ്രാവശ്യവും പെരുമ്പട്ട പാടാർകുളങ്ങര ഭഗവതി ക്ഷേത്ര ഭാരവാഹികൾ എത്തി.
നൂറ്റാണ്ടുകളായി നടന്ന് വരുന്ന ഈ സമ്പ്രദായത്തിന്, മഖാം പരിസരത്ത് വെച്ച് ഉറൂസ് കമ്മിറ്റി ഭാരവാഹികൾ വളരെ ഹൃദ്യമായ സ്വീകരണമാണ് നൽകിയത് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ നാരായണൻ ,പുരുഷോത്തമൻ ,ചന്ദ്രൻ ,ബിജു,രാഘവൻ ,കുഞ്ഞിക്കണ്ണൻ ,രവി ,ഗോപാലകൃഷ്ണൻ, കണ്ണൻ തുടങ്ങിയവരും,
ഉറൂസ് കമ്മിറ്റി ഭാരവാഹികളായ പി കെ ലത്തീഫ് ,കെ എം അശ്റഫ് ,എം സിദ്ദീഖ് ,ടി.മുഹമ്മദ് കുഞ്ഞി, എം ഉസ്മാൻ ,എംസി അബ്ദുൽബാരി ,എം.മുഹമ്മദലി തുടങ്ങിയവർ സംബന്ധിച്ചു.
ഖുർആൻ വചനവും ,മഹാ കവി ഉള്ളൂരിന്റെ കവിതകളും ഉദ്ധരിച്ച്, പെരുമ്പട്ട ജുമാമസ്ജിദ് ഇമാം അബ്ദുൽ നാസർ അൽ ഹാദി നുച്യാട് സന്ദേശ പ്രഭാഷണം നടത്തി.
മുൻഗാമികൾ നൂറ്റാണ്ടുകളായി തുടർന്ന് വന്ന് കൈമാറികൊണ്ടിരിക്കുന്ന ഈ സമ്പ്രദായം പുതിയ തലമുറയും നിലനിർത്തി കൊണ്ട് പോകുന്നു. ഇതുപോലെ തന്നെ ക്ഷേത്രത്തിലെ മൂവാണ്ട് കളിയാട്ട മഹോത്സവത്തിന്റെ അന്നദാനത്തിലേക്ക് പെരുമ്പട്ട ജുമാമസ്ജിദിൽ നിന്നും സാദനങ്ങളുമായി പള്ളികമ്മറ്റി ഭാരവാഹികളും പോകുന്ന ആചാരവും ഇപ്പോഴും തുടർന്ന് പോകുന്നുണ്ട്. സുഖ ദുഃഖങ്ങളിൽ പങ്ക് കൊണ്ട്
പരസ്പര ഒരുമയോടെയാണ് ഈ ഗ്രാമത്തിലെ ജനങ്ങൾ കഴിയുന്നത്.
വെറും ആഘോഷ നാളുകളിലെ പ്രകടനമല്ല , തേജസ്വിനിപുഴയുടെ തീരത്ത് മസ്ജിദും ,അമ്പലവും വളരെ അടുത്തടുത്ത് നിലകൊള്ളുന്നത് പോലെ തന്നെയാണ് ഈ ഗ്രാമീണ ഹൃദയവും.
ക്ഷേത്രത്തിലെ മൂവാണ്ട് കളിയാട്ട മഹോത്സവത്തിന്റെ സമാപന ദിവസം കെട്ടിയാടുന്ന വിഷ്‌ണുമൂർത്തി തെയ്യകോലം വളരെ ആഘോഷത്തോടെ മഖാം സന്ദർശനം നടത്തുന്ന ചടങ്ങ് കാണാൻ നൂറുകണക്കിന് ജനങ്ങളാണ് ഇവിടെ എത്തിചേരാറുള്ളത്,
ഈ ഒരുമയും സാഹോദര്യവും ലോകാവസാനം വരെ നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് കൂടിക്കാഴ്ച പിരിഞ്ഞത്.
No comments