Breaking News

എസ്എഫ്ഐ നേതാക്കളുടെ നേതൃത്വത്തിൽ സിദ്ധാർത്ഥനെ നാലിടത്ത് വെച്ച് മർദ്ദിച്ചു, കിടന്നുറങ്ങിയ വിദ്യാർത്ഥിക്ക് മർദ്ദനത്തിന്റെ ഡെമോ കാണിച്ചു




കൽപ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥനെ കോളേജ് പരിസരത്ത് നാലിടത്ത് വെച്ച് എസ്എഫ്ഐ നേതാക്കളുടെ നേതൃത്വത്തിലെ സംഘം മര്‍ദ്ദിച്ചതായി വിവരം. കോളേജ് ഹോസ്റ്റലിന്റെ നടുമുറ്റത്ത് വെച്ചും, കോളേജ് ഹോസ്റ്റലിൽ വെച്ചും, ഹോസ്റ്റലിന് സമീപത്തെ കുന്നിൽ വെച്ചു, ഡോര്‍മെറ്ററിക്ക് അകത്ത് വെച്ചും മര്‍ദ്ദിച്ചുവെന്നാണ് വിവരം. ഇതിനെല്ലാം പുറമെ ഹോസ്റ്റൽ മുറിയിൽ കിടന്നുറങ്ങിയ വിദ്യാർത്ഥിയെ വിളിച്ച് മർദനം 'ഡെമോ' പോലെ കാണിച്ചു കൊടുത്തുവെന്നും വിവരമുണ്ട്.


അതേസമയം കേസിൽ 19 പേർക്ക് 3 വർഷത്തേക്ക് പഠനവിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ കൂടുതൽ വിദ്യാര്‍ത്ഥികൾക്കെതിരെ കോളേജ് ആന്റി റാഗിംഗ് കമ്മറ്റി നടപടിയെടുത്തു. 10 വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് കോളേജിൽ വിലക്കി. ഇവര്‍ക്ക് ക്ലാസിൽ പങ്കെടുക്കാനും പരീക്ഷ എഴുതാനും സാധിക്കില്ല. പ്രതികൾ ഭീഷണിപ്പെടുത്തിയപ്പോൾ മർദിച്ചവരാണ് ഇവരെന്നാണ് വിവരം. മറ്റ് രണ്ട് പേരെ ഒരു വർഷത്തേക്ക് ഇന്റേണൽ പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കി. മർദനമേറ്റതായി കണ്ടിട്ടും ആശുപത്രിയിൽ എത്തിക്കാത്തതിലാണ് നടപടി. ഈ 12 വിദ്യാർത്ഥികളേയും ഹോസ്റ്റലിൽ നിന്ന് പുറത്താക്കി.

ഹോസ്റ്റലിൽ അക്രമം നോക്കി നിന്ന മുഴുവൻ പേരെയും ഏഴ് ദിവസം കോളേജിൽ നിന്ന് സസ്പെന്റ് ചെയ്തു. ഈ ദിവസങ്ങളിൽ ഹോസ്റ്റലിലും പ്രവേശിക്കാൻ കഴിയില്ല. ഫെബ്രുവരി 16,17,18 തീയതികളിൽ ഹോസ്റ്റലിൽ ഉണ്ടായിരുന്നവര്‍ക്കാണ് ശിക്ഷ. വിദ്യാർത്ഥികൾക്ക് വേണമെങ്കിൽ വിസിക്ക് അപ്പീൽ നൽകാം. സമാനതകൾ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാർത്ഥിനെതിരെ നടന്നത്. ഹോസ്റ്റൽ നടുമുറ്റത്തെ ആൾക്കൂട്ട വിചാരണയെ ആരും ചോദ്യം ചെയ്തിരുന്നില്ല. ഇതെല്ലാം ഉണ്ടാക്കിയ കടുത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. ഇക്കഴിഞ്ഞ 18നാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ശരീരത്തിൽ കണ്ടെത്തിയ പരിക്കുകളിൽ നിന്നാണ് സംഭവങ്ങളുടെ നിജസ്ഥിതി വെളിച്ചത്തായത്. ആത്മഹത്യാ പ്രേരണ, മർദ്ദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

No comments