Breaking News

ഡോ:എന്‍.പി രാജന്‍ സ്മാരക പാലിയേറ്റീവ് കെയര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


ആതുര സേവന രംഗത്തെ ആദരണീയ വ്യക്തിത്വം ഡോ:എന്‍.പി രാജന്റെ സ്മരണക്കായി പാലിയേറ്റീവ് മേഖലയില്‍ കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് സേവനം ചെയ്യുന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ 4-ാമത് ഡോ:എന്‍.പി രാജന്‍ സ്മാരക പാലിയേറ്റീവ് പുരസ്‌കാര വിതരണവും അനുസ്മരണവും നടന്നു. ജില്ലാ ആശുപത്രിക്ക് സമീപത്തുള്ള ഡോ:എന്‍.പി രാജന്‍ മെമ്മോറിയല്‍ സൊസൈറ്റി ഓഫീസ് പരിസരത്ത് നടന്ന ചടങ്ങ് ശില്പി കാനായി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡണ്ട് എന്‍ജിനീയര്‍ സി.കുഞ്ഞിരാമന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സാമൂഹ്യപ്രവര്‍ത്തകന്‍ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ:എന്‍.പി ജീജ അനുസ്മരണ പ്രഭാഷണം നടത്തി. ഹൃദ്രോഗ വിദഗ്ധ ഡോ:രാജി രാജന്‍, ആനന്ദാശ്രമം പിഎച്ച്‌സി സ്റ്റാഫ് നേഴ്‌സ് ജെസ്സി സെബാസ്റ്റ്യന്‍, കരിന്തളം പാലിയേറ്റീവ് കെയര്‍ സൊസൈറ്റി അംഗം എന്‍.കെ നാളിനാക്ഷന്‍, സേവന കൂട്ടായ്മയായ അരയി വൈറ്റ് ആര്‍മി എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ സി.രവീന്ദ്രനെ ആദരിച്ചു. യൂസഫ് ഹാജി, എം.ശ്രീകണ്ഠന്‍ നായര്‍, പി.ശ്യാം കുമാര്‍, എച്ച് ജി.വിനോദ് കുമാര്‍, വി.സജിത്ത്, ഡോ:കൃഷ്ണകുമാരി, എന്‍.സുരേഷ്, മല്ലിക രാജന്‍, ഗോകുലാനന്ദന്‍ മോനാച്ച എന്നിവര്‍ സംസാരിച്ചു. സൊസൈറ്റി സെക്രട്ടറി കെ.ടി.ജോഷി മോന്‍ സ്വാഗതവും നാസര്‍ കൊളവയല്‍ നന്ദിയും പറഞ്ഞു.


No comments