Breaking News

സിദ്ധാർത്ഥന്റെ മരണത്തിൽ കൊലപാതക സാധ്യത തള്ളാതെ പൊലീസ്; അന്വേഷിക്കും ക്രൂരമർദ്ദനം ഒളിച്ചുവെക്കാൻ ഡീൻ ശ്രമിച്ചു



കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തിൽ കൊലപാതക സാധ്യതയെ പറ്റിയുള്ള അന്വേഷണത്തിന് പൊലീസ്. ഫൊറൻസിക് പരിശോധന ഫലം നിർണായകമാണ്. തൂങ്ങി മരിക്കാൻ ഉപയോഗിച്ച തുണി ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്‌. മൃതദേഹം അഴിച്ചത് പ്രതികൾ ആണെന്നതിലും ദുരൂഹതയുണ്ട്. പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

മുഖ്യപ്രതി സിൻജോ ജോൺസണുമായി സ‍ർവ്വകലാശാല ഹോസ്റ്റലിൽ നടത്തിയ തെളിവെടുപ്പിൽ കണ്ടെത്തിയത് നിർണായക തെളിവുകളാണ്. സിദ്ധാർത്ഥനെ മർദ്ദിക്കാൻ ഉപയോ​ഗിച്ച ​ഗ്ലൂ ​ഗണ്ണിന്റെ ഇലക്ട്രിക് വയർ, ഒരു ചെരിപ്പ് എന്നിവയാണ് കണ്ടെത്തിയത്. സംഭവ സമയത്ത് സിൻജോ ജോൺസൺ‌ ഉപയോ​ഗിച്ച ചെരിപ്പാണ് കണ്ടെത്തിയത്. പ്രതി ഇത് മുറിയിൽ ഒളിപ്പിച്ച് വെച്ചതായിരുന്നു. ഹോസ്റ്റലിലെ മുപ്പത്തി ആറാം നമ്പർ മുറിയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.


സിദ്ധാ‍ർത്ഥൻ അനുഭവിച്ചത് അതിക്രൂര പീഡനമെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 12ാം തീയതി സിദ്ധാർത്ഥൻ സഹപാഠിയോട് മോശമായി പെരുമാറിയതായി ആരോപണം ഉയർന്നു. വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് സിദ്ധാർത്ഥനെ പരസ്യമായി വിചാരണ നടത്തിയിരുന്നു. പിന്നീട് വീട്ടിലേക്ക് പുറപ്പെട്ട സിദ്ധാർഥനെ തിരിച്ച് വിളിച്ചുവരുത്തുകയായിരുന്നു. കാര്യങ്ങൾ ഒത്തുതീർപ്പാക്കാം എന്ന് പറഞ്ഞാണ് ഫോണിൽ വിളിച്ചത്. ഹോസ്റ്റലിലെ അലിഖിത നിയമം അനുസരിച്ച് ഒത്തുതീർപ്പാക്കാം എന്നാണ് പറഞ്ഞത്. തിരിച്ചെത്തിയ സിദ്ധാർത്ഥനെ ഹോസ്റ്റൽ മുറിയിൽ നിന്ന് എങ്ങും പോകാൻ അനുവദിച്ചില്ല.



16ാം തീയതി സിദ്ധാർത്ഥനെ തടങ്കലിൽ പാർപ്പിച്ചു. രാത്രിയോടെ ക്രൂരമായി മർദ്ദിച്ചു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് ബെൽറ്റ് കൊണ്ടും കേബിൾ വയർ കൊണ്ടും കൈകൊണ്ടും കാലുകൊണ്ടും അതിക്രൂരമായി മർദ്ദിച്ചു. 16ാം തീയതി രാത്രി ഒമ്പത് മണിക്ക് ആരംഭിച്ച മർദ്ദനം 17ാം തീയതി പുലർച്ചെ രണ്ട് മണി വരെ നീണ്ടു. ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിൽ കൊണ്ടുപോയി മർദ്ദിച്ചിരുന്നു. പൊതു മധ്യത്തിൽ പരസ്യ വിചാരണ നടത്തുകയും അപമാനിക്കുകയും ചെയ്തതിനെ തുടർന്ന് മരണമല്ലാതെ മറ്റൊരു മാർഗമില്ലാത്ത സാഹചര്യത്തിലേക്ക് സിദ്ധാർത്ഥനെ പ്രതികൾ എത്തിച്ചു. 18ാം തീയതി ഉച്ചയോടെ സിദ്ധാർത്ഥൻ തൂങ്ങിമരിച്ചുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കൊലപാതക സാധ്യത അന്വേഷിക്കുമെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.


ക്രൂരമര്‍ദ്ദനം ഒളിച്ചുവെക്കാന്‍ ഡീന്‍ എം കെ നാരായണന്‍ ശ്രമിച്ചുവെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചു.



ഫെബ്രുവരി 22ന് കോളേജില്‍ വെച്ച് നടന്ന അനുശോചന യോഗത്തിലായിരുന്നു ഡീനിന്റെ പ്രസംഗം. നടന്ന സംഭവത്തെക്കുറിച്ച് ആരും ഒന്നും പറയരുതെന്നും എല്ലാ കാര്യവും പൊലീസ് നിരീക്ഷണത്തിലാണെന്നും പ്രസംഗത്തിനിടെ ഡീന്‍ പറയുന്നുണ്ട്.


പ്രസംഗത്തിലെ പ്രധാന ഭാഗങ്ങള്‍ ഇങ്ങനെയാണ്; 'വിവരം അറിയുന്നത് ഫെബ്രുവരി 18ന് ഉച്ചയ്ക്ക് 1:45നാണ്. ജീവന്‍ രക്ഷിക്കാനാണ് ഉടന്‍ ആശുപത്രിയില്‍ കൊണ്ടുപോയത്. പക്ഷേ അപ്പോഴേക്കും മരിച്ചിരുന്നു. ശേഷം വേറെ മാര്‍ഗം ഇല്ല. പൊലീസിനെ വിവരം അറിയിച്ചു. പോസ്റ്റുമോര്‍ട്ടം ചെയ്യണമെങ്കില്‍ ബന്ധുക്കളുടെ സാന്നിധ്യം വേണം. അതുകൊണ്ട് വീട്ടുകാരെയും ബന്ധുക്കളെയും വിവരം അറിയിച്ചു. നടന്ന സംഭവത്തെ കുറിച്ച് ആരും ഒന്നും പറയരുത്. എല്ലാ കാര്യവും പൊലീസ് നിരീക്ഷണത്തിലാണ്.



No comments