Breaking News

മഞ്ഞൾ കൃഷിക്ക് കരുത്തു പകരാൻ മലയോരത്ത് പുതിയ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി


വെള്ളരിക്കുണ്ട് : കേന്ദ്ര സർക്കാർ ഏജൻസിയായ നാഫെഡിന്റെ സാമ്പത്തിക സഹായത്തോടെയും സംസ്ഥാന കൃഷി വകുപ്പിന്റെ സഹകരണത്തോടെയും പരപ്പ ബ്ലോക്കിൽ കൊന്നക്കാട് കേന്ദ്രീകരിച്ച് പുതിയ ഫാർമർ പ്രൊഡ്യൂസർ  കമ്പനി രൂപീകരിച്ചു.

മലയോര മേഖലയിൽ വന്യമൃഗ ശല്യം ബാധിക്കാത്ത കൃഷിയായ മഞ്ഞളിന്റെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾക്ക് ഊന്നൽ നൽകുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളാണ്  പരപ്പ ഫെഡ് ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ്,കൊന്നക്കാട് എന്ന പുതിയ സംരംഭം പ്രധാനമായും ലക്ഷ്യമിടുന്നത്. ഭക്ഷ്യ ഉത്പന്നം എന്ന നിലക്ക് പുറമെ ഔഷധ നിർമാണ രംഗത്തും സൗന്ദര്യ സംവർദ്ധക ഉത്പന്നങ്ങളിലും മഞ്ഞളിനുള്ള പ്രാധാന്യം കണക്കിലെടുത്തുള്ള മൂല്യ വർധിത ഉത്പന്നങ്ങളുടെ രംഗത്താണ് കമ്പനി പ്രതീക്ഷ വയ്ക്കുന്നത്. മഞ്ഞളിന് പുറമെ കുരുമുളക്, കൂവ, ചക്ക, തുടങ്ങിയ വിളകളുടെ മൂല്യ വർദ്ധി ത ഉത്പന്നങ്ങൾ ഉണ്ടാക്കുവാനും വിപണനം നടത്തുവാനും കമ്പനി ഉദ്ദേശിക്കുന്നു. കൊന്നക്കാട് ചൈത്ര വാഹിനി ഫാർമേഴ്‌സ് ക്ലബ്‌ മുൻകൈ എടുത്താണ് കമ്പനി രൂപീകരണം നടന്നിട്ടുള്ളത്. ബാംഗ്ലൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇക്കോവ എന്ന ഏജൻസിയാണ് ആദ്യത്തെ മൂന്നു വർഷം കമ്പനിക്ക്‌ മാർഗ നിർദേശങ്ങൾ നൽകുന്നത്.


കമ്പനിയുടെ ഓഹരി വിതരണത്തിന്റെയും ഓഫീസിന്റെയും ഉത്ഘാടനം 2024 ഏപ്രിൽ  8 ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് കൊന്നക്കാട് നടക്കും.

  ഓഹരി വിതരണ ഉത്ഘാടനം വെള്ളരിക്കുണ്ട് ക്ഷീര സംഘം സെക്രട്ടറി ഷോബി ജോസഫിന് ആദ്യ ഓഹരി നൽകിക്കൊണ്ട് ആത്മ പ്രൊജക്റ്റ്‌ ഡയറക്ടർ ഇൻ ചാർജ്ജ് ഡി. എൽ. സുമ നിർവഹിക്കും. കമ്പനി ഓഫീസ് ഉത്ഘാടനം പീലിക്കോട് റീജണൽ അഗ്രികൾച്ചർ റിസേർച്ച് സെൻറർ അസോസിയേറ്റ് ഡയറക്ടർ ഡോ. ടി. വനജ നിർവഹിക്കും. പരപ്പ ബ്ലോക്ക്  കൃഷി അസി..ഡയറകടർ ടി.ടി.അരുൺ അധ്യക്ഷത വഹിക്കും

    

       പുതിയ കമ്പനിയുടെ ആദ്യ ഡയറക്ടർ ബോർഡിൽ പി സി രഘുനാഥൻ ( ചെയർമാൻ ), ഈ കെ ഷിനോജ് സെക്രട്ടറി, പി എ സെബാസ്റ്റ്യൻ, ബാബു കോഹിനൂർ, വി സി ജോർജ്, ഷാജി മാത്യു,,കെ. വി. കൃഷ്ണൻ, ജയ്സി ജിനോ, ബിനോയ്‌  വള്ളോപ്പള്ളി സണ്ണി പൈകട എന്നിവരാണുള്ളത്. ഓഹരി വിതരണത്തിനു ശേഷം ഓഹരിയുടമകളുടെ യോഗമാണ് 15 അംഗ ഡയറക്ടർ ബോർഡ്‌ തെരഞ്ഞടുക്കുക. പത്ര സമ്മേളനത്തിൽ 

  പി.സി.രഘുനാഥൻ ,സണ്ണി പൈകട ,പി എ സെബാസ്റ്റ്യൻ, വി.സി.ജോർജ് ,ബിനോയ് വള്ളോപ്പള്ളി , ബാബു കോഹിനൂർ കമ്പനി സി.ഇ .ഒ ടി.എസ് ഷിബിൻ എന്നിവർ പങ്കെടുത്തു.

No comments