Breaking News

ഗ്രന്ഥശാലകളെ കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെടുത്തി നിയന്ത്രണത്തിലാക്കാനുള്ള നീക്കം അവസാനിപ്പിക്കുക ; വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ സംഗമം സമാപിച്ചു


പരപ്പ : ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം സംസ്ഥാനസർക്കാർ നിയന്ത്രണത്തിലുള്ള ലൈബ്രറികളെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാറിന്റെ നിയന്ത്രണത്തിലാക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ സംഗമം ആവശ്യപ്പെട്ടു.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളാണ് കേരളത്തിലെ ഗ്രന്ഥശാലകൾക്ക് നേതൃത്വം നൽകുന്നത്. ലൈബ്രറികളെ കൺകറൻ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയാൽ ഗ്രന്ഥശാലകളുടെ സ്വയംഭരണം ഇല്ലാതാവും.

            എന്തു വായിക്കണം, എങ്ങനെ വായിക്കണം, ഏതൊക്കെ പുസ്തകങ്ങൾ വായിക്കണം എന്ന് തുടങ്ങിയ കാര്യങ്ങളിലെല്ലാം സ്ഥാപിത താല്പര്യക്കാരുടെ ഇടപെടലുകൾ ഉണ്ടാകും. പ്രാദേശികമായ ആവശ്യങ്ങൾക്കുള്ള സാധ്യതകൾ ഇല്ലാതായി തീരുകയും പ്രാദേശികമായി തീരുമാനങ്ങൾ എടുക്കാനുള്ള അവകാശങ്ങൾ ഇല്ലാതാവുകയും ചെയ്യും. ശാസ്ത്രബോധവും, പുരോഗമന ചിന്തയും ലൈബ്രറികളിൽ നിന്ന് ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.

കേരളത്തിൻ്റെ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മുന്നേറ്റത്തിൽ സജീവമായ പങ്കാളിത്തമാണ് ലൈബ്രറികൾ നിർവഹിച്ചിട്ടുള്ളത്. കേരളത്തിന്റെ സാംസ്കാരിക കേന്ദ്രങ്ങളാണ്  ലൈബ്രറികൾ. നവോത്ഥാന ആശയങ്ങളും,സ്വാതന്ത്ര്യ സമര കാഴ്ചപ്പാടുകളും ജനങ്ങളിലെത്തിക്കുന്നതിന് മുൻപന്തിയിൽ തന്നെ ഗ്രന്ഥശാലകൾ ഉണ്ടായിരുന്നു.വായിച്ചു വളരുക എന്ന ശീലം കേരളത്തിൽ വളർത്തിയെടുത്ത പ്രസ്ഥാനമാണിത്.

                  ഇന്നത്തെ ഭീഷണമായ സാഹചര്യത്തെ അഭിമുഖീകരിച്ചു പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഗ്രന്ഥശാല പ്രസ്ഥാനത്തെ സംരക്ഷിക്കാൻ കേരളത്തിലെ എല്ലാ അഭ്യുദയകാംക്ഷികളും, അക്ഷര കേരളത്തിന്റെ വികാരം പ്രതിഫലിപ്പിക്കുന്ന രീതിയിൽ രംഗത്ത് വരണമെന്ന് ഗ്രന്ഥശാല പ്രവർത്തകരുടെ താലൂക്ക് തല സംഗമം അഭ്യർത്ഥിച്ചു.

       താലൂക്ക് കൗൺസിൽ പ്രസിഡന്റ് ജോസ് സെബാസ്റ്റ്യൻ്റെ അധ്യക്ഷതയിൽ ഗ്രന്ഥാലോകം ചീഫ് എഡിറ്ററും, സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ പി.വി.കെ പനയാൽ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് കെ. ശശിധരൻ, ജോയൻ്റ് സെക്രട്ടറി പി.രാജൻ,ജില്ല എക്സിക്യൂട്ടീവ് അംഗം പി. കെ.മോഹനൻ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തിലെ മുഴുവൻ വായനശാലകളിലും "വായന ചലഞ്ച്" എന്ന നൂതന സംരംഭത്തിന് തുടക്കംകുറിച്ച ഈസ്റ്റ് -എളേരി പഞ്ചായത്ത് നേതൃസമിതി കൺവീനർ പി.ഡി.വിനോദിനെ യോഗം അനുമോദിച്ചു.

       പ്രവർത്തന റിപ്പോർട്ട്, വരവ് - ചെലവ് കണക്ക്, പുതിയ വർഷത്തെ ബഡ്ജറ്റ് എന്നിവ താലൂക്ക് സെക്രട്ടറി എ. ആർ. സോമൻ മാസ്റ്റർ അവതരിപ്പിച്ചു.

            താലൂക്കിലെ നേതൃസമിതി ഭാരവാഹികളായ എ.കെ. രാജേന്ദ്രൻ, കെ. സുധാകരൻ, പി.ഡി. വിനോദ് , എ .അപ്പുക്കുട്ടൻ,സി. ഭാസ്കരൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.                                       എ.ആർ. രാജു പ്രമേയം അവതരിപ്പിച്ചു.

എൻ. കെ. ഭാസ്കരൻ സ്വാഗതവും, കെ. ദാമോദരൻ നന്ദിയും പറഞ്ഞു.

No comments