Breaking News

അനന്തപുരം ക്ഷേത്രത്തിലെ ശ്രീകോവിലിന് സമീപം കുഞ്ഞു ബബിയ വീണ്ടും പ്രത്യക്ഷപ്പെട്ടു


കുമ്പള അനന്തപുരം ക്ഷേത്രകുളത്തില്‍ പുതുതായി കണ്ടെത്തിയ മുതല വീണ്ടും പ്രത്യക്ഷപ്പെട്ടു. ബബിയ-3 എന്ന് പേരിട്ടിരിക്കുന്ന പുതിയ മുതലക്കുഞ്ഞാണ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ശ്രീകോവിന് സമീപം ആദ്യത്തെ പൂര്‍ണ്ണ ദര്‍ശനം നല്‍കിയത്. ക്ഷേത്ര പൂജാരി സുബ്രഹ്‌മണ്യ ഭട്ട് ഒരുമണിക്ക് നട അടച്ചു പോയ ശേഷം വൈകീട്ട് എത്തിയപ്പോഴാണ് മുതല കിടക്കുന്നത് കണ്ടത്. നാലര അടി നീളമുള്ള മുതല കുഞ്ഞിനെയാണ് കണ്ടത്. അപ്പോള്‍ തന്നെ മുതലയെ പൂജാരി മൊബൈലില്‍ ഫോട്ടോ എടുത്തിരുന്നു. അരമണിക്കൂറോളം അവിടെ തന്നെ കിടന്ന ശേഷം വെള്ളത്തിലേക്ക് പോയി. കഴിഞ്ഞ നവംബറിലാണ് ആദ്യം മുതല കുഞ്ഞ് വെള്ളത്തില്‍ പ്രത്യക്ഷപ്പെട്ടത്. 80 വര്‍ഷത്തോളം ജീവിച്ചിരുന്ന യഥാര്‍ഥ ബബിയ 2022 ഒക്ടോബര്‍ 9 നാണ് ചത്തത്. ബബിയക്ക് പകരം മറ്റൊരു മുതല എത്തുമെന്ന് പ്രശ്ന ചിന്തയില്‍ കണ്ടെത്തിയിരുന്നു. അതിനിടെയാണ് 2023 നവംബറില്‍ മുതലയെ കണ്ടത്. തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധമുള്ള ക്ഷേത്രമാണിത്. ബബിയയ്ക്കു മുന്‍പ് മറ്റൊരു മുതല ഉണ്ടായിരുന്നു. 1945 ല്‍ അതിനെ ബ്രിട്ടിഷ് സൈന്യം വെടിവച്ചു കൊന്നതായാണ് പറയപ്പെടുന്നത്. പിന്നീട് ദിവസങ്ങള്‍ക്കുള്ളില്‍ ബബിയ ക്ഷേത്രക്കുളത്തില്‍ പ്രത്യക്ഷപ്പെടുകയായിരുന്നുവെന്ന് പറയുന്നു.


No comments