Breaking News

കോഴിക്കോട്ടെ വാടക വീട്ടിൽ കോടികളുടെ ലഹരി വിൽപന; ഒരാൾ കൂടി അറസ്റ്റിൽ, പിടിയിലായത് കാരിയറായി പ്രവർത്തിച്ച യുവതി


കോഴിക്കോട്: കോഴിക്കോട്ടെ പുതിയങ്ങാടിയിലെ വാടക വീട്ടില്‍ നിന്നും രണ്ട് കോടിയിലധികം രൂപ വില വരുന്ന ലഹരിമരുന്ന് പിടികൂടിയ കേസില്‍ ഒരു യുവതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പുന്നപ്ര സ്വദേശിയായ പി എസ് ജൂമിയെ (26) ആണ് ബെംഗളൂരുവില്‍ നിന്നും പിടികൂടിയത്. വെള്ളയില്‍ ഇന്‍സ്‌പെക്ടര്‍ ജി ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജൂമിയെ പിടികൂടിയത്.

കഴിഞ്ഞ മെയ് 19നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കോഴിക്കോട് പുതിയങ്ങാടിയിലെ വീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവിടെ നിന്നും മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. പൊലീസിന്റെ സാനിധ്യമറിഞ്ഞ ഉടന്‍ ഓടി രക്ഷപ്പെട്ട നിലമ്പൂര്‍ സ്വദേശി ഷൈന്‍ ഷാജിയെ ബംഗളൂരുവില്‍ നിന്നും പെരുവണ്ണാമൂഴി സ്വദേശി ആല്‍ബിന്‍ സെബാസ്റ്റ്യനെ കുമളിയില്‍ നിന്നും പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.

ഇവരെ ചോദ്യം ചെയ്തതിന്റ അടിസ്ഥാനത്തിലാണ് മയക്കുമരുന്ന് കോഴിക്കോട്ടേക്ക് എത്തിക്കുന്ന കാരിയറായി പ്രവര്‍ത്തിച്ചത് ജൂമിയാണെന്ന് ബോധ്യമായത്. തുടര്‍ന്ന് ജൂമിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു. വെള്ളയില്‍ എസ് ഐ ദീപു കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ദീപു, സിറ്റി ക്രൈം സ്‌ക്വാഡിലെ എ പ്രശാന്ത് കുമാര്‍, ഷിജില, സ്‌നേഹ, ഷിനില്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

No comments