Breaking News

അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടി കനകപ്പള്ളി ജി.എൽ.പി. സ്കൂൾ... അപകടഭീഷണിയുയർത്തുന്ന പഴയ സ്കൂൾ കെട്ടിടം പുതുക്കി പണിയണമെന്ന് ആവശ്യം


അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടി കനകപ്പള്ളി ജി.എൽ.പി. സ്കൂൾ. ചോർന്നൊലിച്ച് അപകടഭീഷണിയുയർത്തുന്ന പഴയ സ്കൂൾ കെട്ടിടം പുതുക്കി പണിയണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. ചോർന്നൊലിക്കുന്ന ക്ലാസ് മുറിയും കോട്ടുറുമ  ശല്യവും ഭീഷണിയായതോടെ പല രക്ഷിതാക്കളും ടി.സി വാങ്ങി കുട്ടികളെ മറ്റ് വിദ്യാലയങ്ങളിൽ ചേർക്കാനൊരുങ്ങുകയാണ്

 പൊതുവിദ്യാലയങ്ങൾ എല്ലാം സ്മാർട്ട് ആയെന്ന്  അവകാശപ്പെടുമ്പോഴും  അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ വീർപ്പുമുട്ടുകയാണ് കനകപ്പള്ളി ജി.എൽ.പി സ്കൂൾ. ചോർന്നൊലിക്കുന്ന സ്കൂൾ കെട്ടിടത്തിൽ, വെള്ളം തളം കെട്ടിക്കിടക്കുന്ന ക്ലാസ് മുറികളിലിരുന്ന് പഠിക്കേണ്ട ഗതികേടിലാണ് ഇവിടുത്തെ കുരുന്നുകൾ. വർണാഭമായ ക്ലാസ് മുറികളും ചുവരുകളും കളിസ്ഥലവുമൊക്കെ ഇവർക്കന്യമാണ്. മഴക്കാലമായാൽ പിന്നെ ദുരിതവും തുടങ്ങി.  മഴപെയ്താൽ ഗ്രൗണ്ടിൽ വെള്ളം നിറയും. ഈ വെള്ളം ക്ലാസ്സ് മുറികളിലേക്ക് എത്തുന്നതോടെ 

ഒഴുകിപ്പോകാൻ മറ്റു മാർഗ്ഗങ്ങൾ ഇല്ലാതെ തളംകെട്ടി കിടക്കും. ഒപ്പം മേൽക്കൂര ചോർന്നൊലിക്കുന്ന വെള്ളവും വേറെ. 


വർഷങ്ങൾ പഴക്കമുള്ള സ്കൂൾ കെട്ടിടം നാലുവർഷം മുമ്പാണ് അറ്റകുറ്റപ്പണി നടത്തിയത്. ബളാൽ ഗ്രാമ പഞ്ചായത്തിന് കീഴിൽ വരുന്ന ഈ സ്കൂളിൻ്റെ അറ്റകുറ്റപ്പണികൾക്കായി മൂന്ന് ലക്ഷത്തോളം രൂപ ചെലവഴിച്ചിരുന്നു. എന്നാൽ വർഷം ഒന്ന് തികയുന്നതിന് മുമ്പേ കെട്ടിടം ചോർന്നൊലിക്കാൻ തുടങ്ങി. ഇതിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം.  ഇതിനുപുറമേ വൈദ്യുതിയും ഇല്ല. റബർതോട്ടങ്ങളിലും കശുമാവിൻ തോട്ടങ്ങളിലും കണ്ടുവരാറുള്ള കോട്ടുറുമ എന്ന ചെറുപ്രാണിയുടെ ശല്യവും ഉണ്ട്. കൂടാതെ രണ്ട് ടോയ്‌ലെറ്റുകൾ മാത്രമാണ് സ്കൂളിനുള്ളത്. ഒന്ന് അധ്യാപകർക്ക് ഉള്ളതാണ്. ശേഷിക്കുന്ന ഒരു ടോയ്ലറ്റ് ആണ് വിദ്യാർത്ഥികൾ ഉപയോഗിക്കുന്നത്. മക്കളെ ഈ വിദ്യാലത്തിലേക്ക് അയക്കാൻ തയ്യാറായ രക്ഷിതാക്കൾക്ക് ഇവിടെ നിരാശമാത്രമാണ് ബാക്കി. മികച്ച വിദ്യാഭ്യാസം നൽകുന്നുണ്ടെങ്കിലും സ്മാർട്ട് ക്ലാസ്സുകൾ എടുക്കാൻ കഴിയാത്തതും അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാത്തതും മൂലം  പല രക്ഷിതാക്കളും കുട്ടികളുടെ ടി.സി വാങ്ങി മറ്റു സ്കൂളുകളിലേക്ക് അയക്കാനുള്ള തയ്യാറെടുപ്പിലാണ്. എത്രയും വേഗം സ്കൂൾ 

അറ്റകുറ്റപ്പണി നടത്തണമെന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യം

No comments