Breaking News

കാഞ്ഞങ്ങാട് - സുള്ള്യ കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിക്കണം : പനത്തടി പഞ്ചായത്ത് ഭരണസമിതി മന്ത്രിക്ക് നിവേദനം നൽകി


പാണത്തൂർ: നിർത്തിവെച്ച കാഞ്ഞങ്ങാട് സുള്ള്യ കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ട് പനത്തടി പഞ്ചായത്ത് ഭരണസമിതിയും ബ്ലോക്ക് പഞ്ചായത്ത് അംഗവും ഗതാഗത മന്ത്രിക്കും വകുപ്പ് അധികൃതർക്കും നിവേദനം നൽകി. കോവിഡിന് മുമ്പ് 5 ബസുകളാണ് കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്ന് സുള്ള്യയിലേക്ക് ലാഭകരമായി സർവീസ് നടത്തിയിരുന്നത്. കോവിഡ് കാലമായതോടെ നഷ്ടത്തിന്റെ കണക്കു പറഞ്ഞ് സർവീസുകൾ വെട്ടിചുരുക്കുകയായിരുന്നു. നിലവിൽ രാവിലെയും വൈകുന്നേരവും ആയി രണ്ടു സർവീസുകൾ മാത്രമാണുള്ളത്. 

   കേരള അതിർത്തിയോട് ചേർന്ന് കിടക്കുന്ന കർണാടകയിലെ സുള്ള്യ മലയോര കർഷകരാശ്രയിക്കുന്ന പ്രധാന വ്യാപാര കേന്ദ്രമാണ്. കൂടാതെ മലയോരത്തെ വിദ്യാർത്ഥികൾ എൻജിനീയറിങ്, മെഡിക്കൽ മേഖലകളിൽ ഉന്നത പഠനത്തിന് ആശ്രയിക്കുന്ന സ്ഥലം കൂടിയാണ്. തീർത്ഥാടന കേന്ദ്രങ്ങളായ സുബ്രഹ്മണ്യ, ധർമ്മസ്ഥല, കൊല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കും മടിക്കേരി, മൈസൂർ, ബാംഗ്ലൂര് എന്നിവിടങ്ങളിലേക്കും മലയോര മേഖലയിലുള്ളവർക്ക് വേഗത്തിൽ എത്താൻ ആശ്രയിക്കുന്ന റൂട്ടാണിത്. എന്നാൽ ബസ് സർവീസ് വെട്ടി കുറച്ചതോടെ വലിയ ദുരിതമാണ് യാത്രക്കാർ നേരിടുന്നത്. ആവശ്യത്തിന് ജീവനക്കാരും ബസ്സും ഇല്ലെന്ന കാരണം പറഞ്ഞാണ് ലാഭകരമായി നടത്തിയിരുന്ന സർവീസുകൾ നിർത്തിയതെന്നും അടിയന്തിര പരിഗണന നൽകി സർവീസുകൾ പുനരാരംഭിക്കണം എന്നും ബ്ലോക്ക് പഞ്ചായത്ത് അംഗം അരുൺ രംഗത്തുമല അധികൃതർക്ക് നൽകിയ നിവേദനത്തിൽ പറയുന്നു. ബസ്സുകളുടെ സർവീസ് പുന:സ്ഥാപിക്കണമെന്നും കൂടാതെ ബംഗളൂരുവിലേക്ക് ഒരു ബസ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പനത്തടി പഞ്ചായത്ത് ഭരണസമിതിയും നിവേദനം നൽകിയിട്ടുണ്ട്.

No comments