Breaking News

സ്വന്തം ശരീരത്തിന് മേലുള്ള അവകാശം പ്രധാനം: ചെറു ധാന്യങ്ങൾ എന്ന വിഷയത്തെക്കുറിച്ച് കൊന്നക്കാട് സംഘടിപ്പിച്ച സെമിനാർ പത്രപ്രവർത്തകൻ നെമി ജോർജ്ജ് ഉദ്ഘാടനം ചെയ്തു


കൊന്നക്കാട്: സ്വന്തം ശരീരത്തിനു മേലുള്ള അവകാശം ആരോഗ്യ വ്യവസായത്തിന് അടിയറവു് വയ്ക്കാതിരിക്കാനുള്ള ജാഗ്രത ജനങ്ങൾക്കുണ്ടാവണമെന്ന് പ്രമുഖ പത്രപ്രവർത്തകൻ നെമി ജോർജ്ജ് അഭിപ്രായപ്പെട്ടു.പ്രമേഹത്തെ ചെറുക്കാൻ ചെറു ധാന്യങ്ങൾ എന്ന വിഷയത്തെക്കുറിച്ച് കൊന്നക്കാടു് സംഘടിപ്പിച്ച സെമിനാറിൽ സ്വന്തം അനുഭവങ്ങൾ പങ്കു വയ്ക്കുകയായിരുന്നു അദ്ദേഹം.ജീവിത ശൈലി രോഗങ്ങളുടെ തലസ്ഥാനമായി കേരളം മാറുന്നതിനെ ചാകരയായി കാണുന്ന ആരോഗ്യ വ്യവസായത്തിൻ്റെ താൽപ്പര്യങ്ങളെ കരുതിയിരിക്കണമെന്നും ഭക്ഷണത്തിലും ജീവിത ശൈലികളിലും വരുത്തുന്ന തിരുത്തുകളിലൂടെ മിക്ക ജീവിത ശൈലി രോഗങ്ങളെയും മറികടക്കാനാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭക്ഷണത്തിൽ മാറി മാറി വിവിധ ചെറു ധാന്യങ്ങളുപയോഗിച്ചും മതിയായ വ്യായാമം വഴിയും കടുത്ത പ്രമേഹരോഗത്തെ പൂർണ്ണമായും ഭേദമാക്കിയ സ്വന്തം അനുഭവം അദ്ദേഹം വിശദീകരിച്ചു. ചാമ, തിന ,റാഗി, കൂവരക് ,കവടപ്പുല്ല്,         ബജ്റ, ചോളം തുടങ്ങി പത്തോളം ചെറു ധാന്യങ്ങളുടെയും അവയുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെയും പ്രദർശനവും വിൽപ്പനയും സെമിനാറിനോടൊപ്പമുണ്ടായിരുന്നു. ഈ ഉൽപ്പന്നങ്ങൾ തുടർന്നും കൊന്നക്കാട് പ്രവർത്തമാരംഭിച്ച കൃഷി വകുപ്പിൻ്റെ ഇക്കോ ഷോപ്പിൽ ലഭ്യമാവും.ആത്മ കാസർഗോഡ്, ബളാൽ കൃഷിഭവൻ, കൊന്നക്കാടു് ചൈത്രവാഹിനി ഫാർമേഴ്‌സ് ക്ലബ്ബ് എന്നിവ ചേർന്ന് സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് മെമ്പർ പി.സി.രഘുനാഥൻ ഉദ്ഘാടനം ചെയ്തു.വി.ആർ.ജയകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ റിജിൽ റോയി ,ഇ.കെ.ഷിനോജ് തുടങ്ങിയവർ സംസാരിച്ചു.ഇരുപതോളം പ്രമേഹരോഗികളുൾപ്പെടെ എഴുപതിലധികം പേർ പരിപാടിയിൽ പങ്കെടുത്തു.                                                                          ഇ.കെ.ഷിനോജ്, സെക്രട്ടറി, ചൈത്ര വാഹിനി ഫാർമേഴ്സ് ക്ലബ്ബ്

No comments