Breaking News

മാലോം പുഞ്ചയിൽ കാട്ടാനകൂട്ടം ഇരുചക്രവാഹനവും കാർഷിക വിളകളും നശിപ്പിച്ച സംഭവം ; ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംഭവസ്ഥലം സന്ദർശിച്ചു


വെള്ളരിക്കുണ്ട് : ബളാൽ പഞ്ചായത്തിലെ മാലോം വലിയ പുഞ്ചയിൽ ശനിയാഴ്ച രാത്രി ഇറങ്ങിയ കാട്ടാനകൂട്ടം ഇരു ചക്ര വാഹനം എടുത്തെറിഞ്ഞു..

നിരവധി കർഷകരുടെ കാർഷിക വിളകൾക്കും ആനകൂട്ടം നാശനഷ്‌ടം വരുത്തി.. വീടിനോട്‌ ചേർന്ന 

റോഡ് സൈഡിൽ പാർക്ക് ചെയ്‌ത വലിയപുഞ്ചയിലെ വരിക്കാമുട്ടിൽ ബിബിൻ സ്ക്കറിയയുടെ സ്‌കൂട്ടിയാണ് ആന ചുഴറ്റി എറിഞ്ഞത്.

ഞായറാഴ്ച രാവിലെ ആറുമണിയോടെ സ്‌കൂട്ടി എടുക്കാൻ വന്നപ്പോഴാണ് ബിബിൻ ആനയുടെ പരാക്രമം കണ്ട് നടുങ്ങിയത്. പാർക്ക് ചെയ്ത സ്ഥലത്തു നിന്നും സ്‌കൂട്ടി ചവിട്ടി മെതിച്ച് എടുത്ത് എറിഞ്ഞ നിലയിലാണ്. സമീപത്തെ നരിവേലിൽ മേരിയുടെ  വാഴ , കവുങ്ങ്, ചേരിയിൽ ജോളിയുടെ അഞ്ചോളം തെങ്ങ്, ബെന്നിയുടെ തെങ്ങ്, മാലോം റസാക്കിന്റെ തെങ്ങ്, മുതുകാട്ടിൽ കുട്ടിച്ചന്റെ തെങ്ങ്, തങ്കച്ചൻ ചേരിയിൽ, ഷാജി കളപ്പുര , ജോർജ്ജ് പാറക്കൂടിയിൽ എന്നിവരുടെ തെങ്ങ് കവുങ്ങ് വാഴ തുടങ്ങിയവരുടെ കാർഷിക വിളകളും  ആനകൂട്ടം നശിപ്പിച്ചു. വലിയ പുഞ്ചയിലെ അനിൽ വർമ്മയുടെ കാർഷിക വിളകൾക്കും കാട്ടാനകൂട്ടം നാശം വരുത്തി.

ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം. സ്ഥിരം സമിതി അംഗം അലക്സ് നെടിയകാലയിൽ വെള്ളരിക്കുണ്ട് സി. ഐ. ഷിജു എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതി ഗതികൾ വിലയിരുത്തി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ലക്ഷ്മണന്റെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്..

No comments