Breaking News

3 ദിവസം മുമ്പ് കാണാതായ വ്യക്തിക്ക് പുതുജീവൻ: വെള്ളരിക്കുണ്ട് പോലീസ് അധികൃതർക്ക് നാട്ടുകാരുടെ ബിഗ് സല്യൂട്ട്


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് കുട്ടിക്കുന്നിൽ നിന്നും കഴിഞ്ഞ മൂന്ന് ദിവസം മുമ്പ് കാണാതായ കുട്ടപ്പായി എന്ന് വിളിക്കുന്ന ജോസഫ് മാത്യുവിനെ വെള്ളരിക്കുണ്ട് സബ്ബ് ഇൻസ്പെക്ടർ ശ്രീദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നാട്ടുകാരുടെ സഹകരണത്തോടെ കണ്ടെത്തിയിരിക്കുന്നു.

കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടുകൂടിയാണ് കുട്ടപ്പായിയെ കാണാതാവുന്നത്.

            കുട്ടപ്പായിയുടെ വീടിന് തൊട്ട് താഴെ കുത്തിയൊലിക്കുന്ന വെള്ളരിക്കുണ്ട് - ഭീമനടി - മുക്കട പുഴയും ,വീടിൻെറ മേൽഭാഗത്ത് കുട്ടിക്കുന്ന് പ്രദേശത്തെ കൊടുംകാടും, അതിരൂക്ഷമായ കനത്ത മഴയും, പ്രതികൂലമായ കാലാവസ്ഥയുമൊക്കെ കൂടിയായപ്പോൾ ജോസഫ് മാത്യു എന്ന കുട്ടപ്പായിയെ എങ്ങനെ കണ്ടെത്തുമെന്ന ആശങ്ക ആയിരുന്നു വീട്ടുകാരും, നാട്ടുകാരും, പോലീസ് അന്വേഷണ സംഘവും പരസ്പരം പങ്ക് വെച്ചത്.

        ഏതു പ്രതികൂല കാലാവസ്ഥയിലും നാട്ടിൽ നിന്ന് അപ്രത്യക്ഷമായ വ്യക്തിയെ കണ്ടെത്താനുള്ള  ഇച്ഛാശക്തിയും, പോലീസുകാരുടെ നിശ്ചയദാർഢ്യവും, നാട്ടുകാരുടെ സഹകരണവും കൂടിയായപ്പോൾ മൂന്നാം ദിവസം വെള്ളിയാഴ്ച വൈകുന്നേരം 6 -30 മണിയോടുകൂടി വെള്ളരിക്കുണ്ട് കുട്ടിക്കുന്ന് കുന്നിൻ മുകളിൽ കാട്ടാന ശിവരാമൻ എന്നയാളുടെ തെങ്ങും , റബ്ബറും നിറഞ്ഞ തോട്ടത്തിലെ തൈക്കുഴിയിൽ അവശനായി കിടക്കുന്ന കുട്ടപ്പായിയെ കുട്ടിക്കുന്നിലെ രാധയാണ്  കണ്ടത്.

       ഉടൻതന്നെ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടർന്ന് പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ, നാട്ടുകാരുടെ സഹകരണത്തോടെ കുട്ടപ്പായിയെ സ്വകാര്യ വാഹനത്തിൽ വെള്ളരിക്കുണ്ട് കെ.ജെ. മെമ്മോറിയൽ സഹകരണ ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സ നൽകുകയാണുണ്ടായത്.

         വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷിക്കുന്നതിൽ സബ് ഇൻസ്പെക്ടർ ശ്രീദാസ് , ഗ്രേഡ് എസ് ഐ പി. പി. വിനോദ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ടി. പ്രിയേഷ്കുമാർ, രഞ്ജിത്ത് വെള്ളൂർ എന്നിവരും , സി .പി .ഐ .എം പരപ്പ ലോക്കൽ കമ്മിറ്റി അംഗം വിനോദ് പന്നിത്തടത്തിന്റെ നേതൃത്വത്തിൽ ബ്രാഞ്ച് സെക്രട്ടറി എ.കെ.മുരളീധരൻ,കുട്ടിക്കുന്ന് പ്രദേശത്തെ നാരായണൻ, ബാലൻ, കെ. പി.ദാമോദരൻ, ലിജി മൂശാട്ടിൽ, കാർത്യായനി,  സൗമ്യ നാരായണൻ, രാധ, നാരായണി കുട്ടികുന്ന്, തുടങ്ങിയ നാട്ടുകാരുടെ നേതൃത്വത്തിലുള്ള സംഘമാണ് രാപകലില്ലാതെ അന്വേഷണം നടത്തി കുട്ടപ്പായിയെ കണ്ടെത്താൻ പരിശ്രമിച്ചത്. വീട്ട്കാർക്കും , നാട്ടുകാർക്കും ആവേശം പകർന്നു വെള്ളരിക്കുണ്ട് പോലീസ് ഉദ്യോഗസ്ഥന്മാർ നടത്തിയ പരിശ്രമത്തെ നാട്ടുകാർ മുക്തകണ്ഠം പ്രശംസിച്ചു.

       സിപിഐഎം പരപ്പ ലോക്കൽ സെക്രട്ടറി എ. ആർ. രാജു, ലോക്കൽ കമ്മിറ്റി നേതാക്കന്മാരായ ടി. പി.തങ്കച്ചൻ, വിനോദ് പന്നിത്തടം, എ.ആർ. വിജയകുമാർ, സി.വി. മന്മഥൻ, ഗിരീഷ് കാരാട്ട്, തുടങ്ങിയവരുടെ ഇടപെടൽ നാട്ടുകാർക്കും പോലീസുകാർക്കും , കുട്ടപ്പായിയെ കണ്ടെത്താനുള്ള തെരച്ചിൽ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകി.

        ചുരുങ്ങിയ മൂന്നു ദിവസമാണെങ്കിലും കുട്ടപ്പായിയുടെ താല്കാലിക വേർപാട് മൂലം ഒരു വീടിനും അതിലുപരി ഒരു നാടിനും ഉണ്ടായ കടുത്ത വേദന ഇല്ലാതാക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ്, വെള്ളരിക്കുണ്ട് പോലീസ് സബ് ഇൻസ്പെക്ടർ ശ്രീദാസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥന്മാർക്ക് നാടിൻെറ ബിഗ് സല്യൂട്ട് നൽകുന്നത്.

No comments