Breaking News

കൃഷിയും കച്ചവടവും ജീവിതചര്യയാക്കി കേശവൻ നമ്പീശൻ വെള്ളരിക്കുണ്ടിലെ ഈ വ്യാപാരി വീട്ടിലെത്തിയാൽ കർഷകൻ


വെള്ളരിക്കുണ്ട് : കൃഷിയും കച്ചവടവും കേശവേട്ടന് ഒരു പോലെ ഹരമാണ്. വെള്ളരിക്കുണ്ട് ടൗണിൽ കോട്ടക്കൽ ആര്യവൈദ്യശാല നടത്തുന്ന കെ.എം കേശവൻ നമ്പീശൻ എന്ന കേശവേട്ടൻ ചെറുപുഴയിലെ തൻ്റെ വീട്ടിലെത്തിയാൽ ഒന്നാംതരം കൃഷിക്കാരനായി മാറും. ഒരു നല്ല ക്ഷീര കർഷകൻ കൂടിയായ കേശവേട്ടന് 2 കറവ പശുക്കൾ അടക്കം 6 പശുക്കളുണ്ട്. ഇതിൽ കാസർകോട് കുള്ളനും ഉൾപ്പെടുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഹൈടെക് തൊഴുത്തിൽ നിന്നും ലഭിക്കുന്ന ചാണകമാണ് കൃഷിക്കും പച്ചക്കറികൾക്കും വളമായി ഉപയോഗിക്കുന്നത്. രാസവളങ്ങളോ കീടനാശിനിയോ വാങ്ങാറില്ല. സ്വന്തം പറമ്പിൽ തീറ്റപുൽ കൃഷി നടത്തുന്നതിനാൽ പശുക്കൾക്ക് തീറ്റ തേടി അലയേണ്ട കാര്യവുമില്ല. വളക്കൂറുള്ള മണ്ണിൽ നൂറ് ചുവടിലധികം ഇഞ്ചികൃഷിയും കൂടാതെ ചേന , വാഴ , കവുങ്ങ് , തെങ്ങ് മറ്റ് പച്ചക്കറികൾ ഉൾപ്പെടെ നിരവധി കാർഷിക വിളകൾ ഹരിതാഭ പടർത്തി വിളഞ്ഞ് നിൽക്കുന്നു. മഴവെള്ളം ഭൂമിക്ക് തന്നെ എന്ന ആശയം മുൻനിർത്തി കുഴൽകിണർ റീചാർജ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. രാവിലെ 5 മണിക്ക് എഴുന്നേറ്റു കഴിഞ്ഞാൽ നേരെ തൊഴുത്തിലെ ജോലിയിൽ വ്യാപൃതനാവും, തൊഴുത്ത് വൃത്തിയാക്കലും , പശുവിനെ കുളിപ്പിക്കലും , കറന്നെടുത്ത പാൽ സൊസൈറ്റിയിൽ എത്തിക്കലും ഒക്കെ കേശവേട്ടൻ തന്നെയാണ് ചെയ്യുന്നത്. 9 മണിയോട് കൂടി വെള്ളരിക്കുണ്ടിലെ വ്യാപാര സ്ഥാപനത്തിലേക്ക് പുറപ്പെട്ടു കഴിഞ്ഞാൽ പശുവിന് തീറ്റ കൊടുക്കലും മറ്റ് കൃഷി കാര്യങ്ങളും കേശവേട്ടൻ്റെ ഭാര്യ ഏറ്റെടുക്കും. വ്യാപാരം അവസാനിപ്പിച്ച് വൈകിട്ട് വീട്ടിൽ എത്തിയാൽ കേശവേട്ടൻ വീണ്ടും  കർഷകനായി മാറും. 

അക്ഷരാർത്ഥത്തിൽ കൃഷിയും കച്ചവടവും ഒരു പോലെ ലഹരിയായ് കൊണ്ടുനടക്കുന്ന വ്യക്തിയാണ് കേശവേട്ടൻ. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ ജില്ലാ സെക്രട്ടറി ആയിരുന്ന കേശവൻ നമ്പീശൻ തുടർച്ചയായി മേഖലാ, യൂണിറ്റ് ഭാരവാഹിയായും പ്രവർത്തിച്ചു. 

വെള്ളരിക്കുണ്ടിനെ ടൗണിനെ ക്ലീൻ & ഗ്രീൻ ടൗണാക്കി മാറ്റുന്ന നൂതന പദ്ധതിയായ "ഹരിതം വെള്ളരിക്കുണ്ടിൻ്റെ" ഭാഗമായി വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ ചെടിച്ചെട്ടികൾ വെക്കുന്ന പദ്ധതിയിയുടെ ഭാഗമായി കർഷകൻ കൂടിയായ കേശവേട്ടൻ ഒരു വ്യത്യസ്തതക്ക് വേണ്ടി നട്ടത് നാടൻ പയർ വിത്താണ് . ഒരു മാസംകൊണ്ട് പയർ ചെടി വളർന്ന് കടയുടെ മുന്നിൽ ഹരിതഭംഗി പടർത്തുകയാണ്. പയർ ചെടി കായ്ച്ചുവെങ്കിലും വിളവെടുക്കാൻ കേശവേട്ടൻ തയ്യാറല്ല മറിച്ച് അവ വിത്തിനായി നിലനിർത്തുകയാണ് ചെയ്യുന്നത്. തന്നോട് ചോദിക്കുന്നവർക്ക് വിത്ത് നൽകാറുണ്ടെന്നും കേശവേട്ടൻ പറഞ്ഞു. ചെടിയുടെ വളർച്ചയ്ക്ക് ജൈവ മിശ്രിതം ഒഴിച്ച് കൊടുക്കാറുണ്ട് മറ്റ് കീടനാശികളൊന്നും ഉപയോഗിക്കാറില്ല.

വ്യാപാരവും കൃഷിയും ഏറെ താൽപര്യത്തോടെയും ഇഷ്ടത്തോടെയും ഒരുമിച്ച് കൊണ്ടുപോകുന്നതിനാൽ ജീവിതത്തിൽ സദാ സന്തോഷവാനാണ് കേശവേട്ടൻ


എഴുത്ത്: ചന്ദ്രു വെള്ളരിക്കുണ്ട്

No comments