6 G മൊബൈൽ സാങ്കേതിക വിദ്യയിൽ ഡോക്ടറേറ്റ് നേടി നാടിനഭിമാനമായ പരപ്പ കാരാട്ടെ ഡോ.അസ്കറിനെ ആനുമോദിച്ചു
പരപ്പ : 6 G മൊബൈൽ കമ്യൂണിക്കേഷനിൽ ഡോക്ടറേറ്റ് നേടി നാടിന് അഭിമാനമായി മാറിയ മുൻ വിദ്യാർത്ഥി -യുവജന നേതാവായ ഡോക്ടർ എം.കെ.അസ്കറിനെ സി.പി.ഐ. (എം) പരപ്പ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ആധുനിക വാർത്ത വിനിമയ രംഗത്ത് നൂതന ഗവേഷക പ്രബന്ധവുമായി ഛത്തീസ്ഗഡിലെ ഭിലായ് ഐ.ഐ.ടി.യിൽ നിന്നാണ് അസ്കർ ഡോക്ടറേറ്റ് നേടിയത്. കുട്ടിക്കാലം മുതൽ പഠനത്തിൽ മിടുക്ക് തെളിയിച്ച അസ്കർ പാർലമെൻററി രംഗത്തും, തന്റെ കഴിവ് തെളിയിച്ചു കൊണ്ടാണ് മുന്നേറ്റത്തിന്റെ പ്രയാണം തുടർന്നത്.
പരപ്പ ഗ്രാമത്തിൽ, തികച്ചും അവികസിത ഗ്രാമീണ മേഖലയായ കാരാട്ട് ,ദരിദ്ര - കർഷക തൊഴിലാളികളായ മുഹമ്മദലി - സുബൈദ ദമ്പതികളുടെ മകനായ അസ്കർ പരപ്പ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് ഉന്നത മാർക്കോടെ എസ്.എസ്.എൽ.സി പാസായത്. തുടർന്ന് ചായ്യോത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് എല്ലാ വിഷയങ്ങളിലും എ പ്ലസ് മാർക്കോടെ വിജയം കരസ്ഥമാക്കി.
പിന്നീട്, കണ്ണൂർ ഗവൺമെൻറ് എൻജിനീയറിങ് കോളേജിൽ നിന്ന് ബിടെക് ബിരുദവും, പൂനെ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഉന്നതമാർക്കോടെ എം.ടെക്കും പാസായി. എം.ടെക്ക് പഠനത്തിനിടയിലാണ് ഗവേഷണ മേഖലയിലേക്ക് ഇദ്ദേഹത്തിന്റെ ശ്രദ്ധ മാറിയത്. കണ്ണൂർ എൻജിനീയറിങ് കോളേജിൽ പഠിക്കുന്ന സന്ദർഭത്തിൽ പ്രോജക്ട് വർക്കിൻ്റെ ഭാഗമായി സംസ്ഥാന സർക്കാരിൻെറ പ്രത്യേക സാമ്പത്തിക സഹായവും നേടാൻ കഴിഞ്ഞു.
പഠനകാലയളവിൽ ഒട്ടേറെ അംഗീകാരങ്ങൾ നേടാൻ അസ്കറിന് സാധിച്ചു എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. 6 G മൊബൈൽ കമ്മ്യൂണിക്കേഷനിൽ 6 അന്താരാഷ്ട്ര പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ജേർണലിസം മേഖലയിൽ മൂന്നെണ്ണവും, ഉക്രൈൻ, അയർലൻഡ് രാജ്യങ്ങളിൽ രണ്ട് അന്താരാഷ്ട്ര കോൺഫറൻസ് പ്രബന്ധങ്ങളും, ഒരു ബുക്ക് ചാപ്റ്ററുമാണ്. ഡൽഹിയിൽ വച്ച് നടന്ന ഇന്ത്യൻ മൊബൈൽ കോൺഗ്രസിൽ ക്ഷണിതാവായി പങ്കെടുക്കാനുള്ള അവസരവും ഇക്കാലയളവിൽ അസ്കറിന് ലഭിച്ചു.
ഹിമാചൽപ്രദേശിലെ ഐ .ഐ .ടി മണ്ടിയുടെ മികച്ച പോസ്റ്റർ അവതരണത്തിനുള്ള അവാർഡും നേടി. കൃത്രിമ ഉപഗ്രഹങ്ങൾക്കിടയിൽ ലേസർ ഉപയോഗിച്ച് വാർത്ത വിനിമയം എന്ന വിഷയത്തിൽ യൂണിവേഴ്സിറ്റി ഓഫ് ദുബായിൽ അടുത്തമാസം പോസ്റ്റ് ഡോക്ടറൽ റിസർച്ച് ചെയ്യാനുള്ള ഒരുക്കത്തിലാണിപ്പോൾ അസ്കർ.
പരപ്പ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന കാലയളവിലാണ് കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ഭാഗമായുള്ള ബാലസഭയിലും, ബാല പാർലമെൻററി രംഗത്തും പ്രവർത്തിക്കാനുള്ള അവസരം അസ്കറിന് ലഭ്യമായത്. കിനാനൂർ - കരിന്തളം ഗ്രാമപഞ്ചായത്ത് ബാല പാർലമെന്റിന്റെ പഞ്ചായത്ത് പ്രസിഡണ്ടും, തുടർന്ന് തിരുവനന്ത പുരത്ത് വച്ച് നടന്ന സംസ്ഥാന ബാല പാർലമെൻറിൻ്റെ സ്പീക്കറുമായി പ്രവർത്തിച്ച അസ്കർ ചെറുപ്പം മുതലേ ഭരണ മികവിൽ പ്രാഗല്‍ഭ്യവും , നല്ല വാക്ചാതുരിയോടെ പ്രസംഗിക്കാനുള്ള കഴിവും ആർജിച്ചിട്ടുണ്ട് .
ഹൈസ്കൂൾ വിദ്യാർത്ഥിയായിരിക്കേ ബാലസംഘം കാരാട്ട് യൂണിറ്റ് സെക്രട്ടറി, പരപ്പ വില്ലേജ് കമ്മിറ്റി അംഗം, ചായ്യോത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി, നീലേശ്വരം ഏരിയാ കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ കാരാട്ട് യൂണിറ്റ് സെക്രട്ടറി തുടങ്ങിയ വിവിധ സംഘടന പ്രവർത്തനരംഗങ്ങളിലും അസ്കർ തൻെറ മികവ് തെളിയിച്ചിട്ടുണ്ട്. 2014 ൽ നാട്ടിൽ നിന്ന് മാറി ഉന്നത വിദ്യാഭ്യാസ മേഖലകളിലേക്ക് ശ്രദ്ധ തിരിയുന്നത് വരെ കാരാട്ട് പ്രദേശത്തെ എല്ലാ സാമൂഹ്യ -സാംസ്കാരിക - വിദ്യാഭ്യാസ രംഗത്തും രാഷ്ട്രീയ സംഘടനാ പ്രവർത്തനങ്ങളിലും അസ്കർ തൻ്റെ കൈയ്യൊപ്പ് ചാർത്തിയിട്ടുണ്ട്.
നിത്യ രോഗികളായ മാതാപിതാക്കളുടെ ചികിത്സാ ചെലവും, രണ്ട് സഹോദരിമാരുടേയും, താനും, ഇളയ അനുജന്റെയും വിദ്യാഭ്യാസ ചെലവും ഒന്നിച്ച് നിർവ്വഹിച്ചു കൊണ്ടാണ് തൻ്റെ കുടുംബം ഇക്കാലയളവിൽ ജീവിച്ചത്. ദുരിത പൂർണവും, ക്ലേശകരവുമായ ജീവിതത്തിനിടയിലും, പഠനത്തിൽ മക്കളാരും പുറകോട്ട് പോകരുത് എന്ന് നിശ്ചയദാർഢ്യം മാതാവ് സുബൈദയ്ക്കുണ്ടായിരുന്നു എന്ന കാര്യം അനുമോദന യോഗത്തിൽ അസ്കർ അനുസ്മരിച്ചു .മൂത്ത സഹോദരി തഫ്സീറ അറബി അധ്യാപികയായി ജോലി ചെയ്യുന്നു. തൻസീറ സംസ്കൃതത്തിൽ ബിരുദവും, എം. സി. എ കോഴ്സും പാസായിട്ടുണ്ട്. സഹോദരൻ അൻവർ ജൂനിയർ റിസർച്ച് ഫെലോ , ബി. ഐ. ടി മെസറ ജാർഖണ്ഡ് തുടരുന്നു.
ഇത്തരത്തിൽ പഠനത്തോടൊപ്പം, പാഠ്യേതര രംഗത്തും പൊതുരംഗത്തും, തൻ്റെ മികവ് തെളിയിച്ച ഡോ.എം.കെ.അസ്കറിനെ അദ്ദേഹത്തിൻെറ ബാല്യകാലത്തെ കളിത്തൊട്ടിലായിരുന്ന പരപ്പയിൽ സി.പി.ഐ (എം) ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രൗഡോ ജലമായ സ്വീകരണവും അനുമോദനവും നൽകി. വി.ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ പാർട്ടി ഏരിയ സെക്രട്ടറി എം. രാജൻ ഷാൾ അണിയിച്ച് സ്വീകരിച്ച് പാർട്ടി ലോക്കൽ കമ്മറ്റിയുടെ സ്നേഹോപഹാരവും നല്കി.ഗിരീഷ് കാരാട്ട്,ഡോക്ടർ എം. കെ. അസ്കർ എന്നിവർ പ്രസംഗിച്ചു. ലോക്കൽ സെക്രട്ടറി എ.ആർ. രാജു സ്വാഗതവും, വിനോദ് പന്നിത്തടം നന്ദിയും പറഞ്ഞു.
No comments