Breaking News

അതിതീവ്ര മഴ, 2 ജില്ലകളിൽ റെഡ് അലർട്ട്; മഴക്കെടുതി രൂക്ഷം, മരങ്ങൾ വീണ് അപകടം, ഷോക്കേറ്റ് ഇന്ന് 2 മരണം


തിരുവനന്തപുരം: കാലവർഷം വീണ്ടും ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. രണ്ട്  ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ഉണ്ട്. കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം  ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. നാളെയും മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. 

നാളെ സ്കൂൾ അവധി 

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 4 ജില്ലകളിൽ കോളേജുകളടക്കം മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് , വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. 

ജാഗ്രതാ നിർദ്ദേശം 

മലയോരമേഖലകളിൽ ജാഗ്രത വേണം. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. തെക്കൻ ഛത്തീസ്‌ഗഡിനും വിദർഭക്കും  മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. വടക്കൻ  കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്തീരം വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്. കേരള തീരത്തു പടിഞ്ഞാറൻ/വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. ഇതിന്റെ സ്വാധീനഫലമായാണ് കനത്ത മഴ തുടരുന്നത്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്ചയോടെ മറ്റൊരു ന്യൂനമർദ്ദം രൂപപ്പെട്ടേക്കും.

ഷോക്കേറ്റ് മരണം 

സംസ്ഥാനത്ത് ഇന്ന് ഷോക്കേറ്റ് രണ്ട് പേർ മരിച്ചു. വയനാട് പുൽപ്പള്ളിയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. ചീയമ്പം 73 കോളനിയിലെ സുധൻ (32) ആണ് മരിച്ചത്. വീട്ടിൽ നിന്ന് വയൽ വഴി നടന്നുവരുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു.നിർമാണ തൊഴിലാളിയാണ് സുധൻ.തിരുവല്ലയില്‍ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മേപ്രാൽ തട്ടുതറയിൽ വീട്ടിൽ റെജി മരിച്ചു. പുല്ല് അരിയാൻ പോയപ്പോൾ പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്നാണ് ഷോക്കേറ്റത്.  

വയനാട്ടിൽ 3 ദുരിതാശ്വാസ കേന്ദ്രങ്ങൾ

ഓറഞ്ച് അലർട്ടുള്ള വയനാട്ടിൽ മഴ കെടുതിയെ തുടർന്ന് ജില്ലയിൽ 3 ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നു.മുത്തങ്ങയിലെ കല്ലൂരിൽ വെള്ളം കയറിയതിനെ തുടർന്ന് ഏഴു കുടുംബങ്ങളെ  മാറ്റിപ്പാർപ്പിച്ചു. നൂൽപ്പുഴ പുത്തൂർ കോളനിയിൽ വെള്ളം കയറിയതിന് തുടർന്ന് 5 കുടുംബങ്ങളെ അടുത്തുള്ള ആർട്സ് & സ്പോട്സ് ക്ലബ്ബിലേക്ക് മാറ്റി. ശക്തമായ മഴയെ തുടർന്ന് ജില്ലയിലെ ക്വാറി പ്രവർത്തനങ്ങൾക്കും മണ്ണെടുക്കലിനും ജില്ലാ കളക്ടർ നിയന്ത്രണം ഏർപ്പെടുത്തി. 

മഴക്കെടുതിയില്‍ തൃശ്ശൂർ

മഴക്കെടുതിയില്‍ തൃശ്ശൂർ ജില്ലയില്‍ നാശനഷ്ടങ്ങള്‍. തളിക്കുളം നമ്പിക്കടവില്‍ ആലിമുഹമ്മദിന്‍റെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. ആലി മുഹമ്മദിന്‍റെ ഭാര്യ നഫീസ, മകന്‍ ഷക്കീര്‍, മരുമകള്‍ റജുല എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചാവക്കാട് മണത്തലയില്‍ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. പൂക്കോട്ടില്‍ ജ്യോതിഷ് കുമാറിന്‍റെ വീട്ടിലാണ് സംഭവം. വീടിന്‍റെ കോണ്‍ക്രീറ്റിന് നാശമുണ്ട്. കടപ്പുറം പഞ്ചായത്തിലെ ആനാം കടവില്‍ തെങ്ങു വീണ് വീട് തകര്‍ന്നു. കുഞ്ഞുമോന്‍റെ വീടാണ് തകര്‍ന്നത്. എളവള്ളി പ്രസാിന്‍റെ വീട്ടിലെ കിണര്‍ ഇടിഞ്ഞുതാണു.ഒല്ലൂര്‍ ചിരാച്ച് വളവില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് മുകളിലേക്ക് മരം വീണു ഗതാഗതം ഒരുണിക്കൂര്‍ തടസ്സപ്പെട്ടു.കനത്ത മഴയെത്തുടര്‍ന്ന്  പൊരിങ്ങല്‍ കുത്ത് ഡാമിന്‍റെ കൂടുതല്‍ ഷട്ടറുകള്‍ തുറന്നു. അതിരപ്പിള്ളി ചാര്‍പ്പ വെള്ളച്ചാട്ടങ്ങളിലെ നീരൊഴുക്ക് കൂടിയുട്ടുണ്ട്. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. 

മൂന്നാറിൽ മഴയ്ക്ക് നേരിയ ശമനം

മൂന്നാറിൽ മഴയ്ക്ക് നേരിയ ശമനം. മലയോര മേഖലയിൽ  മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ ഗതാഗത തടസം നീക്കി. അപകട സാധ്യതയുള്ളതിനാൽ ഗ്യാപ്പ് റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ചു.മൂന്നാർ മാട്ടുപ്പെട്ടി റോഡിലും മണ്ണിടിച്ചിൽ  സാധ്യത നിലനിൽക്കുന്നുണ്ട്. രാവിലെ നേര്യമംഗലം കാഞ്ഞിരവേലിയിൽ വീട് തകർന്നു. ആളപായമില്ല. മലങ്കര, കല്ലാർകുട്ടി, പാം ബ്ല ഡഷട്ടറുകൾ തുറന്നതിനാൽ ജാഗ്രത നിർദ്ദേശം ഉണ്ട്. തൊടുപുഴ ഉൾപ്പെടെയുള്ള മേഖലയിൽ മഴ മാറി നിൽക്കുകയാണ്. 


കോട്ടയത്ത് ഇന്നലെ രാത്രിയിൽ അതിശക്തമായ മഴയും കാറ്റുമുണ്ടായെങ്കിലും രാവിലെ മുതൽ മഴയ്ക്ക് നേരിയ ശമനമുണ്ട്. വടവാതൂർ, തിരുവാർപ്പ്, കുമരകം തുടങ്ങിയ സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. വിവിധ ഇടങ്ങളിൽ കാറ്റിൽ മരങ്ങൾ വീണു. ജനറൽ ആശുപത്രിയിലെ മോർച്ചറി കെട്ടിടത്തിന് മുകളിൽ മരം വീണു.കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണമായും തകർന്നതോടെ മോർച്ചറി പ്രവ‍ത്തനവും പോസ്റ്റമോർട്ടവും താത്കാലികമായി നിർത്തി

No comments