Breaking News

പെരുമ്പട്ട പാലത്തിൻ്റെ അരികുകൾ മണ്ണിടിച്ചിൽ ഭീഷണിയിൽ: സംരക്ഷണ ഭിത്തി നിർമ്മിക്കണമെന്ന് നാട്ടുകാർ


ഭീമനടി:  ശക്തമായ മഴയിൽ പെരുമ്പട്ട പാലത്തിൻ്റെ അരികിൽ മണ്ണ് ഇടിഞ്ഞുതാണു. പാലത്തിൻ്റെ കയ്യൂർ-ചീമേനി പഞ്ചായത്തിൽ വരുന്ന കുണ്ട്യം ഭാഗത്ത് എ പി കെ കരീം എന്നവരുടെ സ്ഥലത്താണ് പാലത്തിനോട് ചേർന്ന് ഏകദേശം പത്ത് മീറ്ററോളം നീളത്തിൽ ആറ് മീറ്ററിൽ അധികം താഴ്ച്ചയിൽ പുഴയിലേക്ക് ഇടിഞ്ഞത്. പാലത്തിൻ്റെ സൈഡ് ഭിത്തിയോട് ചേർന്ന് ഇടിഞ്ഞത്

പാലത്തിൻ്റെ സുരക്ഷിതത്വത്തെ ബാധിക്കാനിടയുണ്ട്. മലയോരത്തിന്റെ പ്രവേശന കവാടം എന്നറിയപ്പെടുന്ന തേജസ്വിനി പുഴയിലെ പെരുമ്പട്ട കുണ്ട്യം കടവിൽ 9.9കോടി രൂപ ചെലവിലാണ് ഈ അഭിമാന പാലം പണിതത്. 2021ജൂണിൽ ആണ് മന്ത്രി മുഹമ്മദ് റിയാസ് പാലം പൊതുജനത്തിനായി തുറന്ന് കൊടുത്തത്. കയ്യൂർ ചൂമേനി, വെസ്റ്റ് എളേരി പഞ്ചായത്തുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഈ പാലം ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്നു. പാലത്തിന്റെ ഇരുകരകളിലുമായി ആവശ്യമായ സ്ഥലം സമീപത്തുള്ളവർ സൗജന്യമായി നല്‍കിയിരുന്നു. അങ്ങനെ 20 സെന്റ് സ്ഥലം സൗജന്യമായി നല്‍കിയ എ പി കെ കരീമിന്റെ സ്ഥലമാണ് കഴിഞ്ഞ ദിവസം രാത്രിയിലെ മഴയിൽ പുഴ എടുത്തത്. ഇവിടം അടിയന്തരമായും പാർശ്വഭിത്തി കെട്ടി സംരക്ഷിച്ചില്ലെങ്കിൽ അത് പാലത്തെ ബലഹീനമാക്കും. ഇരുകരകളിലേയും പാലത്തോട് ചേര്‍ന്ന ഭാഗം എത്രയും പെട്ടെന്ന് സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

No comments