ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിൽ തീപിടിത്തം; 3 ലക്ഷത്തിന്റെ നഷ്ടം
കാസർകോട് ∙ ബിജെപി ജില്ലാ കമ്മിറ്റി ഓഫിസായ താളിപടുപ്പിലെ ശ്യാമപ്രസാദ് മുഖർജി മന്ദിരത്തിൽ തീപിടിത്തം. ഇന്നലെ ഉച്ചയോടെ ഓഫിസിന്റെ താഴത്തെ നിലയിലാണ് തീപിടിച്ചത്. പുകയുയരുന്നത് ശ്രദ്ധയിൽപെട്ട സമീപവാസികളാണ് പാർട്ടി നേതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നു അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി.
ഓഫിസിന്റെ താഴത്തെ നിലയിൽ സൂക്ഷിച്ചിരുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകൾ, കടലാസുകൾ, പൈപ്പുകൾ, ഇലക്ട്രിക് സ്വിച്ച് ബോർഡ്, വയറിങ്, തുടങ്ങിയവ കത്തിനശിച്ചെന്നും തീപിടിത്തത്തിൽ 3 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായും ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ പറഞ്ഞു. ഇന്നലെ ഓഫിസ് അവധിയായതിനാൽ പ്രവർത്തകർ ഇല്ലായിരുന്നെന്നും അതിനാൽ വലിയ അപകടം ഒഴിവായി. ജില്ലാ പൊലീസ് മേധാവി ഡി.ശിൽപയുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി.
രക്ഷാപ്രവർത്തനത്തിന് സ്റ്റേഷൻ ഓഫിസർ ഗോപാലകൃഷ്ണൻ മാവില, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ വി.കെ.നിധീഷ്, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ പി.ജി.ജീവൻ, കെ.നിരൂപ്, എസ്.അരുൺകുമാർ, മിഥുൻ, അനിത്, ലിനിൻ, ശ്രീജിഷ, ഹോംഗാർഡ് വിജിത്ത് നാഥ്, രാകേഷ് എന്നിവർ പങ്കെടുത്തു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നു പറയുന്നു. തീപിടിത്തത്തിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി
No comments