Breaking News

"കാൽനടക്കാർക്ക് സുരക്ഷിതത്വം വേണം" കൊന്നക്കാട് പൊതുപ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നു

                                            


കൊന്നക്കാട്: റോഡ് വാഹനങ്ങൾക്ക് മാത്രമല്ല കാൽനടക്കാർക്കും യാത്ര ചെയ്യാനുളള പൊതു ഇടമാണ് എന്നും അതുകൊണ്ടുതന്നെ കാൽനടയാത്രക്കാർക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താനുളള ക്രമീകരണങ്ങളാവശ്യമാണെന്നും കൊന്നക്കാടു് ചേർന്ന പൊതുപ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും യോഗമാവശ്യപ്പെട്ടു. കൊന്നക്കാട് നിന്ന് മാലോത്ത് കസ്ബ സ്കൂളിലേക്കും തിരിച്ചും ധാരാളം വിദ്യാർത്ഥികൾ കൊന്നക്കാട് - വെള്ളരിക്കുണ്ടു് റോഡിലൂടെ നടന്ന് യാത്ര ചെയ്യുന്നുണ്ടു്.കൂടാതെ നിരവധി ആളുകൾ പ്രഭാത നടത്തത്തിനു് ഈ റോഡ് ഉപയോഗിക്കുന്നുണ്ടു്. അതിനും പുറമെ വട്ടക്കയം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് നിരവധി നിർദ്ധന രോഗികൾ ഈ റോഡിലൂടെ നടന്നു പോകുന്നുമുണ്ടു്. എന്നാൽ റോഡിനിരുവശവും കാടുമൂടിയ നിലയിലായതിനാൽ കാൽനട യാത്രികർക്കു് സുരക്ഷിതമായി സഞ്ചരിക്കാൻ ബുദ്ധിമുട്ടുണ്ടു്.ഇക്കാര്യങ്ങൾ പരിഗണിച്ച് കൊന്നക്കാടു് ടൗണിൽ നിന്ന് പറമ്പ റോഡ് ജങ്ങ്ഷൻ വരെ റോഡിൻ്റെ ഇരുവശങ്ങളും കോൺക്രീറ്റു ചെയ്യാനും ആവശ്യമായ സ്ഥലങ്ങളിൽ ഓടകൾ നിർമ്മിക്കാനും നടപടികളുണ്ടാവണമെന്ന് യോഗമാവശ്യപ്പെട്ടു. പറമ്പ റോഡു് മുതൽ കോലുങ്കാൽ വരെ മലയോര ഹൈവേയുടെ ഭാഗമെന്ന നിലയിൽ റോഡിനിരുവശവും കോൺക്രീറ്റു ചെയ്യുന്ന പ്രവർത്തി നടക്കുന്നുണ്ടു്.
ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ കൊന്നക്കാടു് ചൈത്ര വാഹിനി ഫാർമേഴ്സ് ക്ലബ്ബ് വട്ടക്കയം മുതൽ റോഡിനിരുവശവും കാടു തെളിച്ചെങ്കിലും രണ്ടാഴ്ചയ്ക്കുള്ളിൽ വീണ്ടും റോഡിൻ്റെ വശങ്ങൾ കാടു വന്നു മൂടും.ഈയൊരു പശ്ചാത്തലത്തിലാണ് ചൈത്ര വാഹിനി മുൻകൈയെടുത്ത് പ്രദേശത്തെ ജനപ്രതിനിധികളുടെയും പൊതു പ്രവർത്തകരുടെയും യോഗം വിളിച്ചു ചേർത്ത് ഈ വിഷയം ചർച്ച ചെയ്തതും റോഡിനിരുവശവും കോൺക്രീറ്റ് ചെയ്യണമെന്ന ആവശ്യം പി.ഡബ്ലിയു.ഡി അധികൃതരുടെയും എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചതും.ഈ വിഷയത്തിലുള്ള തുടർ പ്രവർത്തനങ്ങൾക്കായി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് ചെയർമാനും പഞ്ചായത്തംഗം പി.സി.രഘുനാഥൻ കൺവീനറുമായി കർമ്മസമിതിക്ക്‌ യോഗം രൂപം നൽകി. ഇവർക്കു പുറമെ പഞ്ചായത്ത് മെമ്പർമാരായ മോൻസി ജോയി, ബിൻസി ജയിൻ, പൊതുപ്രവർത്തകരായ റിട്ട.ഐ.ജി .കെ.വി.മധുസൂദനൻ , ടി.പി.തമ്പാൻ, കെ.എസ്.രമണി, വി.ആർ.ജയകുമാർ, ബേബി അമ്പഴത്തിനാൽ, ഇ.കെ.ഷിനോജ് തുടങ്ങിയ നിരവധി പേർ യോഗത്തിൽ പങ്കെടുത്തു.

No comments