ഓൺലൈൻ ബിസിനസ് തട്ടിപ്പ് ; 22 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ചിറ്റാരിക്കാൽ പോലീസ് അറസ്റ്റ് ചെയ്തു.
ചിറ്റാരിക്കൽ: ഓൺലൈൻ ബിസിനസിൽ വൻ ലാഭവിഹിതം വാഗ്ദാനം ചെയ്ത്22 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ചിറ്റാരിക്കാൽ എസ് ഐ രാജീവൻ വലിയവളപ്പിലും സംഘവും അറസ്റ്റ് ചെയ്തു. കോഴിക്കോട് ചെറുവണ്ണൂർ കൊളത്തറ അബ്ദുൽ റസാക്കിന്റെ മകൻ മുഹമ്മദ് തമീം (22)മിനെയാണ് കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങേത്തിന്റെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ രാജീവൻ വലിയവളപ്പിലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ചിറ്റാരിക്കാൽ പാലാവയലിലെ ചക്കാലക്കൽ ഹൗസിൽ ജോജോ ജോസഫിന്റെ പരാതിയിലാണ് തമീമിനെ അറസ്റ്റ് ചെയ്തത്. ഫ്ലൈറ്റ് നെറ്റ് വർക്ക് എന്ന ഓൺലൈൻ കമ്പനിയിൽ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് പലതവണകളായി 22 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. പ്രതിയെ കോടതിയിൽ ഹാജരാക്കും. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർക്ക് പുറമേ എസ് ഐ അനിൽകുമാർ, എസ് ഐ മോൻസി പി വർഗീസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജീഷ്, ദിലീപ്, ജോസ്, രാജൻ എന്നിവരും ഉണ്ടായിരുന്നു. ഓൺലൈൻ ബിസിനസ്സിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന കേസിലെ പ്രതികളെ പിടികൂടുക പ്രയാസമാണ്. ചിറ്റാരിക്കൽ പോലീസ് നടത്തിയ സമർത്ഥമായ അന്വേഷണത്തിലൂടെയാണ് തമീമിനെ പിടികൂടാൻ ആയത്.
No comments