കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്തിലെ കുണ്ടൂരിലെ ഗ്രാന്മ വായനശാലയുടെ നേതൃത്വത്തിൽ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു
കാലിച്ചാമരം: കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്തിലെ കുണ്ടൂരിലെ ഗ്രാന്മ വായനശാലയുടെ നേതൃത്വത്തിൽ പ്രദേശത്തെ വി.വി. സവിതയുടെ വീട്ടുമുറ്റത്ത് സൗഹൃദ സദസ്സ് സംഘടിപ്പിച്ചു.
ആദിത്യ.വി.വി സ്വാഗതഭാഷണം നടത്തി. വായനശാല ജോയിന്റ് സെക്രട്ടറി അനീഷ്.വി.ജി അദ്ധ്യക്ഷനായി.
കുമ്പളപ്പള്ളി സ്കൂളിലെ അദ്ധ്യാപിക ദിവ്യ.എ.സി, 'നുജൂദ് അലിയും ഡെൽഫിൻ മിനായിയും' ചേർന്നെഴുതിയ പുസ്തകം "ഞാൻ നുജൂദ്, വയസ്സ് പത്ത്, വിവാഹമോചിത"പരിചയപ്പെടുത്തി.
ഒൻപതാമത്തെ വയസ്സിൽ മാതാപിതാക്കളുടെ നിർബദ്ധത്തിനു വഴങ്ങി വിവാഹിതയായി, തന്റെ പത്താമത്തെ വയസ്സിൽ വിവാഹ മോചനം നേടി ലോകത്തിലെ തന്നെ ശൈശവ വിവാഹങ്ങൾക്ക് തിരിച്ചറിവിന്റെ ജ്വാല പകർന്ന നുജൂദ് അലിയുടെ ജീവിതകഥയാണ് പുസ്തകം.
യമനിലെ നിലവിലുള്ള വിവാഹ വ്യവസ്ഥയെ തന്നെ മാറ്റി മറിക്കാൻ കാരണമായ വ്യക്തിയാണ് നുജൂത്. ഗ്രാന്മ സെക്രട്ടറി ലിനീഷ് കുണ്ടൂർ സംസാരിച്ചു.
ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരം നടന്ന പരിപാടിക്ക് ഹരിത കർമ്മസേന പ്രവർത്തക ഇന്ദിര സന്തോഷ് സ്റ്റീൽ ഗ്ലാസുകൾ എത്തിച്ചു. അന്താക്ഷരി,കടങ്കഥ, സുന്ദരിക്ക് പൊട്ടുതൊടൽ തുടങ്ങിയ പരിപാടികൾ നടന്നു. അമ്പതിലേറെ ആളുകൾ പരിപാടിയിൽ പങ്കെടുത്തു.
ചായ സൽക്കാരത്തിനും സമ്മാനദാനത്തിനും ശേഷം ലൈബ്രേറിയൻ മാളവിക നന്ദിയർപ്പിച്ച് സംസാരിച്ചു.
No comments