Breaking News

50 വർഷം നീണ്ട വായനയിൽ നിന്നും അറിവനുഭവങ്ങളുടെ കരുത്തുമായി പരപ്പ എടത്തോട്ടെ ഗംഗാധരൻ കൊടക്കൽ വായിച്ച് തീർത്തത് മൂവായിരത്തോളം പുസ്തകങ്ങൾ


പരപ്പ: "വായിച്ച് വളരുക"  എന്ന ആപ്തവാക്യം നൂറ് ശതമാനം ഉൾക്കൊണ്ട് ജീവിച്ച വ്യക്തി കാസർകോട് ജില്ലയിലുണ്ട്. വെള്ളരിക്കുണ്ട് താലൂക്കിലെ എടത്തോട് കൊടക്കൽ വീട്ടിൽ ഗംഗാധരൻ എന്ന 62 കാരനാണ് കഴിഞ്ഞ 50 വർഷമായി വായനയുടെ ലോകത്ത് ആനന്ദം കണ്ടെത്തുന്നത്. പ്രാഥമിക വിദ്യാഭ്യാസം പോലും പൂർത്തിയാക്കാൻ കഴിയാതിരുന്ന ഗംഗാധരേട്ടന് അറിവും അക്ഷരങ്ങളും പകർന്ന് നൽകിയത് എടത്തോട് ഗ്രാമീണ വായനശാലയാണ്. 1967-ൽ ഗ്രന്ഥശാലാ സംഘമായി ആരംഭിച്ച വായനശാലയുടെ പ്രാരംഭകാലം മുതൽ തുടങ്ങിയ ബന്ധം ഇന്നും നിലനിർത്തി പോരുകയാണ് ഗംഗാധരേട്ടൻ. വായനശാലയുമായി പതിറ്റാണ്ടുകൾ പിന്നിട്ട ഈ ആത്മബന്ധത്തിന് പിന്നിൽ ഇദ്ദേഹത്തിൻ്റെ ജീവിതം തന്നെ പറയാനുണ്ട്. പരപ്പ എൽ.പി സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർന്നുവെങ്കിലും സ്കൂൾ വിദ്യാഭ്യാസം എന്നത് ഗംഗാധരന് ഏതാനും ദിവസങ്ങൾ മാത്രമേ വിധിച്ചിട്ടുണ്ടായിരുന്നുള്ളൂ. ഒന്നാം തരത്തിൽ ഒരു മാസം തികയും മുമ്പ് സ്കൂളിൽ നിന്ന് വീണ് പരിക്കേറ്റ് കിടപ്പിലായതോടൊപ്പം അസുഖവും കൂടി പിടി കൂടിയതോടെ അന്നത്തെ ജീവിത സാഹചര്യത്തിൽ സ്കൂളിലേക്ക് പോകാൻ കഴിയാതെയായി. പക്ഷേ, പഠിക്കാനുള്ള ആഗ്രഹം ആ കൊച്ചു മനസിൽ നിറഞ്ഞ് നിന്നു. ആ കാലത്ത് എടത്തോട് ഗ്രന്ഥശാലാ സംഘത്തിൽ സാക്ഷരതാ ക്ലാസ് ആരംഭിച്ച വിവരം ഗംഗാധരൻ അറിഞ്ഞു, അങ്ങനെ തൻ്റെ പത്താമത്തെ വയസിൽ ആദ്യമായി വായനശാലയുടെ പടികൾ കയറിയപ്പോൾ അത് ഗംഗാധരൻ്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായി മാറുകയായിരുന്നു. വായനശാലയിലെ ആദ്യകാല ലൈബ്രേറിയൻ ആയിരുന്ന കേളു മാസ്റ്ററാണ് ഗംഗാധരനെ അക്ഷരങ്ങൾ കൂട്ടി വായിക്കാൻ പഠിപ്പിച്ചത്. അന്ന് സാക്ഷരതാ ക്ലാസിൽ ഇരുപതോളം പഠിതാക്കൾ ഉണ്ടായിരുന്നു. പി.എൻ പണിക്കർ നേതൃത്വം കൊടുക്കുന്ന സാക്ഷരതാ പ്രവർത്തകരും ഇംഗ്ലീഷ് പഠിപ്പിക്കാനെത്തിയ നാരായണൻ മാസ്റ്ററും  അറിവിൻ്റെ ലോകം തുറന്നിട്ടു.  ആ കാലഘട്ടത്തിൽ എടത്തോട് വായനശാല ചെറിയ ഓടിട്ട കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്.വൈകിട്ട് 7 മണി മുതൽ രാത്രി 9 മണി വരെയാണ് സാക്ഷരതാ ക്ലാസ്. വൈദ്യുതി ബന്ധം ഇല്ലാതിരുന്ന ആ ചെറിയ കെട്ടിടത്തിൻ്റെ ചായ്പ്പിൽ ഇരുന്ന് പെട്രോമാക്സിൻ്റെയും പാനീസിൻ്റേയും വെളിച്ചത്തിൽ ഒരു പത്ത് വയസുകാരൻ ആർത്തിയോടെ അക്ഷരങ്ങൾ കൂട്ടി വായിച്ചത് ഗംഗാധരേട്ടൻ 50 വർഷങ്ങൾക്കിപ്പുറം ഓർത്തെടുത്തു. 

അടിയന്തിരാവസ്ഥക്ക് തൊട്ട് മുമ്പ് വരെ അഞ്ച് വർഷത്തോളം വായനശാലയിൽ സാക്ഷരതാ ക്ലാസ് നടന്നിരുന്നു. അക്ഷരങ്ങൾ പഠിച്ചതോടെ ഗംഗാധരൻ വായനശാലയിൽ നിന്നും പുസ്തകങ്ങൾ എടുത്ത് വായിക്കാൻ തുടങ്ങി. പതിനാറാം വയസിൽ 63-ാമത് മെമ്പറായി ഗംഗാധരൻ വായനശാലയിൽ മെമ്പർഷിപ്പ് എടുത്തു.  600 പുസ്തകങ്ങളാണ് അന്ന് വായനശാലയിൽ ഉണ്ടായിരുന്നത്. കുറച്ച് വർഷങ്ങൾ കൊണ്ടു തന്നെ അത് മുഴുവൻ ഗംഗാധരൻ വായിച്ച് തീർത്തു. ചന്തുമേനോൻ്റെ 'ഇന്ദുലേഖ' എന്ന നോവലാണ് ആദ്യം വായിച്ച് തീർത്ത പുസ്തകം. ആ പുസ്തകത്തോട് ഇന്നും പ്രത്യേക ഇഷ്ടമാണെന്നും 12 തവണയോളം ഇന്ദുലേഖ വായിച്ചിട്ടുണ്ടെന്നും ഗംഗാധരേട്ടൻ പറഞ്ഞു. വായനശാലയിൽ നിന്ന് പുസ്തകങ്ങളെടുത്ത് വായിക്കുന്നതിന് പുറമെ ഇഷ്ടപ്പെട്ട ഒട്ടേറെ പുസ്തകങ്ങൾ സ്വന്തമായി വാങ്ങി വായിക്കാറുമുണ്ടായിരുന്നു. പുസ്തകങ്ങൾ സൂക്ഷിക്കാൻ അലമാര പോലും ഇല്ലാതിരുന്ന കാലത്ത് പഴയ വീട് പൊളിച്ചപ്പോൾ കുറേയൊക്കെ നഷ്ടമായി. 

സി.എൽ ജോസിൻ്റെ നാടകങ്ങൾ, ബഷീറിൻ്റേയും തകഴിയുടേയും ഒ.വി വിജയൻ്റേയും എം.ടിയുടെയും ഉൾപ്പെടെ പഴയകാല എഴുത്തുകാരുടെ കൃതികൾക്ക് പുറമെ പുതിയ കാലഘട്ടത്തിലെ എഴുത്തുകാരുടെ പുസ്തകങ്ങളും വായിച്ച് ആസ്വദിക്കുന്നുണ്ട്. ആഴ്ചപ്പതിപ്പുകളിലെ നോവലുകൾ ഒന്നു പോലും വിടാതെ വായിച്ചു തീർത്തിരുന്ന ഗംഗാധരൻ എന്ന യുവാവ് അന്ന് ഡിറ്റക്ടീവ് നോവലുകളുടെ കടുത്ത ആരാധകനായിരുന്നു. പത്രവായനയും മുടക്കാറില്ല. പത്രം എല്ലായിടത്തും  സുലഭമല്ലാതിരുന്ന കാലത്ത് ഒടയഞ്ചാൽ വരെ നടന്ന് പോയി പത്രം വായിച്ചിരുന്ന ഓർമ്മകളും പങ്കുവച്ചു.


എസ്.കെ പൊറ്റക്കാടിൻ്റെ യാത്രാവിവരണ പുസ്തകങ്ങൾ ഗംഗാധരനെ താൻ കാണാത്ത വിശാലമായ ലോകത്തേക്ക് നയിച്ചു. 

നിരന്തര യാത്രകൾ കൊണ്ട് അറിവുകളും അനുഭവവുമാർജ്ജിച്ച്​ സഞ്ചാര സാഹിത്യത്തിൽ എസ്.കെ തീർത്ത മാന്ത്രികത ഗംഗാധരേട്ടൻ അടക്കമുള്ള നാട്ടിൻപുറത്തുകാർക്ക് ലോകത്തെ അറിയാനുള്ള വഴി തുറന്നിട്ടു.

ഇപ്പോൾ അറുപത്തിരണ്ടാം വയസിൽ എത്തി നിൽക്കുമ്പോൾ ഗംഗാധരേട്ടൻ ഏകദേശം ഇതുവരെ  മൂവായിരത്തിൽ അധികം പുസ്തകങ്ങളാണ് വായിച്ച് തീർത്തത്. ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ലെങ്കിലും പുസ്തകങ്ങളിലൂടെ ലഭിച്ച അറിവും അനുഭവങ്ങളും ഗംഗാധരേട്ടനെ വിദ്യാസമ്പന്നനാക്കി മാറ്റി എന്ന് നിസംശയം പറയാം. വായനക്ക് കുടുംബത്തിൽ നിന്നുള്ള പൂർണ പിന്തുണയുമുണ്ട്. ഭാര്യ പത്മിനിയും മക്കളായ രജീഷും രമ്യയും മരുമകൾ അശ്വതിയും ജോലിത്തിരക്കിനിടയിലും സമയം കണ്ടെത്തി വായിക്കുന്നവരാണ്.

ഗംഗാധരൻ്റെ സഹോദരൻ ദാമോദരൻ കൊടക്കൽ നല്ലൊരു വായനക്കാരനും  ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും എടത്തോട് വായനശാലയുടെ പ്രസിഡന്റുമാണ്.  സഹോദരി ശാന്ത കൊടക്കലും നന്നേ ചെറുപ്പം തൊട്ടേ വായനയെ ഏറെ ഗൗരവമായി കൊണ്ടുനടക്കുന്ന മികച്ചൊരു വായനക്കാരിയാണ്.  വായനയെ ജനകീയമാക്കുന്ന 'പുസ്തകവണ്ടി' എന്ന സംരംഭവുമായി ഇവരുടെ മകൻ ജയേഷും വായനക്കാർക്കിടയിൽ സജീവമായുണ്ട്. എല്ലാവരും വായിക്കുന്നതിനാൽ ഇതൊരു വായനാ കുടുംബം ആണെന്ന് അതിശയോക്തി ഇല്ലാതെ പറയാം. 


എടത്തോട് ഗ്രാമീണ വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൽ വർഷങ്ങളായി എക്സിക്യൂട്ടീവ് മെമ്പറായി തുടരുന്ന ഗംഗാധരൻ സീനിയർ സിറ്റിസൺ ഫോറം യൂണിറ്റ് പ്രസിഡണ്ട് കൂടിയാണ്. എടത്തോട് ഗ്രാമീണ വായനശാല ആൻ്റ്  ഗ്രന്ഥാലയം ഈയിടെ സംഘടിപ്പിച്ച സ്വാതന്ത്ര്യസ്മൃതി പരിപാടിയിൽ വച്ച് പ്രദേശത്തെ മികച്ച വായനക്കാരായ ഗംഗാധരൻ കൊടക്കലിനേയും മാത്യു തോമസിനേയും ആദരിച്ചിരുന്നു.


വായന ഡിജിറ്റൽ രൂപത്തിലേക്ക് മാറുന്ന കാലത്തിലും പുസ്തകത്തിൻ്റെ ഗന്ധവും സ്പർശവും തൊട്ടറിഞ്ഞ് വായിക്കാൻ തന്നെയാണ് ഗംഗാധരേട്ടന് ഇന്നും പ്രിയം..


✒️: ചന്ദ്രു വെള്ളരിക്കുണ്ട്






No comments