എട്ട് കോടി കാഴ്ച്ചക്കാർ ഓ...പില്ലഗാ...യിൽ ചുവടുവെച്ച് ലോകമറിയുന്ന താരങ്ങളായി രാജപുരത്തെ പിള്ളേർ
രാജപുരം: ഒരൊറ്റ റീൽസുകൊണ്ട് മലയോരത്തെ പിള്ളേര് ഇന്ന് ലോകമറിയുന്ന താരങ്ങളാണ്. രാജപുരം ‘ഹൂഫിറ്റ് ഡാൻസ് കമ്പനി’യിലെ ലിബിൻ ജേക്കബും കൂട്ടുകാരുമാണ് അവർ.
ജൂലായ് 29 നാണ് ലിബിൻ, ഗായത്രി മോഹനൻ, അനന്യ റെജി, അനുമോൾ റെജി എന്നിവരടങ്ങുന്ന സംഘം രാജപുരത്തെ നൃത്തപരിശീലന കേന്ദ്രത്തിന് സമീപത്തെ സംസ്ഥാന പാതയോരത്ത് പാട്ടിനൊത്ത് ചുവടുവെച്ച് റീൽസ് ചെയ്തത്. ഇതിനിടെ സമീപത്തെത്തിയ സ്വകാര്യ ബസ് ഹോൺ മുഴക്കിയതോടെ സംഘാംഗമായ ഗായത്രി മോഹനൻ ചിരിച്ചുകൊണ്ട് റോഡരികിലേക്ക് ചാടിമാറി.ഈ ചാട്ടമടക്കം ചിത്രീകരിച്ച റീൽസാണ് സംഘത്തിന്റെ തലവര മാറ്റിയത്.
20 ദിവസത്തിനകം എട്ടുകോടിയിലധികം പേരാണ് റീൽസ് കണ്ടത്. ‘ഓ...പില്ലഗാ...’ എന്ന് തുടങ്ങുന്ന തെലുങ്ക് ഗാനത്തിനൊപ്പമാണ് നാൽവർസംഘം റീൽസ് തയ്യാറാക്കിയത്. കൊട്ടോടിയിലെ മാർട്ടിൻ ജോണാണ് ക്യാമറാമാൻ. സംഘത്തിന്റെ പ്രകടനം കണ്ട് സാമൂഹികമാധ്യമങ്ങളിൽ കമന്റുകൾ ഒഴുകുകയായിരുന്നു. വസ്ത്രങ്ങളുടെ നിറക്കാഴ്ചയും പ്രകടനവുംകണ്ട് ‘പോപ്പിൻസ്’ എന്ന വിളിപ്പേരും സംഘത്തിന് ലഭിച്ചു.ഗായത്രി അല്പകാലം ക്ലാസിക്കൽ നൃത്തം പരിശീലിച്ചതൊഴിച്ചാൽ ബാക്കിയെല്ലാവരും സ്വന്തം കഴിവുകളിൽ വിശ്വാസമർപ്പിച്ച് നൃത്തരംഗത്തേക്ക് എത്തിയവരാണ്.
No comments