വാട്സ് ആപ് ഗ്രൂപ്പ് വഴി ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം: ചുള്ളി സ്വദേശിയെ രാജപുരം പോലീസ് അറസ്റ്റ് ചെയ്തു
രാജപുരം: ഉടൻ പണം എന്ന വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കി ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം നടത്തിയ യുവാവിനെ രാജപുരം പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചയോടുകൂടിയാണ് മാലോം ചുള്ളി സ്വദേശിയായ സജീവൻ (39)എന്ന യുവാവിനെ ചെറിയ കള്ളാറിൽ വച്ച് രാജപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 2000 രൂപയും, മൊബൈൽഫോണും, നമ്പർ എഴുതാൻ ഉപയോഗിച്ച തുണ്ട് കടലാസുകളും പോലീസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. നാളുകളായി ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം നടത്തിയിരുന്ന ഇയാൾ കുറച്ചു നാളുകളായി പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇയാൾ കള്ളാറിൽ ഉണ്ടെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ബേക്കൽ ഡി.വൈ.എസ്.പി വി.വി മനോജിന്റെ നിർദ്ദേശപ്രകാരം രാജപുരം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ പ്രദീപ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ സജീവൻ, ഷിന്റോ എന്നിവരാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ജനങ്ങളുടെ സാമ്പത്തിക ഭദ്രത തകർക്കുന്ന ഇത്തരം ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടത്തിനെതിരെ രാജപുരം പോലീസ് സ്വീകരിക്കുന്ന ശക്തമായ നടപടിയുടെ ഭാഗമായാണ് ഇയാളുടെ അറസ്റ്റ്. വരും ദിവസങ്ങളിലും ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടത്തിനെതിരെ ശക്‌തമായ നടപടികൾ സ്വീകരിക്കുമെന്ന് രാജപുരം പോലീസ് അറിയിച്ചു.
No comments