Breaking News

വെള്ളരിക്കുണ്ട് പ്ലാച്ചിക്കര വനത്തിൽ മരം കൊള്ള: കാട്ടുമരത്തോടൊപ്പം നാടൻ തോക്കും പിടികൂടി


വെള്ളരിക്കുണ്ട്: മരം മുറിച്ച കടത്തിയത് പരിശോധിക്കാനെത്തിയ വനപാലകർക്ക് കിട്ടിയത് കാട്ടുമരത്തിനൊപ്പം നാടൻ തോക്കും. പ്ലാച്ചിക്കരയിൽ വനാതിർത്തിൽ ആവുള്ളക്കോട് നിന്നാണ് ഭീമനടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ ലക്ഷ്മണന്റെ നേതൃത്വത്തിൽ മര ഉരുപ്പടികളും, നാടൻ തോക്കും, മറ്റ് ഉപകരണങ്ങളും പിടികൂടിയത്. ആവുള്ളക്കോട്ടെ ബാലകൃഷ്ണന്റെ മകൻ വിശാഖ് (30) നെ വനപാലകർ കസ്റ്റഡിയിലെടുത്തു. സെക്ഷൻ ഓഫീസർ വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ കാഞ്ഞങ്ങാട് റെയിഞ്ച് ഓഫീസർ കെ രാഹുൽ പ്രതിയെയും, മറ്റ് ഉപകരണങ്ങളും ,മര ഉരുപ്പടികളും കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. തോക്ക് കേസ് വെള്ളരിക്കുണ്ട് പൊലീസിന് കൈമാറും. വനത്തിൽ നിന്ന് മരങ്ങൾ മോഷണം പോയെന്ന വിവരത്തെ തുടർന്ന് അന്വേഷണത്തിന് എത്തിയതായിരുന്നു വനപാലകർ. മരം മുറിച്ച കുറ്റികണ്ടെത്തിയ ജീവനക്കാർ ഇത് കൊണ്ടുപോയ വഴി അന്വേഷിച്ചെത്തിയത് വിശാഖിന്റെ വീട്ടിലാണ്. ചോദ്യം ചെയ്തപ്പോൾ തന്നെ കുറ്റം സമ്മതിച്ച പ്രതിയുടെ വീടിനോട് അടുത്ത് ഉള്ള ആലയിൽ നിന്ന് മര ഉരുപ്പടികൾ കണ്ടെടുത്തു. വിശദമായ പരിശോധനയിലാണ് പണി തീരാറായ നാടൻ തോക്കും, മറ്റ് ഉപകരണങ്ങളും കണ്ടെടുത്തത്. തോക്കിന്റെ പാത്തി, ചട്ട, ഇരുമ്പ് കുഴൽ, വെടിയുണ്ട തുടങ്ങിയവ പിടിച്ചെടുത്തതിൽ ഉണ്ട്. കൂട്ടിയോചിപ്പിക്കാൻ ഒരുക്കി വെച്ചനിലയിലാണ് ഉള്ളത്. കൂടാതെ മരം മുറിക്കാൻ ഉപയോഗിക്കുന്ന മെഷിൻ വാൾ,ഇരുമ്പ് മുറിക്കാൻ ഉപയോഗിക്കുന്ന കട്ടിംങ് മെഷിൻ, ഗ്രൈന്റർ മെഷിൻ, വെൽഡിംങ് മെഷിൻ എന്നിവയും പിടിച്ചെടുത്തു. അന്വേഷണ സംഘത്തിൽ ബീറ്റ് ഓഫീസർമാരായ യദു കൃഷ്ണൻ, അജിത്ത് എന്നിവരും ഉണ്ടായിരുന്നു.

No comments