വയനാട് ദുരിതാശ്വാസത്തിലേക്ക് ഒന്നാം ക്ലാസ്സുകാരൻ സൈക്കിൾ വാങ്ങാൻ കരുതിവെച്ച സമ്പാദ്യം നൽകി മാതൃകയായി
പെരുമ്പട്ട : വയനാട് ഉരുൾ പൊട്ടലിനെ അതിജീവിച്ചവർക്ക് വേണ്ടിയുള്ള സഹായ ഹസ്തത്തിൽ പങ്കാളിയായി കയ്യൂർചീമേനി പഞ്ചായത്തിലെ അത്തൂട്ടി മഹല്ല് സുബുല്ലുസലാം മദ്റസ ഒന്നാം ക്ലാസ് വിദ്യാർത്ഥി ഇസ്മായിൽ.
കുറച്ച് ദിവസങ്ങളായി മൊബൈലിൽ നോക്കി ഉമ്മ കണ്ണീർ വാർക്കുന്നത് കണ്ടപ്പോൾ ഉമ്മയോട് കാര്യം തിരക്കി,
വയനാടിൽ ഉണ്ടായ അതിഭീകരമായ ഉരുൾ പൊട്ടലും അനുബന്ധകാര്യങ്ങളും , അവിടെ കുറേ മക്കൾ ആരുമില്ലാതെ ഉണ്ടെന്നും അവരെ സഹായിക്കാൻ എല്ലാവരും പൈസ കൊടുക്കുന്നുണ്ടെന്നും പറഞ്ഞപ്പോൾ ,അവർക്ക് പൈസ കൊടുത്താൽ എന്ത് കിട്ടും എന്നായി ചോദ്യം.
സഹായിച്ചാൽ സ്വർഗ്ഗം കിട്ടുമെന്ന് പറഞ്ഞപ്പോൾ സ്വർഗ്ഗത്തെ കുറിച്ച് വീണ്ടും ചോദ്യങ്ങൾ.
എങ്കിൽ ഞാനും സഹായിക്കും, ഉടനെ അകത്തേക്ക് പോയി , ആഘോഷ ദിനങ്ങളിലും മറ്റും ബാപ്പയും ഉമ്മയും ബന്ധുക്കളുമൊക്കെ നൽകിയിരുന്ന നോട്ടുകൾ, അതൊക്കെ കൂട്ടി ഒരു സൈക്കിൾ വാങ്ങണം എന്ന ആഗ്രഹത്തോടെ ഇട്ടുവെച്ച പണകുടുക്ക എടുത്ത് കൊണ്ടുവന്നു , ഇത് ഞാൻ നാളെ മദ്റസയിലേക്ക് കൊണ്ടുപോകും .....
പറഞ്ഞത് പോലെ തന്നെ അടുത്ത ദിവസം രാവിലെ മദ്റസയിലേക്ക് പോകുമ്പോൾ പണകുടുക്കയും കൊണ്ടുപോയി ഉസ്താദ് സൈദലവി ദാരിമിയേയും ,മജീദ് ഫൈസി ഉസ്താദിനെയും ഏല്പിച്ചു ഈ മാതൃകാപ്രവർത്തനത്തിന് സാക്ഷികളായി സഹപാഠികളും,ഉസ്താദ് സമീർ അമാനിയും ,ഹഖീം ഉസ്താദും ഉണ്ടായിരുന്നു.
അടുത്ത ദിവസം അനുജന്റെ മാതൃക പിന്തുടർന്ന് പോത്താംകണ്ടം എൽ.പി.സ്‌കൂൾ വിദ്യാർത്ഥിയായ ജേഷ്ഠൻ അബ്ദുല്ലയും സൈക്കിൾ വാങ്ങാൻ കരുതി വെച്ച പണകുടുക്ക സ്‌കൂളിലേക്ക് കൊണ്ടുപോയി തന്റെ ഗുരുനാഥനെ ഏല്പിച്ചു.
പോത്താംകണ്ടം റഷീദിന്റെയും ,എ.സി.റഷീദ പെരുമ്പട്ടയുടേയും മക്കളാണ് അബ്ദുല്ലയും ഇസ്മായിലും .
No comments