ഒമ്പതാം ക്ലാസുകാർ ജീവിതം പഠിക്കാൻ ലൈഫ് 24 ക്യാമ്പിൽ ചിറ്റാരിക്കാൽ സബ് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് പരപ്പയിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നത്
പരപ്പ : സമഗ്ര ശിക്ഷ കേരളം യുണിസെഫിന്റെ സഹകരണത്തോടെ നടത്തുന്ന ലൈഫ് 24 - ത്രിദിന ക്യാംപ് പരപ്പ ഗവ. ഹയർ സെക്കൻ്ററി സ്ക്കൂളിൽ സെപ്റ്റംബർ 27ാം തീയതി ആരംഭിച്ചു. രസക്കൂട്ട്,കൃഷിക്കൂട്ടം, ജലം ജീവിതം എന്നിങ്ങനെ മൂന്നു വിഷയങ്ങളിലായി മൂന്നു ദിവസങ്ങളിലായാണ് പരിശീലനം . ക്യാമ്പിൽ ആദ്യദിവസം പാചകത്തെപ്പറ്റിയും രണ്ടാം ദിവസം കൃഷി ഒരു ജീവിതശൈലിയാക്കുന്നതിനെപ്പറ്റിയും മൂന്നാം ദിനം പ്ലംബിംഗ് ഹൈഡ്രോ പോണിക്സ് കൃഷി രീതി തുടങ്ങിയവയെപ്പറ്റിയും കുട്ടികൾക്ക് പരിചിതമാക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനമാണ് നടക്കുന്നത്. ചിറ്റാരിക്കൽ സബ് ജില്ലയിലെ സ്കൂളുകളിൽ നിന്ന് ഒൻപതാം ക്ലാസ്സിലെ തിരഞ്ഞെടുക്കപ്പെട്ട 35 വിദ്യാർത്ഥികളാണ് ക്യാബിൽ പങ്കെടുക്കുന്നത്.
ഒന്നാം ദിനത്തിൽ യുവ കർഷകനും സിവിൽ പോലീസ് ഓഫീസറുമായ ഹരീഷ് കോളംകുളം പരിപാടി ഉദ്ഘാടനം ചെയ്തു. ബി.പി.സി സുബ്രഹ്മണ്യൻ വി വി , പ്രധാന അധ്യാപകൻ ജനാർദനൻ , നിഷ വി എന്നിവർ സംസാരിച്ചു. സി.ആർ സി സി മാരായ വിനീത് കെ.വി, സുജി ഇ.ടി, വീണ സി ആർ തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകി.
ചിറ്റാരിക്കാൽ എ.ഇ.ഒ. രത്നാകരൻ പി പി ക്യാമ്പ് സന്ദർശിച്ച് കുട്ടികളോട് സംവദിച്ചു. ആദ്യ ദിനം പാചകത്തിൽ വ്യത്യസ്തത വരുത്തി പച്ചക്കറികളും പഴങ്ങളും ഉപയോഗിച്ച് വിദ്യാർത്ഥികൾ ആകർഷണീയമായ വിവിധതരം പുട്ടുണ്ടാക്കി. പലനിറത്തിലും രുചിയിലും പുട്ട് കുട്ടികൾക്ക് വേറിട്ട അനുഭവമായി.
രണ്ടാം ദിനം ബളാൽ കൃഷിഭവനിലെ അസിസ്റ്റന്റ് കൃഷി ഓഫീസർ പ്രസാദ് ബി കെ പകർന്നു നൽകിയ അറിവുകൾ പ്രയോജനപ്പെടുത്തി കൃഷി എങ്ങനെ ജീവിതശൈലിയാക്കി മാറ്റാം എന്നതിനെപ്പറ്റി കുട്ടികൾ വളരെ താല്പര്യത്തോടെ പഠിച്ചു .പ്രോട്രേയിൽ വിത്തുകൾ നട്ടും ഗ്രോബാഗിലും സ്കൂൾ മുറ്റത്ത് തടമെടുത്തും പച്ചക്കറി തൈകൾ നട്ടും അവർ കുട്ടി കർഷകരായി.
മൂന്നാം ദിനം ജീവിതത്തോടും പാചകത്തോടും കൃഷിയോടും ജലം എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു എന്നും ചുരുങ്ങിയ അളവ് ജലം കൊണ്ട് എങ്ങനെ മെച്ചപ്പെട്ട കൃഷി ചെയ്യാം എന്നത് മികച്ച പ്ലംബിംഗ് സംവിധാനത്താൽ സാധിക്കും എന്നതും കുട്ടികൾ മനസ്സിലാക്കും . ലൈഫ് 24 ക്യാമ്പ് കുട്ടികൾക്ക് ഒരു മികച്ച അനുഭവമായി മാറും. സമാപന ദിവസം കിനാനൂർ കരിന്തളം പഞ്ചായത്ത് ടി കെ രവി കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
No comments