Breaking News

എളേരിത്തട്ട് കോളേജിന് ഭൂമി വിട്ടുനൽകിയ ആളുടെ പുരയിടത്തിലേക്ക് റോഡ് ലഭ്യമാക്കാൻ ധാരണയായി: മന്ത്രി ഡോ. ബിന്ദു


എളേരി : ഇ കെ എൻ എം എളേരിത്തട്ട് സർക്കാർ കോളേജ് നിർമ്മാണത്തിന് ഭൂമി സൗജന്യമായി നൽകിയ ശ്രീ. അപ്പുനായരുടെ പുരയിടത്തിലേക്ക് റോഡ് ലഭ്യമാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ബഹു. എംഎൽഎമാർ ശ്രീ. എം രാജഗോപാലന്റെയും ശ്രീ. ഇ ചന്ദ്രശേഖരന്റേയും സാന്നിധ്യത്തിൽ വിളിച്ചുചേർത്ത യോഗം ഇതിനായുള്ള നടപടിക്രമങ്ങൾക്ക്  ധാരണയുണ്ടാക്കിയതായും മന്ത്രി അറിയിച്ചു. 


അപ്പുനായരുടെ പുരയിടത്തിലേക്ക് നാല് മീറ്റർ വീതിയിലാണ് റോഡ് ലഭ്യമാക്കുക. കോളേജിന്റെ മതിൽ അമ്പത്തിനാല് മീറ്റർ നീളത്തിൽ പൊളിച്ച ശേഷം നാല് മീറ്റർ ഉള്ളിലേക്ക് മാറ്റി പുനർനിർമ്മിക്കാൻ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ നടപടി സ്വീകരിക്കും. റോഡ് നിർമ്മിക്കാനുള്ള അനുമതിയും കോളേജ് വിദ്യാഭ്യാസ ഡയറക്ടർ നൽകും. ഇതിനായുള്ള ഉത്തരവ് പുറപ്പെടുവിച്ചയുടൻ തന്നെ ബന്ധപ്പെട്ട പരാതികൾ പിൻവലിക്കുമെന്നും യോഗത്തിൽ ധാരണയായി - മന്ത്രി ഡോ. ബിന്ദു പറഞ്ഞു. 


കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ശ്രീ. കെ സുധീർ ഐ എ എസ്, കോളേജ് പ്രിൻസിപ്പാൾ ഡോ. മാത്യൂസ് പ്ലാമൂട്ടിൽ, അപ്പു നായരുടെ മകൻ ശ്രീ. ഭുവനേന്ദ്രൻ, ആർ ഡി ഓ സീനിയർ സൂപ്രണ്ട് ശ്രീ. വിനോദ് കുമാർ പി എസ്, ശ്രീ. സി പി ബാബു എന്നിവരും യോഗത്തിൽ പങ്കെടുത്തു.

No comments