Breaking News

പനത്തടി റാണിപുരം റോഡിൽ വീണ്ടും സാഹസിക യാത്ര ; ഉപ്പള സ്വദേശികളും കാറും കസ്റ്റഡിയിൽ


രാജപുരം: പനത്തടി റാണിപുരം റോഡിൽ  സാഹസിക യാത്ര നടത്തിയ സംഘം പോലിസ് കസ്റ്റഡിയിൽ, കാറും പിടിച്ചെടുത്തു. റാണിപുരം വിനോദ സഞ്ചാരത്തിനെത്തിയ  കെ.എ 14 എ. ഇ 7337  നമ്പർ ക്രെറ്റ കാറിന്റെ ഡോറിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ഉപ്പള സ്വദേശികളെയാണ്  കാർ ഉൾപ്പെടെ രാജപുരം പോലീസ് കസ്റ്റഡിയിലെടുത്തത്. സ്ഥിരം അപകട മേഖലയായ ഈ റോഡിൽ ഉണ്ടാകുന്ന അപകടങ്ങളിൽ നല്ലൊരു പങ്കും അശ്രദ്ധ മൂലമുള്ള ഡ്രൈവിങ്ങും, വാഹനത്തിൻ്റെ ഡിക്കിയിലും, ഡോറിലും ഇരുന്ന് യാത്ര ചെയ്യുന്നതും മൂലമാണ് സംഭവിക്കുന്നത്. കഴിഞ്ഞ മാസം കാറിന്റെ ഡോറില്‍ കയറി ഇരുന്ന് വീഡിയോ എടുത്ത് യാത്ര ചെയ്യവേ കാര്‍ അപകടത്തില്‍ പെട്ട് കര്‍ണാടക സൂറത്ത്കല്‍ എന്‍. ഐ. ടി വിദ്യാര്‍ത്ഥി മരിച്ചിരുന്നു. കൂടാതെ നിരവധി വാഹനങ്ങൾ അപകടത്തിൽപെട്ട് യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. റാണിപുരം പനത്തടി റോഡില്‍ സഹസിക യാത്രകള്‍ പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വിനോദ സഞ്ചാരികളെ ബോധവൽക്കരിക്കുന്നതിനായി റാണിപുരം വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. കൂടാതെ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പോലീസ്, മോട്ടോർ വാഹന വകുപ്പ്,ഓട്ടോ ടാക്സി തൊഴിലാളികൾ, വ്യാപാരി വ്യവസായി ഏകോപസമിതി,  പൊതുപ്രവർത്തകർ, മറ്റു സന്നദ്ധ സംഘടനകൾ എന്നിവരെ  ഉൾപ്പെടുത്തിക്കൊണ്ട് യോഗം വിളിച്ചിരുന്നു. ഇതിനിടയിലാണ് വീണ്ടും സാഹസിക യാത്ര.

ഈ വാഹനത്തിന്റെ പുറകില്‍ വന്ന വാഹനത്തില്‍ ഉള്ളവരാണ് വീഡിയോ പകര്‍ത്തി വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് രാജപുരം പോലീസ്സ് സ്റ്റേഷനിലെ എസ്, ഐ കരുണാകരൻ, എ. എസ് .ഐ മനോജ് പി വർഗീസ്,സീനിയർ സിവിൽ പോലീസ് ഓഫീസർ ഫിലിപ്പ് തോമസ്, സജിത്ത് ജോസഫ്,ഹോം ഗാർഡ് സൈമൺ എന്നിവർ ചേർന്ന് റാണിപുരത്ത് വച്ച് കാറിനേയും യാത്രക്കാരേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

No comments