കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്രക്കാരന് ദേഹാസ്വാസ്ഥ്യം ; വാഹനം ആശുപത്രിയിൽ എത്തിച്ചു അടിയന്തര ചികിത്സ ലഭ്യമാക്കി ബസ് ജീവനക്കാർ ചുള്ളിക്കരയിലാണ് സംഭവം
ചുള്ളിക്കര : ബസ് യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് യാത്രക്കാരനെ അതേ ബസ്സിൽ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കി ബസ് ജീവനക്കാർ. ഇന്ന് രാവിലെ 8.30 മണിയോടു കൂടിയാണ് പാണത്തൂർ - കാഞ്ഞങ്ങാട് റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരന് ചുള്ളിക്കരയിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ ഡ്രൈവർ ബസ് തിരിച്ച് പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് യാത്രക്കാരന് അടിയന്തിര ചികിത്സ ലഭ്യമാക്കുകയായിരുന്നു. യാത്രക്കാരനെ ആശുപത്രിയിൽ എത്തിച്ചതിന് ശേഷം ബസ് തിരിച്ച് വീണ്ടും കാഞ്ഞങ്ങാട്ടേക്ക് യാത്ര തുടരുകയും ചെയ്തു. ഡ്രൈവറായ പ്രകാശൻ, കണ്ടക്ടർ രാജേഷ് കെ എന്നിവരായിരുന്നു ബസ്സിലെ ജീവനക്കാർ.ജീവനക്കാരുടെ സമയോജിതമായ ഇടപെടലാണ് യാത്രക്കാരനെ അടിയന്തരമായി ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കാൻ സഹായകമായത്.
No comments