സർക്കാരും കമ്പനിയും തമ്മിൽ തർക്കം ; ആർസി, ലൈസൻസ് അച്ചടി വൈകും
തിരുവനന്തപുരം • ആർസി, ലൈസൻസ് അച്ചടി സംബന്ധിച്ച് ഗതാഗതവകുപ്പും അച്ചടിക്കരാർ ഏറ്റെടുത്ത ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസും (ഐടിഐ) തർക്കം രൂക്ഷമായതോടെ അച്ചടി ഇനിയും വൈകാൻ സാധ്യത . നിലവിൽ 4.5 ലക്ഷം ആർസിയും ഒരു ലക്ഷത്തിലധികം ലൈസൻസും അച്ചടിക്കാനിരിക്കെയാണ് സർക്കാരും കമ്പനിയും തമ്മിൽ തെറ്റിയത്.
കുടിശികയുള്ള 14.77 കോടി രൂപ നൽകാതെ അച്ചടി തുടങ്ങാനാകില്ലെന്ന് കമ്പനി സർക്കാരിനെ അറിയിച്ചു. എന്നാൽ കഴിഞ്ഞ തവണ കുടിശിക തുക 8 കോടി നൽകിയപ്പോൾ ജൂലൈ വരെ കെട്ടിക്കിടക്കുന്നതെല്ലാം അച്ചടിച്ച് വിതരണം ചെയ്യുമെന്നായിരുന്നു കമ്പനിയും ഗതാഗതവകുപ്പും തമ്മിലുള്ള ധാരണ. എന്നാൽ ഇപ്പോഴും ജൂലൈയിലെ പ്രിന്റിങ് തുടങ്ങിയിട്ടില്ലെന്നും ധാരണ പാലിക്കാതെ പണം നൽകില്ലെന്നുമാണ് ഗതാഗതമന്ത്രിയുടെ നിലപാട്. പ്രിന്റിങ് സാമഗ്രികൾ കിട്ടിയില്ലെന്നാണ് കമ്പനിയുടെ വിശദീകരണം.
10 ലക്ഷത്തോളം ലൈസൻസിന്റെയും 8 ലക്ഷത്തോളം ആർസിയുടെയും അപേക്ഷകളാണ് ഒരു വർഷം വകുപ്പിന് ലഭിക്കുന്നത് . അപേക്ഷകരിൽ നിന്ന് മുൻകൂർ പണം വാങ്ങുകയും ചെയ്യുന്നു. എന്നിട്ടും ഈ വിഷയം സർക്കാർ വേണ്ടത ഗൗരവത്തിലെടുക്കുന്നില്ലെന്നാണ് പരാതി.
No comments