പഠന പ്രവർത്തനത്തിന്റെ ഭാഗമായി നെൽകൃഷി സന്ദർശിച്ച് കടുമേനി എസ്എൻഡിപി എയുപി സ്കൂളിലെ വിദ്യാർഥികൾ
ഭീമനടി : പഠന പ്രവർത്തനത്തിന്റെ ഭാഗമായി നെൽകൃഷി സന്ദർശിച്ച് കുട്ടികൾ. കടുമേനി എസ്എൻഡിപി എയുപി സ്കൂളിലെ ഏഴാം ക്ലാസിലെ കുട്ടികളാണ് മൗക്കോട്ടെ പി വിജയന്റെ പാടത്ത് നെൽകൃഷി കാണാൻ എത്തിയത്. കർഷകസംഘം നേതാവുകൂടിയായ പി വിജയൻ നല്ലൊരു കർഷകനും ആണ്. ഇദ്ദേഹത്തിന്റെ മകൾ സ്കൂളിലെ അധ്യാപികയായ ടി വി ധന്യയാണ് അച്ചന്റെ കൃഷിയിടം പരിചയപ്പെടുത്താൻ കുട്ടികളുമായി പാടത്ത് എത്തിത്. വെസ്റ്റ് എളേരി കൃഷിഭവനിലെ കൃഷി ഓഫീസർ വി വി രാജീവൻ നെൽകൃഷിയെ കുറിച്ചും മറ്റ് കൃഷികളെ കുറിച്ചും കുട്ടികൾക്കു വിശദമായി ക്ലാസ്സെടുത്തു. വയൽ ഒരു ജലസംഭരണി കൂടിയാണെന്ന് അദ്ദേഹം കുട്ടികളെ ബോധിപ്പിച്ചു. കർഷകനായ വിജയൻ അദ്ദേഹത്തിന്റെ കൃഷി അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു. പ്രധാനാധ്യാപകനായ പി വി സെബാസ്റ്റ്യൻ,അധ്യാപകരായ ടി പി വിജയശ്രീ, പി എം നളിനി, കെ ടി എൻ സുമലത, ടി വി ധന്യ എന്നിവരും തങ്ങളുടെ കൃഷി അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു. പത്മശ്രീ ചെറുവയൽ രാമന്റെ പരമ്പരാഗതമായ വിത്ത് ശേഖരണത്തെ കുറിച്ച് വിദ്യാർത്ഥിനി ആഞ്ചല തെരേസ ബിജു വിശദീകരിച്ചു. മുതിര്‍ന്നവരെല്ലാം ചേര്‍ന്ന് നെല്ല് കൊയ്യുന്നത് എങ്ങനെ എന്ന് കാണിച്ചു കൊടുക്കുകയും കുട്ടികൾക്ക് കൊയ്യാനുള്ള അവസരം നൽകുകയും ചെയ്തു. കുട്ടികൾക്ക് പാഠപുസ്തകത്തിൽ നിന്നും പാടത്തിലേക്കുള്ള ഈ യാത്ര വേറിട്ട ഒരു അനുഭവമായി മാറി. കൂടാതെ മഴ മാപിനിയും കുട്ടികളെ പരിചയപ്പെടുത്തി.
No comments