Breaking News

ചരക്ക് ലോറിയിൽ നിന്ന് പിടിച്ചത് 400 കിലോ കഞ്ചാവ്, പ്രതികൾക്ക് 15വർഷം തടവും പിഴയും


തൃശൂർ: 400 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസില്‍  പ്രതികള്‍ക്ക് 15 വര്‍ഷം കഠിന തടവും 150000  രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തൃശൂര്‍ മൂന്നാം അഡി. ജില്ലാ ജഡ്ജി കെ.എം. രതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. ഒന്നും രണ്ടും മൂന്നും പ്രതികളായ മലപ്പുറം ജില്ലയിലെ ചെറുകുളത്തില്‍  സലിം, മുണ്ടത്തിക്കോട് പെരിങ്ങണ്ടൂര്‍ വില്ലേജില്‍ കരുവീട്ടില്‍  ഷാഹിന്‍, കൊടുങ്ങല്ലൂര്‍ മണപ്പാട് വീട്ടില്‍ ലുലു എന്നിവരെയാണ്  ശിക്ഷിച്ചത്.
   
2022 ജനുവരി 31 നാണ്  കേസിനാസ്പദമായ സംഭവം നടന്നത് . മണ്ണുത്തിയിൽ നിന്ന് കൊടകരയിലേക്കു വരുന്ന  ചരക്ക് ലോറിയില്‍ കഞ്ചാവുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നു നടത്തിയ പരിശോധനയിൽ പ്രതികളെ പിടികൂടുകയായിരുന്നു ഇവരിൽ നിന്നും  400 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. കൊടകര എസ്. എച്ച്.ഒ. യുടെ നേതൃത്വത്തിലായിരുന്നു പൊലീസ് സംഘം വാഹനം പരിശോധിച്ചത്. 

തുടര്‍ന്നു കൊടകര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ജില്ലാ കോടതിയില്‍ വിചാരണ നടന്നുവരികയായിരുന്നു. ഇപ്പോള്‍ വിജിലന്‍സിന്‍ പ്രവര്‍ത്തിക്കുന്ന കൊടകര എസ് എച്ച് ഒ  ആയിരുന്ന ജയേഷ് ബാലന്റെ  നേതൃത്വത്തിലാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 28 സാക്ഷികളെ വിസ്തരിച്ചു. 62 ഓളം രേഖകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. കേസിന്റെ ആവശ്യത്തിലേക്കായി ആന്ധ്രാപ്രദേശില്‍ നിന്ന്  സാക്ഷികളെ കൊണ്ടു വന്ന വിസ്തരിക്കുകയുണ്ടായി. കേസില്‍ പ്രോസീക്യൂഷനു വേണ്ടി പബ്ലിക് പ്രോസീക്യൂട്ടര്‍ കെ.എൻ സിനിമോള്‍ ഹാജരായി.

No comments