Breaking News

നവോദയ ഗ്രന്ഥാലയം ബാലവേദി നേതൃത്വത്തിൽ തൃക്കരിപ്പൂർ ഇടയിലെക്കാട് കാവിലെ വാനരകൂട്ടത്തിന് ഓണസദ്യ നൽകി


തൃക്കരിപ്പൂർ: ചിങ്ങവെയിലിൻ്റെ പ്രഭയിൽ കാവിനോരം ചേർന്ന് വാനരപ്പടയ്ക്ക് വിഭവസമൃദ്ധമായ സദ്യ. ഇടയിലെക്കാട് കാവിലെ മുപ്പതോളം വരുന്ന വാനരന്മാർക്ക് ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയം ബാലവേദിയാണ് സവിശേഷമായ സദ്യ ഒരുക്കിയത്.

          ഓണാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഓണസദ്യയുണ്ണാൻ റോഡരികിലൊരുക്കിയ ഡസ്ക്കുകളിൽ കുരങ്ങുപട നേരത്തെ തന്നെ നിലയുറപ്പിച്ചിരുന്നു. സദ്യവട്ടങ്ങളുമായെത്താറുള്ള കുട്ടിപ്പടയെ കാണാതെ മുഷിഞ്ഞപ്പോൾ അവർ കാണികളായെത്തിയ കുട്ടികളുൾപ്പെടെയുള്ള

വൻ ജനാവലിയെ നോക്കി കൊഞ്ഞനം കുത്തി. അവിടെ കെട്ടിത്തൂക്കിയ പൂക്കൾ കൊണ്ടുള്ള അലങ്കാരങ്ങൾ വലിച്ചെറിഞ്ഞും ചിലർ പോക്കിരിത്തരം കാട്ടി. വാനരർക്ക് ഇരുപത് വർഷക്കാലം മുറതെറ്റാതെ ചോറൂട്ടിയ അമ്മൂമ്മയായ ചാലിൽ മാണിക്കമ്മയ്ക്ക് അസുഖമായതിനാൽ ഇത്തവണ "പപ്പീ..... " എന്ന് നീട്ടി വിളിച്ച് വാനരനായകനെ വരുത്താൻ അവർ ഉണ്ടായില്ല. എങ്കിലും മാണിക്കമ്മ തന്നെ അവരുടെ വീട്ടിൽ നിന്ന് ഉപ്പു ചേർക്കാത്ത ചോറ് കുട്ടികൾക്ക് കൈമാറി. അവരുടെ വീട്ടിൽ വെച്ചു തന്നെയായിരുന്നു ഗ്രന്ഥശാല പ്രവർത്തകർ പഴവും പച്ചക്കറികളും മുറിച്ച് സദ്യയൊരുക്കം നടത്തിയത്.തുടർന്ന് കുട്ടികൾ വിഭവങ്ങളുമേന്തി, ഓണപ്പാട്ടുകൾ പാടി കാവരികിലെത്തി.പപ്പായ, കക്കിരി, വെള്ളരി, സപ്പോട്ട, പേരയ്ക്ക, പാഷൻ ഫ്രൂട്ട്, സീതാപ്പഴം, മാങ്ങ, ക്യാരറ്റ്, തണ്ണിമത്തൻ, ബീറ്റ്റൂട്ട്, തക്കാളി, കൈതച്ചക്ക, ഉറുമാൻ പഴം, നേന്ത്രപ്പഴം,നെല്ലിക്ക എന്നിവയും ഉപ്പു ചേർക്കാത്ത ചോറുമായിരുന്നു പതിനേഴ് വിഭവങ്ങളായി വാഴയിലയിൽ നിരത്തിയത്. ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് സ്റ്റീൽ ഗ്ലാസിൽ തന്നെ വെള്ളവും നൽകി. ഇടയിലെക്കാട് കാവിനടുത്ത റോഡരികിൽ ഡസ്ക്കുകളും കസേരകളും നിരത്തിയായിരുന്നു ഇരിപ്പിടത്തിനും സദ്യ വിളമ്പാനും സൗകര്യമൊരുക്കിയത്. സിനിമാ ഷൂട്ടിംഗിൻ്റെ തിരക്കിനിടയിലും നടൻ പി പി കുഞ്ഞികൃഷ്ണനും സദ്യ കാണാനെത്തി, കുട്ടികൾക്കൊപ്പം കുരങ്ങൻമാർക്ക് വിഭവങ്ങൾ വിളമ്പി. വയറു നിറഞ്ഞവർ ഏമ്പക്കമിട്ടും കാട്ടുമരച്ചില്ലകളിൽ കിടന്നുമറിഞ്ഞാടിയും ആഹ്ലാദം പുറത്തുകാട്ടി. കുരങ്ങുകളുടെ പ്രത്യുൽപ്പാദനശേഷിയെ ബാധിക്കാത്ത വിധം പഴങ്ങളും പച്ചക്കറികളും അവയ്ക്ക് ഭക്ഷണമായി നൽകുക എന്ന ബോധവൽക്കരണത്തിലൂന്നിയും ഓണം സഹജീവികൾക്കു കൂടിയുള്ളതാണ് എന്നതിൻ്റെ ഓർമപ്പെടുത്തലുമായി മാറി കൗതുകം നിറഞ്ഞ സദ്യ.

     ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പി വേണുഗോപാലൻ ,ഗ്രന്ഥാലയം സെക്രട്ടറി വി കെ കരുണാകരൻ, പ്രസിഡൻ്റ് കെ സത്യവ്രതൻ, ബാലവേദി കൺവീനർ എം ബാബു, വി റീജിത്ത്,വി ഹരീഷ്, എം ഉമേശൻ, പി വി സുരേശൻ, സി ജലജ, സ്വാതി സുജീഷ് എന്നിവർ നേതൃത്വം നൽകി.

No comments