Breaking News

ജില്ലയിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന


രാജപുരം: ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന. 2023 ൽ 854838 വിനോദ സഞ്ചാരികൾ ജില്ലയിലെത്തിയതായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ പുറത്തുവിട്ട കണക്കുകളിൽ സൂചിപ്പിക്കുന്നു. 30 ശതമാനം വർധനവുണ്ടായെന്നാണ് അധികൃതർ പറയുന്നത്. അതേ സമയം ജില്ലയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവൊന്നും ഉണ്ടായിട്ടില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം 2291  വിദേശ സഞ്ചാരികളാണ് ജില്ലയിലെത്തിയത്. വിനോദ സഞ്ചാരികളുടെ ജില്ലയിലെ പ്രധാന കേന്ദ്രം ബേക്കൽ കോട്ടയാണ്. ലോക വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം നേടിയതു തന്നെയാണ് ഇതിനു കാരണം. സഞ്ചാരികളുടെ എണ്ണത്തിൽ റാണിപുരത്തും വലിയ വർധനവാണുള്ളത്. ശക്തമായ മഴ മാറി വെയിൽ വന്നതോടെ റാണിപുരത്തെ ഹരിതഭംഗി ആസ്വദിക്കാൻ ദിവസവും നൂറുകണക്കിന് ആളുകളാണെത്തുന്നത്. ഇവിടുത്തെ കോടമഞ്ഞിന്റെ സൗന്ദര്യം ആസ്വദിക്കാൻ വിദേശികളും ധാരാളമത്തുന്നുണ്ട്. ആനന്ദാശ്രമവും ജില്ലയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമാണ്. കൊവിഡിനു ശേഷം വിനോദ സഞ്ചാര മേഖലയിൽ വലിയ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.എന്നാൽ പഴക്കം ചെന്നതും ഏറെ ആകർഷകവുമായ ഹൊസ്ദുർഗ്, ചന്ദ്രഗിരി കോട്ടകളിൽ വിനോദ സഞ്ചാരികൾ എത്തുന്നില്ലെന്നതും ഈ രംഗത്തെ ന്യൂനതയായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഇവിടെ കാടുകയറി നാശത്തിന്റെ വക്കിലാണ്. കാഞ്ഞങ്ങാട് നഗരത്തിൽ   ടൂറിസം വകുപ്പ് ആരംഭിച്ച ടൗൺ സ്ക്വയറും ആരും ശ്രദ്ധിക്കാതെ അനാഥമായി കിടക്കുകയാണ്. ടൂറിസം രംഗത്ത് വൻ കുതിച്ചുചാട്ടം പ്രതീക്ഷിച്ച ഇവിടെ ആരും എത്തുന്നില്ലെന്നതും എടുത്തു കാട്ടേണ്ട സംഭവമാണ്.

No comments