നീലേശ്വരത്ത് നിന്നും കോടികളുമായി മുങ്ങിയ പ്രതി അമ്പലത്തറ ഗുരുപുരത്ത് അറസ്റ്റിൽ, യുവതിയും പിടിയിൽ
കാഞ്ഞങ്ങാട് : കോടികളുടെ തട്ടിപ്പ് നടത്തി ജില്ലയിൽ നിന്നും ഉത്തരേന്ത്യയിലേക്ക് മുങ്ങി ഒളിവിൽ കഴിഞ്ഞ നൂറോളം വാറൻറുകളുള്ള പ്രതി അറസ്റ്റിൽ. പെരുമ്പളമേലത്ത് കുഞ്ഞിച്ചന്തുനായർ 60 ആണ് പിടിയിലായത്. ഗുരുപുരത്തെത്തിയ പ്രതിയെ അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോട്ടയം ആസ്ഥാനമായുള്ള സിക് സെക്ട് ഫൈനാൻസിൽ നിക്ഷേപിച്ചവൻ തുക ഇടപാടുകാർക്ക് നൽകാതെ സ്ഥാപനം പൂട്ടി മുങ്ങുകയായിരുന്നു. നീലേശ്വരം ബസ് സ്റ്റാൻറിൽ ഓഫീസ് പ്രവർത്തിപ്പിച്ചായിരുന്നു നിക്ഷേപമായി പണം സ്വീകരിച്ചത്. ഒരു ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ പലരും നിക്ഷേപമായി നൽകി. 18 ശതമാനം വരെ ഉയർന്ന പലിശ ഉൾപെടെ വാഗ്ദാനം നൽകിയായിരുന്നു നിക്ഷേപകരെ ആകർഷിച്ചത്. 2018ൽ ഒരു നിക്ഷേപകൻറെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്ത് കുഞ്ഞിച്ചന്തുനായരെ അറസ്റ്റ് ചെയ്തു. കൂടുതൽ പരാതിയെത്തിയതോടെ നീലേശ്വരത്തെ സ്ഥാപനം പൂട്ടി മുങ്ങി. നീലേശ്വരത്തിന് പുറമെ ജില്ലക്ക് കത്തും പുറത്തുമായി നൂറോളം കേസുകളുണ്ട്. അമ്പലത്തറ പൊലീസിൽ മാത്രം 60 ഓളം കേസുകളുണ്ട്. ഹോസ്ദുർഗ് പൊലീസിൽ 12 കേസുകളും. എല്ലാ കേസുകളിലും ഹോസ്ദുർഗ് കോടതി വാറൻറ് പുറപ്പെടുവിച്ചിരുന്നു. ഉത്തർപ്രദേശിന്റെ ഒരു പുരോഹിതൻറെ അനുയായി കഴിയുകയായിരുന്നു ഇത്രയും നാൾ പ്രതിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. പ്രതിയുടെ സ്വത്ത് കണ്ടെത്താനും പിടികിട്ടാപുള്ളിയാക്കാനും നടപടി സ്വീകരിക്കാൻ നീക്കം നടക്കുന്നതിനിടെയാണ് നാടകീയമായി പ്രതിതിരിച്ചെത്തിയത്. കോട്ടയത്തെ വ്യന്ദരാജേഷ് ഒന്നാം പ്രതിയും കുഞ്ഞിച്ചന്തുനായർ രണ്ടാം പ്രതിയുമാണ്. തളിപ്പറമ്പിലെ സുരേഷ് ബാബു കേസിൽ പ്രതിയാണ്. ഈ സ്ഥാപനത്തിൻറെ നിക്ഷേപ ഏജൻറായ ടി റോഡ് സ്വദേശിനിയായ യുവതിയെ ആറ് കേസുകളിൽ വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്ന് ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. കുഞ്ഞിച്ചന്തുനായരെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി.
No comments