മലയോരത്തെ പ്രധാന ദുർഗ്ഗ ക്ഷേത്രങ്ങളിൽ ഒന്നായ വെള്ളരിക്കുണ്ട് കക്കയം ശ്രീ ചാമുണ്ഡേശ്വരി (ദുർഗ്ഗ ) ക്ഷേത്രത്തിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഭഗവതി സേവാ പൂജ ആരംഭിച്ചു
മലയോരത്തെ പ്രധാന ദുർഗ്ഗ ക്ഷേത്രങ്ങളിൽ ഒന്നായ വെള്ളരിക്കുണ്ട് കക്കയം ശ്രീ ചാമുണ്ഡേശ്വരി (ദുർഗ്ഗ ) ക്ഷേത്രത്തിൽ രാവിലെ ത്രികാല പൂജയോട് കൂടിയുള്ള ഭഗവതി സേവ നടന്നു . രാവിലെ 10 മണിക്ക് ആരംഭിച്ച ഭഗവതി സേവയിൽ നിരവധി ഭക്തജനങ്ങൾ പങ്കാളികളായി. ക്ഷേത്രം മേൽശാന്തി ശ്രീ ഗണേഷ് ഭട്ട് ഭഗവതി സേവക്ക് തുടക്കം കുറിച്ചു.
ഐശ്വര്യ ലബ്ധിക്കായി നടത്തുന്ന ദേവീ പ്രീതികരമായ സ്വാത്വിക പൂജയാണ് ഭഗവതിസേവ. ദുർഗ്ഗാദേവിയെയാണ് സാധാരണയായി
പൂജിക്കുന്നത്. അരിപ്പൊടി, മഞ്ഞൾപ്പൊടി, തുടങ്ങിയ നിറമുള്ള പൊടികൾ കൊണ്ട് കളം വരയ്ക്കുകയും, അതിലേക്ക് ഏറ്റവും വൃത്തിയാക്കിയ നിലവിളക്ക് വയ്ക്കുകയും ചെയ്തശേഷം, ഈ നിലവിളക്കിലേക്ക് സങ്കൽപ്പശക്തികൊണ്ട് ദേവിയെ ആവാഹിച്ചാണ് പൂജ ആരംഭിക്കുന്നത്. ഭഗവതിസേവ ലളിതമായും, വിപുലമായും നടത്താറുണ്ട്.വിപുലമായി നടത്തുന്നതിനെ ത്രികാലപൂജ (രാവിലെയും, ഉച്ചയ്ക്കും, വൈകിട്ടും) എന്ന് പറയുന്നു. ദുരിതമോചനത്തിനായാണ് ത്രികാല പൂജയായി ഭഗവതിസേവ നടത്താറുള്ളത്.
കക്കയം ദേവി ക്ഷേത്രത്തിൽ നടക്കുന്നത് ത്രികാല പൂജയോട് കൂടിയുള്ള ഭഗവതി സേവയാണ്. നിറമാലയോടുകൂടി വൈകുന്നേരം ഭഗവതിസേവ സമാപിക്കും
ചടങ്ങിന് മുന്നോടിയായി എല്ലാ വെള്ളിയാഴ്ചകളിലും ക്ഷേത്രത്തിൽ നടത്തി വരാറുള്ള പ്രസാദഊട്ട് ഫണ്ട് സമർപ്പണം നടന്നു.ക്ഷേത്രം മേൽശാന്തി ഗണേഷ് ഭട്ട് ആദ്യ സംഭാവന രഞ്ജിത്ത് കുമാർ, ശശിധരൻ, സുനിൽ കുമാർ എന്നിവരിൽ നിന്നും ഏറ്റുവാങ്ങി. തുടർന്ന്
എസ് ബി ഐ ബാങ്കിന്റെ സഹകരണത്തോടെ ക്ഷേത്രത്തിൽ എത്തുന്ന പൊതുജനങ്ങൾക്കും മറ്റു ആവശ്യങ്ങൾക്കുമായി ബാങ്കിംഗ് ക്യു ആർ കോഡ് സൗകര്യം ഏർപെടുത്തി. എസ് ബി ഐ മാനേജർ ആസാദ് കുമാർ സർവീസ് മാനേജർ കൃഷ്ണകുമാർ എന്നിവർ സന്നിഹിതരായി.
ചടങ്ങിന് ക്ഷേത്രം പ്രസിഡന്റ് ഷാജി പി വി, സെക്രട്ടറി ബാബുരാജ്, ട്രഷറർ പി വി ഭാസ്കരൻ, നന്ദകുമാർ വെള്ളരിക്കുണ്ട്, ഉണ്ണികൃഷ്ണൻ കെ വി, മധുസൂതനൻ, എ കെ മുരളി,ഉണ്ണികൃഷ്ണൻ പന്നിത്തടം മാതൃവേദി പ്രസിഡന്റ് രമണി ഭാസ്കരൻ, തങ്കമണി രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
No comments