Breaking News

'പരപ്പയിൽ അനുവദിക്കപ്പെട്ട ബസ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണ പ്രവർത്തി ഉടൻ ആരംഭിക്കുക': സിപിഐഎം പരപ്പ ലോക്കൽ സമ്മേളനം സമാപിച്ചു


പരപ്പ : കിനാനൂർ കരിന്തളം പഞ്ചായത്തിൽ വർഷങ്ങൾക്കു മുമ്പേ പരപ്പയിൽ അനുവദിക്കപ്പെട്ട ബസ്റ്റാൻഡ് - കം -ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കുന്നതിന്, നാട്ടുകാർ സൗജന്യമായി നൽകിയ സ്ഥലത്ത് അടിയന്തരമായി നിർമ്മാണ പ്രവർത്തി ആരംഭിക്കണമെന്ന് സിപിഐഎം പരപ്പ ലോക്കൽ സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു.കിനാനൂർ - കരിന്തളം ഗ്രാമപഞ്ചായത്ത് പരപ്പ ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി ചുറ്റുമതിൽ നിർമ്മിച്ച് സംരക്ഷിക്കണമെന്നും, കിടത്തി ചികിത്സിക്കാൻ ആവശ്യമായ സൗകര്യം ഏർപ്പെടുത്തണമെന്നും,പരപ്പ കെ എസ് ഇ ബി ബ്രേക്ക് ഡൗൺ സെൻറർ അപ്ഗ്രേഡ് ചെയ്തു സെക്ഷൻ ഓഫീസ് ആയി ഉയർത്തണമെന്നും,നൂറുകണക്കിന് കുടുംബങ്ങൾക്ക് ഭീഷണി ഉയർത്തുന്ന വടക്കാംകുന്ന് കോറയുടെ പ്രവർത്തനം നിർത്തിവെപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

           എം. രാധാമണി നഗറിൽ സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയേറ്റംഗം എം. രാജഗോപാലൻ എം.എൽ.എ. സമ്മേളനം ഉദ്ഘാടനം ചെയ്തു.

വി. ബാലകൃഷ്ണൻ പതാക ഉയർത്തി. വി. ബാലകൃഷ്ണൻ അധ്യക്ഷനായി.

ഗിരീഷ് കാരാട്ട് രക്തസാക്ഷി പ്രമേയവും , സി.രതീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. വി. ബാലകൃഷ്ണൻ, എ. ആർ. വിജയകുമാർ, രമണി രവി, എം.ബി.രാഘവൻ -  പ്രസീഡിയം,എ.ആർ.രാജു, ടി . പി .തങ്കച്ചൻ, വിനോദ് പന്നിത്തടം- സ്റ്റിയറിംഗ്, സി. രതീഷ്, സി.വി.മന്മഥൻ, അമൽ തങ്കച്ചൻ, സ്വർണ്ണലത - പ്രമേയം, ഗിരീഷ് കാരാട്ട്, കെ.വി. തങ്കമണി,അഗജ.എ.ആർ , കെ.കെ.തമ്പാൻ - മിനുറ്റ്സ് എന്നിവരടങ്ങിയ സബ്ബ് - കമ്മിറ്റികൾ സമ്മേളന നടപടികൾ നിയന്ത്രിച്ചു. ലോക്കൽ സെക്രട്ടറി എ.ആർ. രാജു പ്രവർത്തന റിപ്പോർട്ടും, വരവ് -ചെലവ് കണക്കും അവതരിപ്പിച്ചു.

ജില്ലാ കമ്മറ്റിയംഗങ്ങളായ എം.വി. കൃഷ്ണൻ, എം. ലക്ഷ്മി,ഏരിയാ സെക്രട്ടറി എം.രാജൻ, ഏരിയാ കമ്മറ്റി അംഗങ്ങളായ പാറക്കോൽ രാജൻ, പി.വി.ചന്ദ്രൻ, കയനി മോഹനൻ, എം.വി.രതീഷ്, ടി.പി.ശാന്ത, ഷൈജമ്മ ബെന്നി എന്നിവർ പ്രസംഗിച്ചു. എ.ആർ. രാജു സെക്രട്ടറിയായി 13 അംഗ ലോക്കൽ കമ്മറ്റിയെ ഐകകണ്ഠേന തെരഞ്ഞെടുത്തു. ടി.പി.തങ്കച്ചൻ സ്വാഗതവും, എ.ആർ.വിജയകുമാർ നന്ദിയും പറഞ്ഞു.

          സമ്മേളനത്തിൻ്റെ ഭാഗമായി പരപ്പ ടൗണിൽ, ബാൻ്റ് സെറ്റിൻ്റെ അകമ്പടിയോടെ ചുവപ്പ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ പ്രകടനവും, പൊതുസമ്മേളനവും നടന്നു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. രാജഗോപാലൻ എം.ൽ.എ ഉദ്ഘാടനം ചെയ്തു. ലോക്കൽ പരിധിയിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഒമ്പത് പേരെ സമ്മേളനത്തിൽ അനുമോദിച്ചു. എ.വി.രഞ്ജിത്ത് പ്രഭാഷണം നടത്തി. ജില്ലാ കമ്മറ്റിയംഗം എം. ലക്ഷ്മി, പാറക്കോൽ രാജൻ, പി.വി.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ലോക്കൽ സെക്രട്ടറി എ.ആർ. രാജു അധ്യക്ഷനായി. ടി.പി. തങ്കച്ചൻ സ്വാഗതം പറഞ്ഞു.

No comments