ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നും ലക്ഷങ്ങൾ തട്ടി ; അധ്യാപികയായ സച്ചിത റൈക്കെതിരെ വീണ്ടും പോലീസ് കേസ്
ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത മുൻ എസ്എഫ്ഐ നേതാവും അധ്യാപികയുമായ പെരളയിലെ സച്ചിത റൈക്കെതിരെ വീണ്ടും പോലീസ് കേസ്. പെരുമ്പള വയലാർകുഴി കിഴക്കേ വീട്ടിൽ ധനിഷ്മയിൽ നിന്നും ജോലി വാഗ്ദാനം ചെയ്ത് 701500 രൂപ തട്ടിയെടുത്തതിനാണ് മേൽപ്പറമ്പ് പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ജനുവരി 21 മുതൽ ഓഗസ്റ്റ് പത്തു വരെയുള്ള ദിവസങ്ങളിലാണ് പണം തട്ടിയെടുത്തതെന്ന് ധനിഷ്മ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.സച്ചിത റൈക്കെതിരെ നിരവധി കേസുകളാണുള്ളത്. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ അസിസ്റ്റൻറ് മാനേജർ ജോലി നൽകാമെന്ന് പറഞ്ഞ് 15 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കുമ്പള കിഴൂർ സ്വദേശി നിഷ്മിത ഷെട്ടിയാണ് ആദ്യം പരാതി നൽകിയത്. ഇതോടെയാണ് വൻ തട്ടിപ്പ് പുറത്തുവരുന്നത്. മുൻകൂർ ജാമ്യാപേക്ഷയുമായി സച്ചിത കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയെ കഴിഞ്ഞ ദിവസം സമീപിച്ചെങ്കിലും ജാമ്യാപേക്ഷ തള്ളിയിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതികളുമായി എത്തുമെന്നാണ് പൊലീസിന്റെ നിഗമനം.
ബാഡൂർ സ്വദേശിയായ ബി.എസ്. മലേഷിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്തതാണ് മറ്റൊരു പരാതി. കർണാടക എക്സൈസിൽ ജോലി വാങ്ങിത്തരാം എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. മഞ്ചേശ്വരം, ബദിയടുക്ക പൊലീസ് സ്റ്റേഷനുകളിലാണ് പുതിയ പരാതികൾ. കടമ്പാർ മൂഡംബയലിൽ താമസിക്കുന്ന മോക്ഷിത് ഷെട്ടിയും ഒരു ലക്ഷം രൂപ പറ്റിച്ചുവെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകി. കർണാടക എക്സൈസിൽ ക്ലർക്കിന്റെ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞാണ് പണം തട്ടിയതെന്നും പരാതിയിൽ പറയുന്നു.
ദേലംപാടി സ്വദേശി കുമാരി സുചിത്രയിൽ നിന്ന് 7,31,500 രൂപ തട്ടിയെടുത്തുവെന്ന കേസിലും പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. കാസർകോട്ടെ കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞായിരുന്നു ഈ തട്ടിപ്പ്. ജനുവരി എട്ടിനും ജൂൺ 14നും ഇടയിലുള്ള കാലയളവിലായാണ് ഇത്രയും കാശ് നൽകിയതെന്നും പരാതിയിൽ പറയുന്നു.
No comments