Breaking News

മാവേലി എക്സ്പ്രസില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായി; കണ്ണൂര്‍ സ്വദേശിയെ ആശുപത്രിയില്‍ നിന്നും അറസ്റ്റ് ചെയ്തു


കണ്ണൂർ: തിരുവനന്തപുരം- മംഗളൂരു മാവേലി എക്സ്പ്രസില്‍ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. കണ്ണൂർ മൊകേരി മുതിയങ്ങ കുടുവൻപറമ്പത്ത് ധർമരാജൻ (53) ആണ് പിടിയിലായത്.

വെള്ളിയാഴ്ച പുലർച്ചെയാണ് മാവേലി എക്സ്പ്രസിന്റെ (16604) ജനറല്‍ കോച്ചില്‍വച്ച്‌ ഇയാള്‍ കോട്ടയം സ്വദേശിനിയായ നഴ്സിംഗ് വിദ്യാർത്ഥിനിക്ക് നേരേ അതിക്രമം നടത്തിയത്. തിരുവനന്തപുരത്തുനിന്ന് വ്യാഴാഴ്ച പുറപ്പെട്ട മാവേലി എക്സ്പ്രസിലാണ് സംഭവമുണ്ടായത്. തുടർന്ന് യുവതിയുമായി തർക്കമുണ്ടാകുകയും ഇയാള്‍ ട്രെയിനില്‍ നിന്നും പുറത്തേക്ക് ചാടുകയുമായിരുന്നു. കാലൊടിഞ്ഞ് ചികിത്സ തേടിയ ഇയാളെ ആശുപത്രിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

തലശ്ശേരിക്കും കണ്ണൂരിനും ഇടയില്‍ വെച്ചാണ് ധർമ്മരാജൻ പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. ചോദ്യംചെയ്ത പെണ്‍കുട്ടിയെ അയാള്‍ അസഭ്യം പറഞ്ഞു. തർക്കം മുറുകിയപ്പോള്‍ എടക്കാടിന് സമീപം ധർമരാജൻ ചങ്ങല വലിച്ച്‌ ചാടി രക്ഷപ്പെടുകയായിരുന്നു. യുവതി ചോദ്യംചെയ്തപ്പോഴുണ്ടായ തർക്കത്തിനിടെ ധർമരാജൻ അപായച്ചങ്ങല വലിച്ചതിന് പിന്നാലെ ട്രെയിനില്‍ നിന്നും ചാടുകയായിരുന്നു. ഇതിനിടെ ഇരുകാലുകള്‍ക്കും പരിക്കേറ്റു.

തുടർന്ന്‌ അവിടെനിന്ന്‌ കാറില്‍ കതിരൂരിലെത്തിയ ഇയാള്‍ പിന്നീട്‌ വടകരയിലൊരു ആശുപത്രിയില്‍ ചികിത്സതേടി. അവിടെ നിന്നും കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലെത്തി. ഇവിടെവച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. തർക്കത്തിനിടെ യുവതിയെടുത്ത ഫോട്ടോയാണ് പ്രതിയെ പിടിക്കാൻ സഹായിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

പെണ്‍കുട്ടിയുടെ പരാതിയില്‍ കണ്ണൂർ ആർ.പി.എഫ്. ഇൻസ്പെക്ടർ ജെ.വർഗീസ്, റെയില്‍വേ പോലീസ് എസ്.ഐ. പി.വിജേഷ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ്‌ പ്രതി പിടിയിലായത്‌. റെയില്‍വേ പോലീസ് എസ്.ഐ.മാരായ രാജൻ കോട്ടമലയില്‍, ജയേഷ്, സീനിയർ സിവില്‍ പോലീസ് ഓഫീസർമാരായ എസ്.സംഗീത്, രാജേഷ് കാനായി, ഹരിദാസൻ, സിവില്‍ പോലീസ് ഓഫീസർ ബിബിൻ മാത്യു, ആർ.പി.എഫ്. ഉദ്യോഗസ്ഥരായ അജീഷ്, ഷൈജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു

No comments