മംഗലം കളി സ്‌കൂൾ കലോത്സവത്തിലേക്ക് ഉൾപ്പെടുത്തിയതിൽ സന്തോഷം ; ഫോക് ലോറിന്റെ ഗുരുപൂജ പുരസ്‌കാര ജേതാവ് ഉമ്പിച്ചിയമ്മ
പരപ്പ: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ യുവജനങ്ങളുടെ ഉത്സവമായ കേരള സ്കൂൾ കലോത്സവത്തിൽ മംഗലംകളി ഉൾപ്പെടുത്തിയതിൽ വളരേ സന്തോഷമുണ്ടെന്ന് ആദ്യം തന്നെ അറിയിക്കട്ടെ. 2023 ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കാസറഗോഡ് ജില്ലയിലെ ഒരു മംഗലം കളി ടീം മംഗലംകളി പ്രദർശന ഇനമായി കളിച്ചു. ഇതു കണ്ട് മറ്റ് ജില്ലയിലെ കലാഹൃദയങ്ങൾ ഈയൊരു കലാരൂപത്തെ നെഞ്ചോട് ചേർത്തു ,അതിനാൽ 2023 ലെ കലോത്സവ വാർത്തകളിൽ മംഗലം കളി നിറഞ്ഞിരുന്നു. ഈ വർഷം മുതൽ സ്കൂൾ കലോത്സവത്തിൽ ഗോത്രകലകളായ പണിയരുടെ- വട്ടക്കളി ' ഇരുളരുടെ ആട്ടവും പാട്ടും, പള്ളിയരുടെ പളിയനൃത്തം, മലപുലയരുടെ ആട്ടം, മാവിലൻ - മലവേട്ടുവരുടെ മംഗലം കളി എന്നീ ഗോത്രകലകൾ ഉൾപ്പെടുത്തിയതിൽ വളരേ സന്തോഷവും, ഗവൺമെൻ്റിന് അഭിവാദ്യവും അർപ്പിക്കുകയാണ്.
വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കലോത്സവ മാന്വലിൽ മാവിലന്മാരുടേയും, മലവേട്ടുവസമുദായക്കാരുടേയും മംഗലം കളി 15 മിനിട്ടു ദൈർഘ്യമാണ് ഉള്ളത്.മാവിലൻ മംഗലം കളിയും, മലവേട്ടുവൻ മംഗലം കളിയും, രണ്ടും രണ്ട് കളിയാണ്. തങ്ങളുടെ കളിയോടൊപ്പം ഒരു ഏച്ച് കെട്ടൽ ആകുമെന്നു ഇരു സമുദായവും നിരന്തരം ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. കൂടാതെ ഈ ഗോത്രകല വിധി നിർണ്ണയം ചെയ്യാൻ രണ്ട് സമുദായത്തിലേയും ഓരോ വിധികർത്താക്കൾ ആവശ്യമായിരിക്കുകയാണ്. ഗോത്രകലയുടെ അരങ്ങേറ്റമായതിനാൽ ഈ വർഷമെങ്കിലും രണ്ട് സമുദായത്തിലെ ഓരോ അംഗത്തിനേയും വിധി നിർണ്ണയം നടത്താൻ ഇരുത്തണമെന്നാണ് എൻ്റെ ഒരു അഭ്യർത്ഥന.അല്ലെങ്കിൽ വിധികർത്താക്കൾ രണ്ട് കലാരൂപവും പഠിച്ചവരും ആകേണ്ടതുണ്ട്. അങ്ങനെയുള്ള വിധി കർത്താക്കൾ നിലവിൽ ഇല്ല എന്നു തന്നെ പറയാം. ഏതെങ്കിലും ഒരു സമുദായത്തിൻ്റെ മംഗലംകളി തന്നെ കൃത്യമായി അറിയുന്ന വിധികർത്താക്കൾ തന്നെ ഇല്ലാത്ത അവസ്ഥയിലാണിപ്പോൾ. അതിന് കാരണം മംഗലംകളി ജഡ്ജ് ചെയ്യാൻ പറ്റുന്നവർ മിക്കവാറും പേർ പരിശീലകരായി പല ജില്ലകളിൽ പോയിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോഴത്തെ അവസ്ഥ ഈ രണ്ട് മംഗലം കളിയും പഠിച്ച് വിധികർത്താവിൻ്റെ വേഷം ധരിക്കേണ്ടതായിട്ടുണ്ട് വിധികർത്താക്കൾ. ആയതിനാൽ
ഈ വർഷം മാവിലൻ മംഗലം കളി കളിച്ച് പരിചയമുള്ള ഒരാളും, മലവേട്ടുവൻ മംഗലംകളി അറിയുന്ന ഒരാളും വേണം ജഡ്ജ്മെൻ്റിന് ഇരിക്കേണ്ടത്. അല്ലാതെ മംഗലം കളിയെ കുറിച്ച് വായിച്ചറിഞ്ഞവർ ഈ കലയുടെ വിധികർത്താവായി ഇരിത്തരുത് എന്നൊരു അഭ്യർത്ഥനയുമുണ്ട്.
വരൻ്റെ ആൾക്കാരെ തുടിക്കൊട്ടി സ്വീകരിച്ച് പന്തലിൽ ഇരുത്തലാണ് മാവിലന്മാരുടെ കല്യാണത്തിൻ്റെ ആദ്യ ചടങ്ങ്, തുടർന്ന് പന്തൽ പാട്ടോടെ മംഗലം കളിക്ക് തുടക്കം കുറിക്കുന്നു. തുടി കൊട്ടി പാടൽ തന്നെയാണ് മംഗലം കളിയുടെ പ്രത്യേകത. പന്തൽ പാട്ട്, മച്ചുനിയൻ പാട്ട്, അളിയൻ പാട്ട്, ഇരിപ്പാട്ട്, മേലാരി രാമൻപാട്ട്' , കോഴിപ്പാട്ട്, അടിച്ച് തെളിപ്പാട്ട് എന്നിങ്ങനെ വൈകിട്ട് തുടങ്ങിയ തുടിപ്പാട്ട് രാവിലെ വരേ നീളുന്നു.ഈ തുടി പാട്ടുകൾക്ക് ചില പാട്ടുകൾക്ക് മാത്രമേ സ്ത്രീകൾ ചുവടുവെക്കാറുള്ളു. ഈ പാട്ടുകൾക്കിടയിലാണ് ഇപ്പോൾ സ്റ്റേജുകളിൽ കാണുന്ന മംഗലംകളി നടക്കാറ്. വൈകീട്ട് തുടങ്ങി രാവിലെ വരേ നീളുന്ന തുടിപാട്ടിന് തന്നെയാണ് മംഗലം കളിയിൽ പ്രാധാന്യം കളിക്ക് ആയിരുന്നില്ല. എന്നാൽ ഇപ്പോൾ ഇറങ്ങിയ മംഗലം കളി നിയമാവലിയിൽ കൊട്ടിനും പാട്ടിനും ഒരു പ്രാധാന്യവും കാണുന്നില്ല. വേണമെങ്കിൽ കൊട്ടിപ്പാടാം എന്നതാണ്. കൊട്ടിപ്പാടുന്നതിന് പ്രാധാന്യം കൊടുക്കാതെ റിക്കോർഡ് ഇട്ട് കളിക്കാമെന്ന കാര്യം മംഗലംകളിയിൽ ഒരിക്കലും പാടില്ലാത്തതാണ്. ഈ രീതിയിൽ പോയാൽ ഇനിയുള്ള കാലം തൊട്ട് തെയ്യങ്ങളുടെ ചെണ്ടക്കൊട്ട് തോറ്റങ്ങളടക്കം റിക്കോർഡ് വെച്ച് തെയ്യക്കാരുടെ എണ്ണം കുറക്കാനും സാധ്യതയുണ്ട്.
മുതിർന്നവരുടെ മംഗലംകളി മത്സരത്തിൽ പോലും 16പേർ ഉണ്ടാകാറുണ്ട്. പ്രദർശന മത്സരത്തിൽ 16 പേർ ഉണ്ടായിരുന്നു. കോഴിക്കോട് കിർത്താഡ്സിൽ വെച്ച് മംഗലം കളിയുടെ നിയമാവലി തയ്യാറാക്കിയതിൽ 16 പേരേയാണ് ഉൾപ്പെടുത്തിയത്. തുടി ആദ്യമായി മുട്ടുന്ന വിദ്യാർത്ഥികൾക്ക് പാട്ടു കൂടി പാടേണ്ട അവസ്ഥയാണിപ്പോൾ, അങ്ങനെ വന്നാൽ പിന്നണി പൂർണ്ണമായി പരാജയപ്പെടും. പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ മാന്വലിൽ 12 പേർക്ക് കളിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. 8 പേർ കളിക്കാനും 4 പേർ പിന്നണിയിലും. ഇങ്ങനെ അംഗസംഖ്യ കുറച്ചാൽ സംസ്ഥാനത്തെ കലോത്സവ മത്സര മംഗലം കളി അരങ്ങേറ്റ വേദിയിൽ തന്നെ തുടിയുടെ വക്കിൽ കൊട്ടി പാടുന്നവരേയും ഏറ്റുപാടുന്നവരേയും, ഇത് കേട്ട് അന്തംവിട്ട് കളിക്കുന്ന 8 കളിക്കാരേയും കാണാം. ഇത്തരം കോമാളിത്തരം കണ്ട് ആദ്യ സ്റ്റേജിൽ തന്നെ ഇതാണോ മംഗലംകളി .....? എന്ന് പറഞ്ഞ് ആദ്യത്തെ ഒരു മത്സരം കണ്ടു പോകുന്ന കാണികളെയാണ് മംഗലം കളി സദസ്സിൽ ഇനിയുള്ള കലോത്സവ നാളുകളിൽ കാണാൻ പോകുന്നത്. റിഹേഴ്സൽസമയത്ത് തുടിയുടെ അഭാവം മൂലം റിക്കോർഡ് ഇട്ട് കളിച്ചവർ ആയിരിക്കും മിക്ക ടീമും. ചെറിയ കുട്ടികൾ ആയതിനാൽ കൊട്ടുന്ന ആൾക്ക് പാടാൻ ബുദ്ധിമുട്ടാണ്.ആയതിനാൽ തുടി കൊട്ടാൻ 3 പേർ, പാടാൻ 3 പേർ, കളിക്കാൻ 10 പേർ ആകെ 16 പേർ വേണമെന്നാണ് മംഗലം കളിയുടെ മുതിർന്ന കലാകാരി എന്ന നിലയിൽ എനിക്ക് പറയാന്നുള്ളത്. മേൽ പറഞ്ഞ പരാതികൾ ചൂണ്ടിക്കാട്ടി സമുദായ സംഘടനകൾ, കാസറഗോഡ് നാട്ടുകലാകാരക്കൂട്ടം, സബ്ബ് ജില്ലാ കലോത്സവത്തിൽ മാന്വൽ അറിയാതെ മംഗലം കളി അവതരിപ്പിച്ച ടീമിലെ16 പേർ അടങ്ങുന്ന കലാകാരന്മാർ , ഈ കലയെ സ്നേഹിക്കുന്നവരും വെവേറെ അപേക്ഷകൾ ഗവൺമെൻ്റിലേക്ക് സമർപ്പിച്ചിട്ടുണ്ടെന്നാണ് അറിയാൻ സാധിച്ചത്. അംഗസംഖ്യ 16 ആക്കാനും, റിക്കോർഡ് ഒഴിവാക്കി തുടി കൊട്ടി പാടാനും സംസ്ഥാന കലോത്സവത്തിന് മുമ്പ് പുതിയ ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കലാകാരന്മാർ.
എളുള്ളേരി എന്ന ഗാനം പ്രേഷകർ പ്രസീത ചാലക്കുടിയിലൂടെ ഏറ്റെടുത്തിട്ടുണ്ട്. പക്ഷേ മംഗലംകളിയിൽ പാടുന്ന യഥാർത്ഥ ട്യൂൺ കേട്ട് , ഈ പാട്ട് ഇങ്ങനെ അല്ല പാടേണ്ടത് എന്ന് പറയുന്നവരും ധാരാളം '
മാവിലൻ മംഗലം കളിയിൽ തുളു പാട്ടിനാണ് പ്രാധാന്യം. സ്റ്റേജിൽ ആചാരാനുഷ്ഠാനങ്ങൾ പാടില്ലെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ മംഗലംകളി മത്സരത്തിനുള്ള വേദിയിൽ നടുവിലായി ഭ്രമണകോല് സ്ഥാപിക്കാറുണ്ട്. അതിൽ ഒരു മൺവിളക്കും. കളിക്കാർ റൗണ്ട് പാലിച്ച് കളി നല്ല രീതിയിൽ കളിക്കാനാണിത്.
മംഗലം കളി കളിക്കുന്ന പെൺകുട്ടികൾക്ക് തനത് വേഷത്തിൽ മുട്ടുവരേ നീളുന്ന മുണ്ട്, ബ്ലൗസിന് മുകളിൽ തുണികൊണ്ട് കുറുകെ കുണ്ടാച്ചം, തനത് ആഭരണം. പുരുഷന്മാർക്ക് തലയിൽ തൊപ്പി പാള, കൈതണ്ട, തൊടങ്ക്, അരയിൽ പാക്ക് സഞ്ചി.
പെൺകുട്ടികളും കോപ്പാള ധരിക്കാറുണ്ട്.
ആൺകുട്ടിക്ക് കൊട്ട പാളയാണ് വേണ്ടത്. അത് ഈയിടെ റംഷീ പട്ടുവം ഇറക്കിയ കൊട്ട പാളയല്ല വേണ്ടത്, അത്തരം പാളകൾ ഇട്ടാൽ പെട്ടെന്ന് താഴെ പോകാൻ സാധ്യതയുണ്ട്. കയ്യൂർ പാളയുമല്ല. ഇങ്ങനെ മംഗലം കളി മത്സരം സ്കൂൾ മത്സരത്തിനെത്തുമ്പോൾ പരിശീലകരും വിധികർത്താക്കളും കൃത്യമായി മനസ്സിലാക്കി ഗോത്രകലയായ മംഗലം കളിയെ ജനഹൃദയങ്ങളിലേക്ക് എത്തിക്കുവാനും, ഞാൻ ഏറെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന മംഗലം കളിയെ നിങ്ങളും ഇരു കൈകളോടെ സ്വീകരിക്കുമെന്നു വിശ്വാസിക്കുന്നു. '
ബാനം ഉമ്പിച്ചിയമ്മ
(കേരള ഫോക് ലോർ അക്കാദമി ഗുരുപൂജ അവാർഡ് ജേത്രി)
No comments