Breaking News

ഭീമനടി സ്വദേശിയുടെ ഫാമിൽ ഇനി ഇളനീർ വൈനുണ്ടാക്കാം എക്സൈസ് വകുപ്പിന്റെ അനുമതി ലഭിച്ചു


വെള്ളരിക്കുണ്ട് : കേരകേസരിയുടെ കൃഷി ഫാമിൽ ഇനി വൈനും നിർമിക്കാം. വെസ്റ്റ് എളേരി ഭീമനടിയിലെ പാലമറ്റത്തിൽ സെബാസ്റ്റ്യൻ പി അഗസ്റ്റിൻ എന്ന റിട്ട. ഡെപ്യൂട്ടി തഹസിൽദാർക്ക്‌ ഇളനീരും പഴങ്ങളും ഉപയോഗിച്ച് വീര്യം കുറഞ്ഞ വൈൻ നിർമിക്കാൻ എക്സൈസ് വകുപ്പിന്റെ ലൈസൻസ് ലഭിച്ചു. ഇത്തരത്തിൽ വൈൻ നിർമിക്കാൻ ഒരു കർഷകന്‌ സംസ്ഥാനത്ത്‌ ആദ്യമായി ലഭിക്കുന്ന ലൈസൻസാണിത്‌. ഇളനീരും പഴങ്ങളും ഉപയോഗിച്ച് സ്വന്തം തോട്ടത്തിൽ സ്ഥാപിക്കുന്ന ചെറുകിട വൈനറിയിൽനിന്ന് ഹോർട്ടി വൈൻ ഉത്പാദിപ്പിച്ച് ബോട്ടിൽ ചെയ്യാനാണ് അനുമതി.
സംസ്ഥാന സർക്കാരിന്റെ കേരകേസരി പുരസ്‌കാരം നേടിയിട്ടുണ്ട്‌ നാട്ടുകാർ ബേബി സാർ എന്ന് വിളിക്കുന്ന സെബാസ്റ്റ്യൻ പി അഗസ്റ്റിൻ. കൃഷിയിടത്തിൽ സുലഭമായ ഇളനീർ, ഡ്രാഗൺ ഫ്രൂട്ട്, മാമ്പഴം, വാഴപ്പഴം, ചക്ക, പപ്പായ തുടങ്ങിയവ ഉപയോഗിച്ചാണ് സ്റ്റാർട്ടപ്പ് സംരംഭമായി ‘റിവർ ഐലൻഡ് വൈനറി' യിൽ നിന്ന് ഇളനീർ വൈനും ഫ്രൂട്ട് വൈനും ഉത്പാദിപ്പിക്കുക. 250 ലിറ്റർ വരുന്ന ബാച്ച് ഇളനീർ വൈൻ ഉത്പാദിപ്പിക്കാൻ 1000 കരിക്കും 250 കിലോ പഴങ്ങളും വേണം. ഫ്രൂട്ട് വൈൻ നിർമിക്കാൻ 1000 ലിറ്റർ വെള്ളവും 250 കിലോ പഴങ്ങളും വേണം. വ്യാവസായിക അടിസ്ഥാനത്തിൽ ആരംഭിക്കുമ്പോൾ ആവശ്യമായ ഇളനീർ, പഴങ്ങൾ എന്നിവ കർഷകർ, കുടുംബശ്രീ യൂണിറ്റുകൾ എന്നിവിടങ്ങളിൽ നിന്ന്‌ ശേഖരിക്കും. ബോട്ടിലിങ് യൂണിറ്റ്, ഫെർമന്റേഷൻ ടാങ്ക്, കോൾഡ് സ്റ്റോറേജ് എന്നിവ തുടങ്ങാൻ വൻ തുക കണ്ടെത്തണം.
ഉത്പാദിപ്പിക്കുന്ന വൈൻ നിലവിൽ ബിവറേജിന്റെ ഔട്ട്‌ലെറ്റ്‌ വഴി മാത്രമേ വിൽപന നടത്താവൂ. വൈൻ നിർമിക്കാനുള്ള പേറ്റന്റും സെബാസ്റ്റ്യൻ നേടിയിട്ടുണ്ട്. ഇളനീർ വൈൻ നിർമിക്കാനുള്ള പേറ്റന്റ് നേടിയത് ചൈനയുമായി നിയമ പോരാട്ടം നടത്തിയാണ്. നിലവിൽ ചൈനയ്ക്ക് തേങ്ങാ വെള്ളത്തിൽ നിന്ന് വൈൻ ഉണ്ടാകുന്നതിന് പേറ്റന്റ് ഉള്ളത്‌ തടസമായി. എന്നാൽ താൻ കരിക്കിൽ നിന്നാണ് വൈൻ നിർമിക്കുന്നത് എന്ന വാദം അംഗീകരിച്ചാണ് പേറ്റന്റ് നേടിയത്.
വൈൻ നിർമാണം സംബന്ധിച്ച് ഡൽഹിയിൽ നടന്ന ഹോർട്ടി കൾച്ചർ കോൺഗ്രസിൽ അവതരിപ്പിച്ച 43 പ്രബന്ധങ്ങളിൽ ഒരു കർഷകൻ അവതരിപ്പിച്ച ഏക പ്രബന്ധം സെബാസ്റ്റ്യൻ പി അഗസ്റ്റിന്റേതായിരുന്നു.


No comments