കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയാക്കി ; മലയോര ഹൈവേയിലെ കാറ്റാംകവല വനപാത ഇന്നുമുതൽ യാത്രക്കാർക്കു തുറന്നുകൊടുക്കും
വെള്ളരിക്കുണ്ട് : കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയാക്കിയ മലയോര ഹൈവേയിലെ കാറ്റാംകവല വനപാത ഇന്നുമുതൽ യാത്രക്കാർക്കു തുറന്നുകൊടുക്കും. 3.80 മീറ്റർ വീതിയിലാണ് കോൺക്രീറ്റ് ചെയ്ത് റോഡ് ഗതാഗതയോഗ്യമാക്കിയിട്ടുള്ളത്. നിർമാണത്തിന്റെ ഭാഗമായി കഴിഞ്ഞ 2 ആഴ്ചയിലേറെയായി ഈ റോഡ് അടച്ചിട്ടിരിക്കുകയായിരുന്നു. കോൺക്രീറ്റ് ചെയ്ത റോഡിന്റെ ഇരുവശങ്ങളിലും മണ്ണിട്ട് ലെവൽ ചെയ്ത് ഇന്നലെ രാത്രിയോടെയാണ് പ്രവൃത്തി പൂർത്തിയാക്കിയത്. മലയോര ഹൈവേ ജനകീയ സമിതി പ്രവർത്തകരും ഇവിടെ നിർമാണത്തിനു മേൽനോട്ടം വഹിച്ചിരുന്നു.മലയോര ഹൈവേയിലെ ചുള്ളി-മരുതോം വനപാതയിലും കോൺക്രീറ്റ് പ്രവൃത്തി നടക്കുന്നുണ്ട്.
ഇവിടെയും റോഡ് അടച്ചിട്ടിരിക്കുകയാണ്. അതേസമയം നിർമാണം 90 ശതമാനം പൂർത്തിയാക്കിയ മലയോര ഹൈവേയുടെ ചെറുപുഴ കോളിച്ചാൽ റീച്ചിലെ കാറ്റാംകവല, മരുതോം വനമേഖലകളിലെ 3.100 കിലോമീറ്റർ റോഡ് ഹൈവേ നിലവാരത്തിൽ വികസിപ്പിക്കാനുള്ള നീക്കങ്ങൾ ഇപ്പോഴും ഇഴയുകയാണ്.
No comments