കാസർകോട് : പരിമിതികളെ കാറ്റിൽ പറത്തിയാണ് അംഗടിമൊഗർ ജിഎച്ച്‌എസ്‌എസിലെ ഒമ്പതാം ക്ലാസുകാരൻ നിയാസ് അഹമ്മദ് സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ഏറ്റവും വേഗതയുള്ള താരമായത്. സബ് ജൂനിയർ 100 മീറ്റർ ഓട്ട മത്സരത്തിലാണ് സ്വർണം നേടിയത്. എൽപി ക്ലാസിൽ പഠിക്കുമ്പോഴാണ് നിയാസിന് കാഴ്‌ച കുറയുന്നത്. കാഴ്‌ചക്കുറവ് ചികിത്സിച്ച് മാറ്റാൻ കഴിയുന്നതായിരുന്നില്ല. പിന്നീട് മുഴുവൻ സമയവും നിയാസിന് കൂട്ടായി കണ്ണട വേണ്ടി വന്നു. ആദ്യമായി ഏഴാം ക്ലാസിൽ മത്സരത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ ചുറ്റുമുള്ളവർക്ക് ആശങ്കയായതും കണ്ണടയായിരുന്നു. എന്നാൽ എല്ലാവരെയും ഞെട്ടിച്ച് മത്സരത്തിൽ വിജയിച്ചു. അതോടെ നിയാസിന്റെ ആഗ്രഹങ്ങൾ നിസാരമല്ലായെന്ന് വീട്ടുകാർക്കും കൂട്ടുകാർക്കും അധ്യാപകർക്കും മനസിലായി. പിന്നീട് ആശങ്കകളെല്ലാം കളഞ്ഞ് എല്ലാവരും നിയാസിനെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങി. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ വീണ്ടും സ്കൂളിൽ ഒന്നാം സ്ഥാനം നേടി. എന്നാൽ പനി കാരണം ആ വർഷം ഉപജില്ലാ മത്സരം നഷ്ടമായി. ഒരുപാട് ആഗ്രഹിച്ചിട്ടും പങ്കെടുക്കാൻ കഴിയാത്തതിലുള്ള സങ്കടം ഉണ്ടായിരുന്നെങ്കിലും അതിനെ വാശിയാക്കി മാറ്റിയാണ് ഇത്തവണത്തെ മത്സരങ്ങളിൽ പങ്കെടുത്തത്. നിയാസ് ഉപജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന് അധ്യാപകർക്കും തീർച്ചയായിരുന്നു. ആയിടെയാണ് സ്കൂളിലെ സ്പോർട്‌സ് മുറി കുത്തി തുറന്ന് മോഷണം നടന്നത്. വിലപിടിപ്പുള്ള പലതും നഷ്ടപ്പെട്ടു. നിയാസ് ഉൾപ്പെടെയുള്ള കായിക താരങ്ങൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്. എന്നാലും കുട്ടികൾ ആത്മവിശ്വാസം കൈവിട്ടില്ല. എല്ലാവരും പ്രതീക്ഷിച്ചതുപോലെതന്നെ നിയാസ് ഉപജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ഒന്നാം സ്ഥാനം നേടുകയും ചെയ്തു. ജില്ലാ മത്സരത്തിൽ ഒപ്പം മത്സരിച്ചവരെ പിന്നിലാക്കി ആദ്യമായി സംസ്ഥാന തലത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
സ്കൂളിൽ പരിശീലനത്തിന് സൗകര്യമില്ലാത്തതിനാൽ കാഞ്ഞങ്ങാട്ടുള്ള സിന്തറ്റിക് ട്രാക്കിൽ അവധി ദിവസങ്ങളിലാണ് പരിശീലിച്ചിരുന്നത്. സംസ്ഥാനത്തെ മിന്നൽ വേഗക്കാരനെ സ്വീകരിക്കാൻ കാത്തിരിക്കുകയാണ് സ്കൂളും നാട്ടുകാരും. സ്കൂളിലെ കായികാധ്യാപകൻ ശുഭരാജാണ് നിയാസിന്റെ പരിശീലകൻ. അംഗടിമൊഗറിൽ ചെരുപ്പുകട നടത്തുന്ന അബ്ദുൾ ഹമീദിന്റെയും നസീമയുടെയും മകനാണ്
No comments